FACT CHECK: കൊളംബിയയില്‍ നടന്ന പ്രതീകാത്മക സമരത്തിന്‍റെ ദൃശ്യങ്ങള്‍ താലിബാന്‍ ക്രിസ്ത്യാനികളോട് കാട്ടുന്ന ക്രൂരത എന്ന പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

അന്തര്‍ദേശിയ൦

സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന താലിബാന്‍ ക്രൂരതയുടെ വാര്‍ത്തകള്‍ക്ക് അവസാനമില്ല. അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികളോട് താലിബാൻ കാണിക്കുന്ന  ക്രൂരതകൾ എന്ന് അവകാശപ്പെട്ട് മനുഷ്യരെ പ്ലാസ്റ്റിക് ബാഗുകളിൽ ശ്വാസം പോലും കിട്ടാത്ത നിലയിൽ  പൊതിഞ്ഞ് വച്ചിരിക്കുന്ന ഭീതിജനകമായ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

നൈലോൺ ബാഗുകളിലുള്ള തങ്ങളുടെ മതവിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ച ക്രിസ്ത്യാനികളെ താലിബാൻ നൈലോണ്‍ ബാഗുകളില്‍ പൊതിഞ്ഞുകെട്ടിയിരിക്കുന്നു എന്ന അവകാശവാദവുമായാണ് വീഡിയോ പ്രചരിക്കുന്നത്. ഈ വീഡിയോയുടെ യാഥാർത്ഥ്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഞങ്ങൾക്ക് വാട്സ്ആപ്പില്‍ വായനക്കാര്‍  സന്ദേശം അയച്ചിരുന്നു.

വീഡിയോയ്ക്ക് ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്:  “👆അഫ്ഗാനിസ്ഥാനിലെ നമ്മളുടെ പ്രിയപ്പെട്ടവർക്കായി ദയവായി പ്രാർത്ഥിക്കുക. ക്രിസ്തുവിനെ തള്ളിപ്പറയാൻ വിസമ്മതിച്ചതിന് നൈലോൺ ബാഗുകളിൽ പൊതിയപ്പെട്ട ക്രിസ്ത്യാനികൾ ശ്വാസംമുട്ടി പതുക്കെ മരിക്കുന്നു.

 ഇത് ക്രൂരവും ഹൃദയഭേദകവുമാണ്.

ദയവായി അവർക്കുവേണ്ടി പ്രാർത്ഥിക്കുക.”

archived link

എന്നാൽ തെറ്റായ വിവരണത്തോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി 

വസ്തുത  ഇങ്ങനെ

ഞങ്ങൾ വീഡിയോ വിവിധ ഫ്രെയിമുകളായി വിഭജിച്ച ശേഷം അതിലൊന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വീഡിയോയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായി. കൊളംബിയയിലെ പോബ്ലാഡോ പാര്‍ക്കില്‍ നടത്തിയ പ്രതീകാത്മകമായ ഒരു സമരത്തിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. 2021 മെയ് 26നാണ് ഈ വിചിത്രമായ സമരം അരങ്ങേറിയത്. കൊളംബിയയിലെ ഒരു സാമൂഹ്യ സംഘടനയാണ് പ്രകടനത്തിന് പിന്നില്‍. ഇക്കാര്യം അറിയിച്ചുകൊണ്ട് അവര്‍ ജൂലൈ 18ന് ട്വീറ്റ് നല്‍കിയിരുന്നു.

ഈ സംഭവത്തിന്‍റെ ഫേസ്‌ബുക്ക് ലൈവ് വീഡിയോ  ലഭ്യമാണ്: 

 പ്രകടനം “എംപാക്വെറ്റഡോസ്”, പാർക്ക് ഡെൽ പോബ്ലാഡോ, മെയ് 26, 2021.

കഴിഞ്ഞ ദിവസങ്ങളിൽ മുങ്ങിമരിച്ചവര്‍, കഷണങ്ങളായി, ബാഗുകളിലായി മരിച്ച നിലയിൽ കണ്ടെത്തിയ ആളുകൾക്ക് ആദരാഞ്ജലി. അവകാശങ്ങൾക്കുവേണ്ടി പോരാടി വീടുവിട്ട് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത എല്ലാവരോടും ആദരസൂചകമായി” എന്നാണ്  വീഡിയോയ്ക്ക് വിവരണം നൽകിയിരിക്കുന്നത്. സ്ഥലത്തിന്‍റെ ജിയോ ലൊക്കേഷന്‍ തിരഞ്ഞപ്പോള്‍ പോബ്ലാഡോ പാര്‍ക്ക്  കൊളംബിയയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. പോസ്റ്റിലെ ദൃശ്യങ്ങളില്‍ കാണുന്ന സ്ഥലത്തോട് സമാനതയുണ്ട്. ഈ വാര്‍ത്ത ADN Medellin എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുട്യൂബിലും സമാന വീഡിയോ പ്രകടനത്തിന്‍റെ വിവരണവുമായി ലഭ്യമാണ്.  മെയ് മാസത്തിൽ കൊളംബിയയിൽ നടന്ന ഈ പ്രതീകാത്മക സമരത്തിന് ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാനുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കൊളംബിയയിലെ വസ്തുത അന്വേഷണ മാധ്യമമായ colombiacheck  ഇതേക്കുറിച്ച് അന്വേഷണം നടത്തി  ലേഖനം  പ്രസിദ്ധീകരിച്ചിരുന്നു. 

വീഡിയോയെ കുറിച്ചുള്ള ഇംഗ്ലീഷിലുള്ള ഞങ്ങളുടെ  ഫാക്ട് ചെക്ക് താഴെ വായിക്കാം

Staged Protest In Colombia Shared As Taliban Suffocating Afghan Christians In Nylon Bags

നിഗമനം 

ക്രിസ്ത്യാനികളെ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഉപദ്രവിക്കുന്നു കാഴ്ച എന്ന് വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കൊളംബിയയിലെ പ്രതീകാത്മക സമരത്തില്‍ നിന്നുള്ളതാണ്.   അഫ്ഗാനിസ്ഥാനുമായോ താലിബാനുമായോ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:FACT CHECK: കൊളംബിയയില്‍ നടന്ന പ്രതീകാത്മക സമരത്തിന്‍റെ ദൃശ്യങ്ങള്‍ താലിബാന്‍ ക്രിസ്ത്യാനികളോട് കാട്ടുന്ന ക്രൂരത എന്ന പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •