
വിവരണം
മഹാരാഷ്ട്രയിലെ പാൽഘറിൽ ഗുരുവിന്റെ സംസ്ക്കാര ചടങ്ങുകൾക്ക് പോവുകയായിരുന്ന രണ്ടു സന്യാസിമാരെയും ഡ്രൈവറെയും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ടം മർദ്ധിച്ചു കൊന്ന വാർത്തയും വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാകും. ഏപ്രിൽ 16 നാണ് സംഭവം നടന്നത്. ഏതാണ്ട് 100 പേർ അക്രമം നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.
ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹിക മാധ്യങ്ങളിൽ ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പോലീസ് ചില ആളുകളെ ഓടിച്ചിട്ട് പിടിച്ച് ലാത്തി കൊണ്ട് അടിക്കുന്നതും ചിതറിയോടിയവരെ പിന്നാലെ ഓടിചെന്ന് പിടികൂടി അടിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാനുള്ളത്.
സന്യാസിമാരെ കൊന്നവരെയാണ് പോലീസ് പിടികൂടുന്നത് എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം. വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: മഹാരാഷ്ട്രയിൽ സന്യാസികളെ തല്ലിക്കൊന്ന ക്രിമിനലുകളെ മഹാരാഷ്ട്ര പോലീസ് ഓടിച്ചിട്ടുപിടിച്ച്, അടിച്ചു പുറം പൊളിച്ച് അറസ്റ്റ്ചെയ്തു കൊണ്ടു പോകുന്നു…..”
എന്നാൽ ഈ വീഡിയോയ്ക്ക് പാൽഘറിൽ സന്യാസിമാരെ കൊന്ന സംഭവവുമായി യാതൊരു ബന്ധവുമില്ല. യാഥാർഥ്യം എന്താണെന്ന് നമുക്ക് അറിയാം.
വസ്തുതാ വിശകലനം
ഞങൾ വീഡിയോ വിവിധ കീ ഫ്രയിമുകളായി വിഭജിച്ച ശേഷം അവയിൽ പ്രധാനപ്പെട്ട ചിലത് ഉപയോഗിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോൾ വീഡിയോ ദൃശ്യങ്ങളുടെ യഥാർത്ഥ വസ്തുത വ്യക്തമായി. ഈ വീഡിയോ ഏപ്രിൽ ഏഴു മുതൽ സാമൂഹിക മാധ്യമങ്ങളിലും വാർത്ത മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
ടൈംസ് നൌ പ്രസിദ്ധീകരിച്ച ഒരു വീഡിയോ വാര്‍ത്ത ചുവടെ കൊടുക്കുന്നു
ഉത്തർപ്രദേശിലെ ബറേലിയിൽ ലോക്ക്ഡൗൺ ലംഘിച്ച ഒരു സംഘം പോലീസിനെ ആക്രമിച്ചു
കരമ്പൂർ ചൗധരി ഗ്രാമത്തിൽ നിരവധി പേർ റോഡിൽ അക്രമം നടത്തിയതിനെ തുടര്‍ന്ന് അഡീഷണല്‍ എസ്പി അഭിഷേക് വർമ്മയ്ക്ക് പരിക്കേറ്റു
ബറേലി (ഉത്തർ പ്രദേശ്): പ്രദേശത്ത് ലോക്ക്ഡൗൺ നടപ്പാക്കാൻ ശ്രമിക്കുന്ന പോലീസ് സംഘത്തെ തിങ്കളാഴ്ച നിരവധി പേർ ആക്രമിച്ചു. ബറേലി ജില്ലയിലെ കാരാംപൂർ ചൗധരി ഗ്രാമത്തിലാണ് സംഭവം. നിരവധി പേർ റോഡിൽ ഇറങ്ങുകളും അവരിൽ ചിലർ ചീട്ടു കളിക്കുകയും ചെയ്തു.
പോലീസിന് വിവരം ലഭിച്ചയുടനെ അവർ ഗ്രാമത്തിൽ പോയി ആളുകളെ വീടുകളിലേക്ക് തിരിച്ചയക്കാൻ ശ്രമിച്ചു. ചിലർ പോലീസ് സംഘത്തെ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു.
കൂടുതൽ സേനയെ വിളിച്ച് പോലീസിന് ആക്രമികളെ നേരിടേണ്ടി വന്നു. പുറത്തിറങ്ങിയവര്‍ പിന്നീട് വീടുകളിലേക്ക് മടങ്ങി. സ്ഥിതി ഇപ്പോൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. നാല്‍പ്പതോളം പേരെ കസ്റ്റഡിയിലെടുത്തു.
ഈ വിവരണം ചില വാർത്താ മാധ്യമങ്ങൾ നൽകിയിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ പോലെയുള്ള മാധ്യമങ്ങളിൽ ഈ വീഡിയോ ഏപ്രിൽ ഏഴു മുതൽ ഷെയർ ചെയ്യുന്നുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി. പാൽഘറിൽ സന്യാസിമാർ കൊല്ലപ്പെട്ടത് ഏപ്രിൽ 16 നായിരുന്നു.
ഏപ്രിൽ 16 ന് കൊല്ലപ്പെട്ട സന്യാസിമാരുടെ ഘാതകരെ അതിനു മുമ്പ് ഏപ്രിൽ ആറാം തിയതി പിടിക്കാൻ ഏതായാലും കഴിയില്ല. പോസ്റ്റിൽ നൽകിയിരിക്കുന്ന വാദം തെറ്റാണെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.
ലോകം ഇപ്പോൾ ഇതുവരെ അഭീമുഖീകരിച്ചിട്ടില്ലാത്ത, ചിന്തകൾക്ക് പോലും അതീതമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സാമൂഹിക അകലം, ലോക്ക് ഡൗൺ, വീട്ടിൽ തന്നെ 24 മണിക്കൂറും കഴിയുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നതിനിടെ പ്രകടമാക്കുന്ന അമ്പരപ്പും അസഹിഷ്ണുതയും പല സ്ഥലത്തും നിയമം നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് തലവേദനയാകുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് ഈ വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ഏപ്രിൽ ആറിന് ലോക്ക് ഡൗൺ സമയത്ത് ഉത്തർ പ്രദേശിലെ ബറേലിയിൽ പൊലീസുകാരെ ആക്രമിച്ച ഒരു സംഘം ആളുകളെ പോലീസ് തല്ലുന്നതിന്റെ ദൃശ്യങ്ങളാണ് തെറ്റായ വിവരണവുമായി പ്രചരിപ്പിക്കുന്നത്. പാൽഘറിൽ സന്യാസിമാർ കൊല്ലപ്പെട്ടത് ഏപ്രിൽ 16 നായിരുന്നു. അതുകൊണ്ടുതന്നെ ഈ വീഡിയോ ദൃശ്യങ്ങൾ സന്യാസിമാരുടെ ഘാതകരെ പിടികൂടുന്നതിന്റെതല്ല.

Title:വീഡിയോ ദൃശ്യങ്ങൾ പാൽഘറിലെ സന്യാസിമാരുടെ ഘാതകരെ പിടികൂടുന്നതിന്റെതല്ല…
Fact Check By: Vasuki SResult: False
