“ഹലോ ഉസ്‌മാന്‍..!” ചാനല്‍ ചര്‍ച്ചയില്‍ വിഷ്ണുനാഥ് പ്ലേ ചെയ്ത ഓഡിയോ ക്ലിപ്പ് മാറിപ്പോയോ?

രാഷ്ട്രീയം | Politics

വിവരണം

മനോരമ ന്യൂസ് ചാനലിലെ കൗണ്ടര്‍ പോയിന്‍റ് എന്ന ചാനല്‍ ചര്‍ച്ചയിലെ ഒരു രംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സിപിഎം പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്ത എം.ബി.രാജേഷും കോണ്‍ഗ്രസ് പ്രതിനിധി പി.സി.വിഷ്‌ണുനാഥും തമ്മിലുള്ള ഒരു തര്‍ക്കമാണ് വീഡിയോയുടെ ഉള്ളടക്കം. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ മന്ത്രി കെ.ടി.ജലീലിന്‍റെ പങ്കുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സംബന്ധിച്ച ചര്‍ച്ചാണ് കൗണ്ടര്‍ പോയിന്‍റില്‍ നടന്നത്. ചര്‍ച്ചയ്ക്കിടയില്‍ കോണ്‍ഗ്രസ് പ്രതിനിധി പി.സി.വിഷ്‌ണുനാഥ് എം.ബി.രാജേഷ് ഉന്നയിച്ച ആരോപണങ്ങള്‍ എതിര്‍ക്കുന്നു എന്നും തന്‍റെ കയ്യില്‍ മറുപടി നല്‍കാന്‍ തെളിവായി ഓഡിയോ റിക്കോര്‍ഡിങ്ങുണ്ടെന്നുമാണ് പറയുന്നത്. ഈ ഓഡിയോ ക്ലിപ്പ് എന്നാല്‍ ലൈവ് ആയി കേള്‍പ്പിക്കാന്‍ എം.ബി.രാജേഷ് പി.സിവിഷ്ണുനാഥിനോട് ആവശ്യപ്പെടുമ്പോള്‍ വിഷ്‌ണുനാഥ് മൈക്കില്‍ ചേര്‍ത്തു പിടിച്ച് പ്ലേ ചെയ്യുകയും ചെയ്തു. എന്നാല്‍ രമേശ് ചന്നിത്തല കോവിഡ് മഹാമാരിയുടെ കാലത്ത് പ്രവാസി മലയാളികളുടെ വിവരങ്ങള്‍ അറിയാന്‍ നടത്തിയ ഫോണ്‍ വിളിയിലെ ഏറെ ചര്‍ച്ചാവിഷയമായ ഹലോ ഉസ്‌മാന്‍ എന്ന് തുടങ്ങുന്ന ഓഡിയോയാണ് മൈക്കിലൂടെ ലൈവായി ചാനലില്‍ കേള്‍ക്കുന്നത്. പി.സി.വിഷ്‌ണുനാഥ് പ്ലേ ചെയ്ത ഓഡിയോ മാറിപ്പോയതാണെന്ന തരത്തിലാണ് ഈ വീഡിയോ പല ഫെയ്‌സ്ബുക്ക് പേജുകളിലും വാട്‌സാപ്പിലുമെല്ലാം പ്രചരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ വ്യാജമാണോ എന്ന് അറിയാന്‍ ഞങ്ങളെ സമീപിച്ചത്. വീ ലവ് സിപിഎം എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക്  ഇതുവരെ 2,100ല്‍ അധികം റിയാക്ഷനുകളും 389ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook Post Archived Link 

എന്നാല്‍ ചാനല്‍ ചര്‍ച്ചയ്ക്ക് ഇടയില്‍ കോണ്‍ഗ്രസ് പ്രതിനിധി പി.സി.വിഷ്ണുനാഥ് പ്ലേ ചെയ്ത ഓഡിയോ യഥാര്‍ത്ഥത്തില്‍ മാറിപ്പോയോ? അതോ ഈ വീഡിയോയിലെ ഓഡിയോ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

യൂട്യൂബില്‍ നിന്നും മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്‍റില്‍ എം.ബി.രാജേഷും പി.സി.വിഷ്ണുനാഥും പങ്കെടുത്ത ചര്‍ച്ച ഞങ്ങള്‍ കണ്ടെത്തി. സെപ്റ്റംബര്‍ 15നാണ് ഇരുവരും പങ്കെടുത്ത ചര്‍ച്ച  മനോരമയില്‍ സംപ്രേഷണം ചെയ്തത്. ഒരു മണിക്കൂറും നാല് മിനിറ്റും (01:04) പിന്നിടുമ്പോഴാണ് വീഡിയോ പ്രചരണത്തിന് ആധാരമായ ചര്‍ച്ചയിലേക്ക് കടക്കുന്നത്. മന്ത്രി ജലീലിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്നും അങ്ങനെയൊരു ആരോപണം പ്രതിപക്ഷ നേതാവ് പിന്‍വലിച്ചതായും അദ്ദേഹം തന്നെ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു എന്നും എം.ബി.രാജേഷ് ചര്‍ച്ചയില്‍ ആരോപിക്കുന്നു. ഇതിനെ എതിര്‍ത്തുകൊണ്ട് പി.സി.വിഷ്ണുനാഥ് ഇടപെടുകയും രമേശ് ചെന്നിത്തല അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിട്ടില്ലെന്നും ജലീലിനെതിരെയുള്ള ആരോപണം പിന്‍വലിക്കുന്നു എന്ന് പറഞ്ഞിട്ടില്ലെന്നും മറുപടി പറയുന്നു. ഇതിന് പിന്നാലെ രണ്ട് പേരും പ്രതിപക്ഷ നേതാവിന്‍റെ വാക്കുകള്‍ ഫോണില്‍ പ്ലേ ചെയ്യുന്നതാണ് ബാക്കിയുള്ള ദൃശ്യങ്ങളിലുള്ളത്. ഒരു മണിക്കൂറും അഞ്ച് മിനിറ്റും 45 സെക്കന്‍ഡും എത്തുമ്പോഴാണ് ചര്‍ച്ചയ്ക്കിടയില്‍ വിഷ്‌ണുനാഥ് രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ കേള്‍പ്പിക്കാമെന്ന് പറയുകയും പിന്നീട് പ്ലേ ചെയ്യകുകയും ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് രമേശ് ചെന്നിതല ജലീലിനെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് പറയുന്നതിന്‍റെ ശബ്‌ദരേഖ തന്നെയാണ്. എം.ബി.രാജേഷ് ചര്‍ച്ചയില്‍ പ്ലേ ചെയ്ത അതെ ഓഡിയോ ക്ലിപ്പ് തന്നെയാണ് പി.സി.വിഷ്‌ണുനാഥും കേള്‍പ്പിക്കുന്നത്. അതായത് പി.സി.വിഷ്ണുനാഥ് ഫോണില്‍ ഓഡിയോ പ്ലേ ചെയ്യുന്ന ഭാഗത്തെ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയ ശേഷം രമേശ് ചെന്നിത്തലയുടെ ഫോണ്‍ സംഭാഷണത്തിന്‍റെ ഓഡിയോ ചേര്‍ത്തിരിക്കുന്നതാണെന്ന് വ്യക്തമാണ്.

പി.സി.വിഷ്‌ണുനാഥ് ഓഡിയോ പ്ലേ ചെയ്യുന്ന കൗണ്ടര്‍ പോയിന്‍റ് ചര്‍ച്ചയുടെ പ്രസക്ത ഭാഗം-

എം.ബി.രാജേഷും വിഷ്ണുനാഥും തമ്മിലുള്ള വാക്ക്‌‌വാദം ആരംഭിക്കുന്നത്-

നിഗമനം

മനോരമ ന്യൂസിലെ കൗണ്ടര്‍ പോയിന്‍റ് എന്ന ചാനല്‍ ചര്‍ച്ചയുടെ വീഡിയോയിലെ ഒരു ഭാഗം കട്ട് ചെയ്ത് ഓഡിയോ എഡിറ്റ് ചെയ്ത ശേഷമാണ് പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:“ഹലോ ഉസ്‌മാന്‍..!” ചാനല്‍ ചര്‍ച്ചയില്‍ വിഷ്ണുനാഥ് പ്ലേ ചെയ്ത ഓഡിയോ ക്ലിപ്പ് മാറിപ്പോയോ?

Fact Check By: Dewin Carlos 

Result: False