ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ കോണ്‍ഗ്രസ് വനിത നേതാവിനെ കടന്നു പിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..

രാഷ്ട്രീയം | Politics

വിവരണം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോള്‍ കേരളത്തില്‍ പര്യടനം പുരോഗമിക്കുകയാണ്. കന്യാകുമാരിയില്‍ ആരംഭിച്ച കാല്‍നട യാത്ര ഇപ്പോള്‍ കൊല്ലം ജില്ലയിലാണ് എത്തിയിട്ടുള്ളത്. ഇതിനിടയില്‍ ജാഥയെ കുറിച്ചുള്ള നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ കോണ്‍ഗ്രസിന്‍റെ വനിത നേതാവിനെ മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കടന്നു പിടിക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഇത് ജോഡോ യാത്രയല്ല.. ചൂടന്‍ യാത്ര.. എന്ന തലക്കെട്ട് നല്‍കി പിണറായി വിജയന്‍ ഫോര്‍ കേരള എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് ഇതുവരെ 2,000ല്‍ അധികം റിയാക്ഷനുകളും 647ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Video Archived Screen Record 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ കോണ്‍ഗ്രസ് വനിത നേതാവിനെ ശല്യം ചെയ്യാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതാവിന്‍റെ വീഡിയോയാണോ ഇത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത വിശകലനം

പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയിമുകളായി ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും യഥാര്‍ത്ഥ സംഭവത്തിന്‍റെ വാര്‍ത്ത ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. സീ ന്യൂസ് തമിഴ് നല്‍കിയിരിക്കുന്ന വാര്‍ത്ത പ്രകാരം ബിജെപി തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി പൊന്‍ ബാലഗണപതി ബിജെപി വനിത നേതാവായ ശശികല പുഷ്പയെ ആള്‍ക്കൂട്ടത്തിലെ തിരക്കിനയില്‍ കടന്നു പിടിക്കാന്‍ ശ്രമിക്കുകയും ഇതില്‍ ശശികല പുഷ്പ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്നതായും കാണാന്‍ കഴിയുന്നുണ്ട്. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ ദലിത് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ഇമ്മാനുവല്‍ ശേഖരന്‍റെ ചരമ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബിജെപി നേതാക്കള്‍. ഡിഎംകെ ഐടി വിഭാഗം സംസ്ഥാന ഡപ്യൂട്ടി സെക്രട്ടറി ഇസൈ ദച്ചിണമൂര്‍ത്തിയാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഇത്തരം അതിക്രമങ്ങള്‍ നേരിടേണ്ടി വരുമോ എന്ന ചോദ്യം ഉന്നയിച്ചാണ് ഇസൈ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇസൈ ദച്ചിണമൂര്‍ത്തി പങ്കുവെച്ച വീഡിയോ-

Tweet 

സംഭവത്തെ കുറിച്ച് മധിമുഗം ടിവി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത വീഡിയോ-

Madhimugam News 

നിഗമനം

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പൊന്‍ബാലഗണപതി തിക്കിനും തിരക്കിനുമിടയില്‍ ബിജെപി വനിത നേതാവായ ശശികല പുഷ്പയെ കടന്നു പിടിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് പുറത്ത് വന്ന വീഡിയോയാണ് യഥാര്‍ത്ഥത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഭാരത് ജോഡോ യാത്രയുടെ പേരില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കും വിധമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ കോണ്‍ഗ്രസ് വനിത നേതാവിനെ കടന്നു പിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: Misleading