
വടക്കേ ഇന്ത്യയില്‍ സാമുദായികമായ വേർതിരിവുകൾ ഇപ്പോഴും നിലനിൽക്കുന്നു എന്ന് വാദിച്ച് അവിടെ നിന്നും ചില ചിത്രങ്ങളും വാർത്തകളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അത്തരത്തിൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്.
പ്രചരണം
വീഡിയോ ദൃശ്യങ്ങളിൽ ഒരു മെലിഞ്ഞ പെൺകുട്ടിയെ രണ്ട് മൂന്ന് യുവാക്കൾ കൈകൊണ്ടും വടി ഉപയോഗിച്ചും അതി ക്രൂരമായി മർദ്ദിക്കുന്നതും വലിച്ചിഴയ്ക്കുന്നതും കാണാം. പെൺകുട്ടി വേദനിച്ച് നിലവിളിക്കുന്ന ശബ്ദവും വീഡിയോയില്‍ കേൾക്കാം.
ഒരു നദീതീരത്താണ് സംഭവം നടക്കുന്നത് എന്നാണ് ദൃശ്യങ്ങളില്‍ നിന്നും അനുമാനിക്കുന്നത്. പോസ്റ്റിനൊപ്പം വീഡിയോയെ കുറിച്ച് നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: കാവി കോണകം
കാലിന്റെ ഇടയിൽ
കെട്ടി നടക്കുന്ന ദളിത്
പൊലയാടി മക്കൾക്കായി
സമർപ്പിക്കുന്നു……….
ഈ നദിയിൽ കുളിച്ച് അശുദ്ധമാക്കിയതിന് ദളിത് യുവതിയെ ബ്ളൗസ് ഊരി ക്രൂരമായി മർദ്ദിക്കുന്ന ഇന്ത്യൻ താലിബാനിസം ,,ഇത് കണ്ടിട്ട് നിശ്ശബ്ത പാലിക്കുന്ന കേരളത്തിലെ പതിനെട്ടാം വാഴ ദലിത് സ്നേഹി കൊടിക്കുന്നിൽ സുരേഷിന് സമർപ്പണം,,,”
ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. തെറ്റായ പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നതെന്ന് കണ്ടെത്തുകയും ചെയ്തു.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോയിൽ നിന്നും ചില കീ ഫ്രെയിമുകൾ വേർതിരിച്ചെടുത്ത ശേഷം അവയിലൊന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോൾ ലഭിച്ച വാർത്ത ഇങ്ങനെ: ജൂൺ 22 നാണ് ഈ സംഭവം നടന്നത് എന്നാണ് വാർത്തകൾ അറിയിക്കുന്നത്. മര്‍ദ്ദനമേറ്റ ഒരു പെൺകുട്ടിയുടെ അമ്മയും സഹോദരനും സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു. മധ്യപ്രദേശിലെ ധാർ ജില്ലയിലെ പീപല്‍വ ഗ്രാമത്തിലാണ് സംഭവം നടന്നത്.
പെൺകുട്ടികൾ അവരുടെ ബന്ധുവായ യുവാവുമായി ഫോണിൽ ചാറ്റ് ചെയ്തതിനാണ് ഈ ക്രൂരമർദ്ദനം ഏറ്റത്. വീഡിയോ വൈറൽ ആയതിനെ തുടർന്ന് പോലീസ് നടപടി എടുക്കുകയുണ്ടായി. ഥാര്‍ എസ് ബി ആദിത്യ പ്രതാപ് സിംഗ് ഇതിനെക്കുറിച്ച് മാധ്യമപ്രവർത്തകരോട് വിശദീകരിച്ചിരുന്നു. പത്തൊമ്പത്- ഇരുപത് വയസ്സുള്ള രണ്ടു പെൺകുട്ടികൾക്കാണ് ബന്ധുക്കളുടെ കയ്യിൽനിന്നും മർദ്ദനമേറ്റത്.

ഇക്കാര്യം സ്ഥിരീകരിച്ച് താണ്ട പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് വിജയ് വാസ്കലെ പറയുന്ന വിശദീകരണം ഫ്രീ പ്രസ് ജേര്‍ണല്‍ അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിജയ് വാസ്കലയുടെ വിശദീകരണ പ്രകാരം പെൺകുട്ടികൾ ആദ്യം സ്വന്തം ബന്ധുക്കൾക്കെതിരെ പരാതി നൽകാൻ തയ്യാറായിരുന്നില്ല. പിന്നീട് പോലീസ് സ്റ്റേഷനിൽ അവരുടെ മൊഴി നൽകുകയായിരുന്നു. ഏഴ് പേര് കേസിൽ പിടികൂടിയിട്ടുണ്ട്.
ബന്ധുവുമായി ഫോണിൽ ചാറ്റ് ചെയ്തതിന്‍റെ പേരിലാണ് പെൺകുട്ടികളെ അവരുടെ സ്വന്തം ബന്ധുക്കൾ മർദ്ദിച്ചത്. അല്ലാതെ നദിയിൽ കുളിച്ച് അശുദ്ധമാക്കിയതിനല്ല. ഏതാണ്ട് എല്ലാ മാധ്യമങ്ങളിലും വാര്‍ത്ത വന്നിരുന്നു. ഫോണില്‍ ചാറ്റ് ചെയ്തതിന്‍റെ പേരില്‍ ബന്ധുക്കള്‍ പെണ്‍കുട്ടികളെ മര്‍ദ്ദിച്ചതാണ് എന്നാണ് എല്ലാവരും വാര്‍ത്ത നല്‍കിയിട്ടുള്ളത്.
ഇക്കാര്യം സ്ഥിരീകരിക്കാനായി ഞങ്ങളുടെ പ്രതിനിധി ഥാര്‍ പോലീസ് സൂപ്രണ്ടിനെ വിളിച്ചിരുന്നു. തിരക്കിലായതിനാല്‍ അദ്ദേഹത്തെ ലഭ്യമായില്ല. അദ്ദേഹത്തിന്‍റെ വിശദീകരണം ലഭിച്ചാലുടന്‍ ലേഖനത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. പെൺകുട്ടികളെ അവരുടെ ബന്ധുക്കൾ തന്നെയാണ് പെൺകുട്ടികൾ അവരുടെ ബന്ധുവുമായി ഫോണിൽ ചാറ്റ് ചെയ്തതിനെ ചൊല്ലി അതിക്രൂരമായി ഉപദ്രവിച്ചത്. നദിയില്‍ കുളിച്ച് അശുദ്ധമാക്കിയതിന് ദളിത് യുവതിയെ മര്‍ദ്ദിച്ചു എന്ന് തെറ്റായി പ്രചരണം നടത്തുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:നദിയിൽ കുളിച്ച് അശുദ്ധമാക്കിയതിന് ദളിത് യുവതിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളല്ല ഇത്… സത്യമറിയൂ…
Fact Check By: Vasuki SResult: False
