
വിവരണം
Sakeer Redz Cvd എന്ന പ്രൊഫൈലിൽ നിന്നും ഏകദേശം രണ്ടു മാസം മുമ്പ് പ്രചരിപ്പിച്ചു തുടങ്ങിയ ഒരു വീഡിയോ ഇപ്പോഴും ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. RSS ന്‍റെ ആസാമിലെ ഓഫീസ് ജനം അടിച്ചുപൊളിക്കുന്നു… എന്ന വിവിവരണത്തോടെ ഒരു ഓഫീസിൽ കുറേപ്പേർ ചേർന്ന് സംഘര്‍ഷമുണ്ടാക്കുന്നതിന്‍റെയും കസേരകളും മറ്റും തകർക്കുന്നതിന്‍റെയും ന്യൂസ് 18 ചാനൽ പ്രസിദ്ധീകരിച്ച ദൃശ്യങ്ങളുടെ വീഡിയോ ആണ് പോസ്റ്റിലുള്ളത്.
archived link | FB post |
ആസ്സാമിൽ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ഡിസംബർ മാസം നിരവധി പ്രതിഷേധങ്ങളും റാലികളും ഒപ്പം സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത് പ്രക്ഷോഭകർ ആർഎസ്എസ് ഓഫീസ് അടിച്ചു തകർക്കുന്നതിന് തന്നെയാണോ എന്ന് നമുക്ക് അന്വേഷിച്ചറിയാം
വസ്തുതാ വിശകലനം
ഈ പോസ്റ്റിലെ വീഡിയോയിൽ നിന്നും ഞങ്ങൾ കീ ഫ്രയിമുകൾ വേർതിരിച്ച് അവയുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കി. എന്നാൽ യഥാർത്ഥ സംഭവത്തിലേക്ക് വ്യക്തമായ സൂചനകൾ ഒന്നും ലഭിച്ചില്ല. തുടർന്ന് ഞങ്ങൾ ആസ്സാമിലെ പ്രതിനിധിയോട് അന്വേഷിച്ചു. അപ്പോൾ വീഡിയോയിലെ ദൃശ്യങ്ങൾ പോസ്റ്റിൽ പറയുന്നതുപോലെ പ്രക്ഷോഭകർ ആർഎസ് എസിന്‍റെ ഓഫീസ് തല്ലിത്തകർക്കുന്നതിന്‍റെതല്ല എന്ന് വ്യക്തമാക്കുന്ന വാർത്തകളുടെ ലിങ്കുകൾ ആസ്സാമില്‍ നിന്നും ലഭ്യമാക്കി. ഇതേ വാർത്ത ന്യൂസ് 18 അസം ചാനൽ ദിബ്രൂഗറിലെ എയുപി ഓഫീസ് അക്രമികള്‍ തകര്‍ക്കുന്നു എന്ന വിവരണത്തോടെ അവരുടെ ഫേസ്‌ബുക്ക് പേജിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.
archived link | News18Assam |
വാർത്തകൾ പ്രകാരം ആസാം ഗണപരിഷദ് പാർട്ടിയുടെ ഓഫീസാണ് പൗരത്വ ബിൽ വിരുദ്ധ പ്രക്ഷോഭകർ തല്ലി തകർത്തത്.
പാർട്ടി പ്രസിഡന്‍റ് അതുൽ ബോറയെ ഗോലാഘട്ടിലെ അദ്ദേഹത്തിന്‍റെ വസതിയിൽ സിഎബി വിരുദ്ധ പ്രക്ഷോഭകർ ഘെരാവോ ചെയ്തു.
പാർട്ടിയുടെ ദിബ്രുഗഡ് ഓഫീസ് ഓള്‍ ആസ്സാം സ്റ്റുഡന്‍റ്സ് യൂണിയന്‍ നയിക്കുന്ന CAB വിരുദ്ധ പ്രക്ഷോഭകർ അടിച്ചു തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
നൂറിലധികം പ്രതിഷേധകർ എ.ജി.പി ഓഫീസ് ആക്രമിച്ച് നശിപ്പിച്ചു.
സംഭവത്തിൽ ഫർണിച്ചർ ഉൾപ്പെടെയുള്ള ഓഫീസിലെ വസ്തുവകകൾ തകർന്നു.
“പൗരത്വ (ഭേദഗതി) ബില്ലിൽ തീരുമാനമെടുക്കാൻ ഞങ്ങൾ ഒരു യോഗം സംഘടിപ്പിച്ചു. എന്നാൽ പെട്ടെന്ന് CAB വിരുദ്ധ പ്രക്ഷോഭകർ ഞങ്ങളുടെ പാർട്ടി ഓഫീസിലേക്ക് അതിക്രമിച്ച് കയറി ഞങ്ങളുടെ വസ്തുവകകള്‍ നശിപ്പിച്ചു, ”എജിപി ജില്ലാ വൈസ് പ്രസിഡന്‍റ് താരനാഥ് ബുറഗോഹെയ്ൻ പറഞ്ഞു.
സംഭവത്തെ പറ്റി നേരിട്ടറിയാന്‍ ദിബ്രുഗഡ് എസ്പി ഗൌതം ബോറ സ്ഥലത്തെത്തി. ഇക്കാര്യത്തിൽ പോലീസ് ഇതിനകം അന്വേഷണം ആരംഭിച്ചു.
“ഞങ്ങൾ ഞങ്ങളുടെ പാർട്ടി ഓഫീസിലായിരുന്നു, പക്ഷേ പെട്ടെന്ന് ധാരാളം യുവാക്കൾ ഓഫീസിൽ കടന്നു കയറി ഞങ്ങളുടെ വസ്തുവകകള്‍ നശിപ്പിച്ചു. സിഎബി വിരുദ്ധ പ്രക്ഷോഭകരിൽ നിന്ന് ഞങ്ങൾ അത്തരം പെരുമാറ്റം അംഗീകരിക്കുന്നില്ല. അവർക്ക് ഞങ്ങളുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്താൻ കഴിയും, പക്ഷേ വസ്തുവകകള്‍ നശിപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്, ”ഒരു പാർട്ടി പ്രവർത്തകൻ പറഞ്ഞു…”
ഇങ്ങനെയാണ് വാർത്തയുടെ വിവരണം. ആർഎസ്എസിന്‍റെ ഓഫീസല്ല, ആസാം ഗണ പരിഷദ് എന്ന രാഷ്ട്രീയ പാർട്ടിയുടെ ഓഫീസാണ് പ്രക്ഷോഭകാരികൾ തകർത്തത്. ആൾ ആസ്സാം സ്റ്റുഡന്‍റ്സ് യൂണിയന്‍റെ നേതൃത്വത്തിലുള്ളവരായിരുന്നു പ്രക്ഷോഭകർ. ഇതേ വാർത്ത ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആർഎസ്എസിന്‍റെ ഓഫീസാണ് പ്രക്ഷോഭകർ തകർത്തതെന്ന് മാധ്യമങ്ങളാരും വാർത്തയിൽ പറഞ്ഞിട്ടില്ല.
archived link | indiatoday |
archived link | rvtv |
വീഡിയോ തെറ്റായ വിവരണത്തോടെയാണ് പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. ആസാം ഗണപരിഷദ് പാർട്ടി ഓഫീസ് പൗരത്വ ബിൽ വിരുദ്ധ പ്രക്ഷോഭകർ തകർക്കുന്നതിന് വാർത്താ ദൃശ്യങ്ങളാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ആസാമിൽ ആർഎസ്എസ് ഓഫീസ് ജനം അടിച്ചു പൊളിക്കുന്നു എന്ന തെറ്റായ വിവരണമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ഈ ദൃശ്യങ്ങൾക്ക് ആർഎസ്എസുമായി യാതൊരു ബന്ധവുമില്ല.

Title:ഈ ദൃശ്യങ്ങൾ RSS ന്‍റെ ആസാമിലെ ഓഫീസ് ജനം അടിച്ചുപൊളിക്കുന്നതിന്‍റെതല്ല…
Fact Check By: Vasuki SResult: False
