എംസി റോഡില്‍ ഒരു സംഘം സ്ത്രീകള്‍ വാഹനം അക്രമിക്കുന്ന വീഡിയോയാണോ ഇത്? എന്താണ് വസ്‌തുത എന്ന് അറിയാം..

സാമൂഹികം

വിവരണം

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ ലിംഗ വ്യത്യാസമില്ലാ എന്നതാണ് വാസ്തവം. ഈ അടുത്ത കാലങ്ങളിലായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ലഹരിമരുന്ന് കേസുകളില്‍ പിടിയിലാകുന്നവരില്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്നതും പതിവായി മാറിയിരിക്കുകയാണ്. എന്നാല്‍ ഗുണ്ടാ ആക്രമണ കേസുകളില്‍ പുരുഷന്‍മാരാണ് മുന്‍പന്തിയില്‍. കാപ്പ കേസുകളില്‍ ജയില്‍ വാസം അനുഭവിക്കുന്നതും പുരുഷന്‍മാര്‍ തന്നെയാണ്.

എന്നാല്‍ ഇപ്പോള്‍ ഇതാ സ്ത്രീകളുടെ സംഘം ഒരു വാഹനം ആക്രമിക്കുന്നു എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സ്ത്രീകളാണ് ഇവിടെ വില്ലന്‍മാര്‍.. എംസി റോഡില്‍ നടന്ന ഒരു സംഭവം.. എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. സ്ത്രീവേഷധാരികളായ ഒരു സംഘം ഇറച്ചിക്കോഴിയുമായി എത്തിയ ഒരു മിനി ട്രക്ക് തടഞ്ഞു ഡ്രൈവറെ അസഭ്യം പറയുന്നതും ജീവനക്കാരനെ വാഹനത്തിന് മുകളില്‍ കയറി അക്രമിക്കാന്‍ ശ്രമിക്കുന്നതുമാണ് വീ‍ഡിയോ. ഞാന്‍ ചാത്തന്‍ സേവക്കാരന്‍ ഉണ്ണി എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന് ഇതുവരെ 13,000ല്‍ അധികം റിയാക്ഷനുകളും 1മില്യണില്‍ അധികം വ്യൂസും ലഭിച്ചിട്ടുണ്ട്-

(മുന്നറിയിപ്പ് – വീഡിയോയില്‍ അക്രമവും അസഭ്യ പദങ്ങളുണ്ട്)

Facebook Post Archived Screen Record 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീകളാണോ വീഡിയോയില്‍ കാണുന്ന അക്രമകാരികള്‍? ഈ സംഭവം നടന്നത് എംസി റോഡിലാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ പ്രചരിക്കുന്ന വീഡിയോയുടെ കമന്‍റ് സെക്ഷന്‍ പരിശോധിച്ചതില്‍ നിന്നും സംഭവം നടന്നത് എറണാകുളത്താണെന്ന് ചിലര്‍ കമന്‍റ് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതില്‍ നിന്നും അക്രമം നടക്കുന്നതിന് സമീപമുള്ള ഒരു റെസ്റ്റോറന്‍റിന്‍റെ ബോര്‍ഡ് വീഡിയോയില്‍ കാണാന്‍ സാധിച്ചു. അക്ഷയ റെസ്റ്റോറന്‍റ് എന്നാണ് ബോര്‍ഡ‍ില്‍ എഴുതിയിരിക്കുന്നതെന്ന് വ്യക്തമായി. ഇതുപ്രകാരം അക്ഷയ റെസ്റ്റോറന്‍റ് എറണാകുളം എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇത് എറണാകുളം ജില്ലയിലെ കലൂര്‍ ദേശാഭിമാനി ജംക്ഷനിലാണ് ഈ റെസ്റ്റോറന്‍റ് എന്ന വിവരം ലഭിച്ചു. ഗൂഗിള്‍ ഫോട്ടോസില്‍ വീഡിയോയില്‍ കാണുന്ന അതെ റെസ്റ്റോറന്‍റിന്‍റെ ബോര്‍ഡിന്‍റെ ചിത്രങ്ങള്‍ ലഭിച്ചതിനാല്‍ സ്ഥലം ഇതുതന്നെയാണെന്ന് സ്ഥിരീകരിക്കാനും കഴിഞ്ഞു.

പിന്നീട് കലൂര്‍ ദേശാഭിമാനിയിലെ ലേഖകനുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രദേശത്ത് ഇത്തരം സംഭവം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും പ്രചരിക്കുന്ന വീഡിയോ അദ്ദേഹത്തിന് അയച്ച് നല്‍കുകയും ചെയ്തു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്-

രാത്രികാലങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ തമ്പടിക്കുന്ന സ്ഥലമാണ് കലൂര്‍ പ്രദേശം. വീഡിയോയില്‍ കാണുന്നതും ട്രാന്‍സ്‌ജെന്‍ഡറുകള്‍ തന്നെയാണ്. ദേശാഭിമാനി ജംക്ഷന് സമീപമുള്ള അക്ഷയ റെസ്റ്റോറന്‍റിന് സമീപം തന്നെയാണ് ഈ സംഭവം നടന്നിട്ടുള്ളത്. അതുപോലെ തന്നെ വീഡിയോയില്‍ കാണുന്നത് എംസി റോഡല്ല എന്നും എംസി റോഡ് അങ്കമാലി മുതല്‍ മുവാറ്റപുഴ റൂട്ടിലാണെന്നും വീഡിയോ പരിശോധിച്ച ശേഷം ദേശാഭിമാനി ലേഖകന്‍ മറുപടി നല്‍കി.

എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഞങ്ങളുടെ പ്രതിനിധി സംഭവത്തെ കുറിച്ച് അറിയാന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരമൊരു സംഭവം സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നിലവില്‍ ഇങ്ങനെയൊരു കേസ് രജിസ്ടര്‍ ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. മാത്രമല്ല ചിലപ്പോള്‍ പ്രചരിക്കുന്ന വീഡിയോ പഴയതാകാനും സാധ്യതയുണ്ടെന്നും പോലീസ് സംശയം പ്രകടിപ്പിച്ചു.

വീഡിയോയില്‍ കാണുന്ന റെസ്റ്റോറന്‍റിന്‍റെ ബോര്‍ഡ്-

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

ഗൂഗിള്‍ ഫോട്ടോസില്‍ നിന്നും ലഭിച്ച റെസ്റ്റോറന്‍റിന്‍റെ ബോര്‍ഡിന്‍റെ ചിത്രം (സ്ഥലം സ്ഥിരീകരിക്കാനായി മാത്രം ഉപയോഗിക്കുന്നത്)-

നിഗമനം

പ്രചരിക്കുന്ന വീഡിയോയിലുള്ളത് സ്ത്രീകളല്ലായെന്നും ട്രാന്‍സ്ജെന്‍ഡറുകളാണെന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ എംസി റോഡിലാണ് ഈ സംഭവമെന്ന അവകാശവാദവും തെറ്റാണ്. എറണാകുളം കലൂര്‍ ദേശാഭിമാനി ജംക്ഷന് സമീപം നടന്ന അക്രമത്തിന്‍റെ വീഡിയോയാണിത്. അങ്കമാലി, മൂവാറ്റുപുഴ വഴി കോട്ടയം ജില്ലയിലേക്ക് പോകുന്ന റൂട്ടാണ് എംസി റോഡ്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കും വിധമുള്ളതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:എംസി റോഡില്‍ ഒരു സംഘം സ്ത്രീകള്‍ വാഹനം അക്രമിക്കുന്ന വീഡിയോയാണോ ഇത്? എന്താണ് വസ്‌തുത എന്ന് അറിയാം..

Fact Check By: Dewin Carlos 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •