ചീറ്റപ്പുലികളും മനുഷ്യനും തമ്മിലുള്ള അപൂര്‍വ സൌഹൃദത്തിന്‍റെ ഈ ദൃശ്യങ്ങള്‍ ഇന്ത്യയിലെതല്ല…

അന്തര്‍ദേശിയ൦ കൌതുകം

വന്യമൃഗങ്ങൾ മനുഷ്യരുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്ന അവിശ്വസനീയമായ സംഭവങ്ങൾ ചിലപ്പോൾ വാര്‍ത്തയാകാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരം കഥകൾ തൽക്ഷണം വൈറലാകാറുമുണ്ട്. ഇങ്ങനെയുള്ള കഥകളിൽ ചിലത് യഥാർത്ഥമാണെങ്കിലും ചിലതിന് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമുണ്ടാകില്ല. ഏതാനും ചീറ്റപ്പുലികള്‍ രാജസ്ഥാനിലെ ക്ഷേത്ര പുരോഹിതനോടൊപ്പം ഇണക്കത്തോടെ ജീവിക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

ഇന്ത്യയിലെ രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ ക്ഷേത്ര പുരോഹിതനോടൊപ്പം ചീറ്റകുടുംബം രാത്രി സ്നേഹത്തോടെ ഉറങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. രാത്രി രണ്ടു ചീറ്റകള്‍ എഴുന്നേറ്റ്  പുതച്ച് കിടന്നുറങ്ങുന്ന വ്യക്തിയുടെ കൂടെ ചേര്‍ന്ന് കിടക്കുവാന്‍ ശ്രമിക്കുന്ന കൌതുകകരമായ ദൃശ്യങ്ങള്‍ കാണാം: ഒപ്പമുള്ള വാചകങ്ങള്‍ ഇങ്ങനെയാണ്: “രാജസ്ഥാനിലെ ഒരു ഗ്രാമമാണ് സിരോഹി, അവിടെ പീപ്പലേശ്വർ മഹാദേവന്റെ ക്ഷേത്രം ഉണ്ട്. ഇവിടെ ചീറ്റപ്പുലി കുടുംബം രാത്രിയിൽ പുരോഹിതനൊപ്പം താമസിക്കുന്നു. സർക്കാർ വന്യജീവി വകുപ്പ് ഇക്കാര്യം അറിഞ്ഞപ്പോൾ അവർ അവിടെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഈ മനോഹരമായ രംഗം കാണുക”

archived linkFB post

ഞങ്ങള്‍ വൈറൽ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സംഭവം ആഫ്രിക്കയില്‍ നടന്നതാണെന്നും ഇന്ത്യയുമായി യാതൊരു ബന്ധവും സംഭവത്തിന് ഇല്ലെന്നും മനസ്സിലായി.

വസ്തുതാ അന്വേഷണം 

പലരും ഈ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്. 

ഇൻവിഡ്-വി വെരിഫൈ ടൂൾ ഉപയോഗിച്ച് ഞങ്ങൾ വീഡിയോ വിവിധ കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം, പ്രധാനപ്പെട്ട ഒരെണ്ണത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ദൈര്‍ഘ്യമേറിയ മറ്റൊരു  വീഡിയോ ലഭിച്ചു.

2019-ൽ “ചീറ്റ എക്‌സ്പീരിയൻസ്” എന്ന് പേരിട്ടിരിക്കുന്ന ദക്ഷിണാഫ്രിക്കൻ ചീറ്റ വളർത്തൽ കേന്ദ്രങ്ങളിലൊന്നിലെ ഡോൾഫ് സി.വോൾക്കർ എന്ന സന്നദ്ധപ്രവർത്തകനാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ” കോണ്‍ക്രീറ്റ് തറയുടെ തണുപ്പാണോ അതോ സ്നേഹസമ്പന്നനായ സുഹൃത്തിനൊപ്പം പുതപ്പിനുള്ളിലെ ഊഷ്മളതയാണോ ചീറ്റപ്പുലികള്‍ക്ക് ഇഷ്ടം..?” എന്ന് അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി. | ത്രീ ബിഗ് ക്യാറ്റ് നൈറ്റ്”.

ചീറ്റകളുമായുള്ള തന്‍റെ ബന്ധത്തെ വോൾക്കർ വിവരിക്കുന്നത് ഇങ്ങനെയാണ്.

“ഈ ചീറ്റപ്പുലികൾ ദക്ഷിണാഫ്രിക്കയിലെ ചീറ്റപ്പുലി വളർത്തൽ കേന്ദ്രങ്ങളിലാണ് ജനിച്ചതും വളർന്നതും. ബ്രീഡിംഗ് പ്രോഗ്രാമിനായി പരിശീലിപ്പിച്ചതിനാൽ അവയെല്ലാം വളരെ മെരുക്കമുള്ളവയാണ്, അതിനാൽ അവയ്ക്ക് കുഞ്ഞുങ്ങളുണ്ടാകുമ്പോൾ അവയെ നന്നായി നോക്കാന്‍ കഴിയും. ഇണക്കമുള്ളതായി മാറിയ അമ്മ ചീറ്റപ്പുലി അത് അനുവദിക്കുന്നു. സമീപഭാവിയിൽ ഇവയില്‍ ഒന്നിനെ സംരക്ഷിത വനത്തിലേക്ക് വിടാൻ പദ്ധതിയുണ്ട്. മുൻകാല സന്നദ്ധ പ്രവർത്തനത്തിനിടയിൽ അവരുമായി ബന്ധം സ്ഥാപിക്കുന്നതില്‍ ഞാൻ വിജയിച്ചതിനാലും മൂവരുമൊത്ത് രാത്രികൾ ചെലവഴിക്കാൻ എനിക്ക് പ്രത്യേക അനുമതി ലഭിച്ചു. ഒരുമിച്ച് താമസിക്കുമ്പോള്‍ സ്നേഹം  പങ്കിടുന്നത് ഇവയുടെ ജന്മസിദ്ധമായ അതിജീവന സ്വഭാവമാണ്. മനുഷ്യര്‍ അതിജീവനത്തിനായി  ഇവയില്‍ നിന്നും പലതും പഠിക്കേണ്ടിയിരിക്കുന്നു, 

രാത്രിയിൽ എന്നോടൊപ്പം സമയം പങ്കിടാനും ഉറങ്ങാനും അവ  ഇഷ്ടപ്പെടുന്നു. അത് അസാധാരണമായ പ്രതിഫലദായകമായ ഒരു വികാരമാണ്. ഇടയ്ക്ക് എഴുന്നേൽക്കുകയും കിടക്കുകയും ചെയ്യുന്ന കാരണം എനിക്ക് ഉറക്കം വന്നില്ല. ചീറ്റപ്പുലികൾ വളരെ നിസ്സാരരാണ്, ചെറിയ ശബ്ദമോ പ്രകമ്പനങ്ങളോ ഉണ്ടായാൽ ഉണരും, എന്നാല്‍ എനിക്ക് ഉറക്കം വന്നില്ല, പക്ഷേ വിശ്രമിക്കാൻ വേണ്ടിയല്ല, മറിച്ച് തികച്ചും അദ്വിതീയവും സവിശേഷവുമായ എന്തെങ്കിലും അനുഭവിക്കാൻ വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത്. ഞാൻ ഈ ചീറ്റപ്പുലികളോടൊപ്പമല്ല ഉറങ്ങുന്നത്, അവർ എന്നോടൊപ്പമാണ് ഉറങ്ങുന്നത്. അവർ എന്‍റെ അടുക്കൽ വരുന്നു, എന്നെപ്പോലെ തന്നെ അവർ കമ്പനി ആസ്വദിക്കുന്നു.”

അമേരിക്കയിൽ നിന്നുള്ള വോൾക്കർ, ദക്ഷിണാഫ്രിക്കയിലെ ബ്ലൂംഫോണ്ടെയ്നിലുള്ള ചീറ്റകളുടെ പ്രജനന കേന്ദ്രമായ “ചീറ്റ എക്സ്പീരിയൻസ്” എന്ന സ്ഥാപനത്തില്‍ എത്തി, ചീറ്റപ്പുലികളുമായി ശക്തമായ ബന്ധം സ്ഥാപിക്കുകയാണുണ്ടായത്. ദക്ഷിണാഫ്രിക്കയിലെ ചീറ്റ ബ്രീഡിംഗ് സെന്‍ററിൽ പകര്‍ത്തിയ  ചുവടെയുള്ള വീഡിയോ ചീറ്റകളും വോൾക്കറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ തെളിവുകൾ തരും: 

ചീറ്റ എക്സ്പീരിയൻസ്” വെബ്‌സൈറ്റ് ഞങ്ങൾ പരിശോധിച്ചു, ദക്ഷിണാഫ്രിക്കയിലെ ചീറ്റപ്പുലി സംരക്ഷണ പ്രവർത്തനങ്ങളിൽ സഹായിക്കാൻ വോൾക്കറിനെപ്പോലുള്ള ആഗോള സന്നദ്ധപ്രവർത്തകർക്ക് അവസരം നൽകുന്ന സന്നദ്ധ പ്രവർത്തന പരിപാടികൾ അവർക്കുണ്ടെന്ന് കാണാം.

അതേസമയം, വൈറലായ വീഡിയോ യഥാർത്ഥത്തിൽ അവരുടെ ചീറ്റ ബ്രീഡിംഗ് സെന്‍ററിൽ റെക്കോർഡ് ചെയ്തതാണെന്ന് ചീറ്റ എക്സ്പീരിയന്‍സ്  മാനേജ്‌മെന്‍റ് റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചിരുന്നു. 

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വീഡിയോ രാജസ്ഥാനിലെ ക്ഷേത്ര പുരോഹിതനുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുകയാണ്. 

ഞങ്ങളുടെ ശ്രീലങ്ക ടീം ഇതേ വീഡിയോ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. 

Scenes Of Wild Cheetah Family Cuddling With An Indian Farmer At Night?

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഈ വീഡിയോ ദൃശ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളതല്ല, ദക്ഷിണാഫ്രിക്കയിലെ ബ്ലൂംഫോണ്ടൈനിലുള്ള ഒരു ചീറ്റ പ്രജനന കേന്ദ്രമായ “ചീറ്റ എക്സ്പീരിയൻസ്” എന്ന സ്ഥാപനത്തില്‍ നിന്നുള്ളതാണ്. ബ്രീഡിംഗ് സെന്‍ററിലെ ഒരു അമേരിക്കൻ സന്നദ്ധസേവകൻ, ഏതാനും വർഷങ്ങളായി താന്‍ ഇണക്കി വളര്‍ത്തുന്ന ചീറ്റകളുടെ കൂടെ സന്തോഷം പങ്കിടുന്നതിന്‍റെ ഈ ദൃശ്യങ്ങള്‍ക്ക് രാജസ്ഥാനുമായോ അല്ലെങ്കില്‍ ഇന്ത്യയുമായി തന്നെയോ യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ചീറ്റപ്പുലികളും മനുഷ്യനും തമ്മിലുള്ള അപൂര്‍വ സൌഹൃദത്തിന്‍റെ ഈ ദൃശ്യങ്ങള്‍ ഇന്ത്യയിലെതല്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •