പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസിൽ നടന്ന റെയിഡ്: ദൃശ്യങ്ങളുടെ സത്യമിതാണ്…

ദേശീയം രാഷ്ട്രീയം | Politics

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളേയും കേന്ദ്ര സർക്കാർ നിയമവിരുദ്ധമായി പ്രഖ്യാപിച്ച വാര്‍ത്ത നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) മൂന്നാം വകുപ്പ് പ്രകാരമുള്ള നടപടി ഉടൻ പ്രാബല്യത്തിലാകും.  സംഘടനയുടെ ഓഫീസുകൾ പൂട്ടി മുദ്ര വെക്കാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചുവെന്നും വാര്‍ത്തയുണ്ട്. ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസിൽ നടന്ന റെയിഡ് എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട് 

പ്രചരണം 

വിനിമയത്തിലുള്ള ഇന്ത്യന്‍ കറന്‍സി നോട്ടുകെട്ടുകൾ ഉദ്യോഗസ്ഥർ എണ്ണി തിട്ടപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 

പോപ്പുലർ ഫ്രണ്ട് ഓഫീസിൽ റെയിഡിനെത്തിയ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണിത് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിൽ നിന്ന് പിടിച്ചെടുത്ത നോട്ടുകൾ ED എണ്ണി തിട്ടപ്പെടുത്തുന്നു….”

archived linkFB post

എന്നാൽ പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലാത്ത വീഡിയോ ആണ് പ്രചരിക്കുന്നതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി 

വസ്തുത ഇതാണ്

വൈറൽ വീഡിയോ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നിന്നാണ്  എന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 2022 സെപ്തംബർ 10-ന് അമീര്‍ ഖാന്‍ എന്ന വ്യവസായിയുടെ സ്ഥാപനത്തില്‍ ED നടത്തിയ റെയ്ഡിൽ നിന്നുള്ള. വീഡിയോ ദൃശ്യങ്ങളാണിത്. ദൃശ്യങ്ങളുടെ  30 സെക്കൻഡ് ടൈം സ്റ്റാമ്പിൽ ബംഗ്ലാ എഴുത്തുള്ള ഒരു പ്ലാസ്റ്റിക് ബാഗ് കാണാം. ആളുകൾ ബംഗ്ലാ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ഞങ്ങളുടെ ബംഗ്ലാ ടീം സ്ഥിരീകരിച്ചിട്ടുണ്ട്. 

2022 സെപ്റ്റംബർ 11-ന് ഇന്ത്യാ ടുഡേയുടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ റിപ്പോർട്ട് ലഭിച്ചു. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: ബംഗാളിൽ പണമഴ പെയ്യുന്നു | അഴിമതിക്കെതിരെ ചാട്ടവാറുമായി ED | മൊബൈൽ ഗെയിം ആപ്പ് അഴിമതിയിൽ ED റഡാർ” റിപ്പോർട്ടിലെ ദൃശ്യങ്ങൾ പോസ്റ്റിലെ വീഡിയോ ദൃശ്യങ്ങള്‍  തന്നെയാണ് എന്നു കാണാൻ കഴിയും.

ഇതേ ദൃശ്യങ്ങള്‍ റിപ്പോർട്ടിലും കാണാം. ഇ‌ഡി  കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഏരിയയില്‍ ഉൾപ്പെടെ ആറ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി, അവിടെ കണ്ടെടുത്ത തുക കണക്കാക്കാൻ ED ക്യാഷ് കൗണ്ടിംഗ് മെഷീനുകൾ കൊണ്ടുവന്നതായി 2022 സെപ്റ്റംബർ 11 ന് എൻഡിടിവി  റിപ്പോർട്ട് ചെയ്തു. ആമിർ ഖാൻ എന്ന ബിസിനസുകാരന്‍ ‘ഇ-നഗ്ഗറ്റ്‌സ്’ എന്ന മൊബൈൽ ഗെയിമിംഗ് ആപ്പുപയോഗിച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടി എന്നാണ് കേസ്. 

ബന്ധപ്പെട്ട കേസിൽ കൊൽക്കത്തയിൽ നടത്തിയ റെയ്ഡിനെക്കുറിച്ച് ED യുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് ട്വീറ്റ് നല്കിയിട്ടുണ്ട്. 

ന്യൂസ് 18 യുട്യൂബ് ചാനലില്‍ വാര്‍ത്താ റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. 

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ റെയിഡ് നടന്നതായി ഇതുവരെ  വാര്‍ത്തകളൊന്നുമില്ല.  

കൊല്‍ക്കത്തയില്‍ അമീര്‍ ഖാന്‍ എന്ന വ്യവസായിയുടെ സമുച്ഛയത്തില്‍ കഴിഞ്ഞ 11 നു നടന്ന റെയിഡിന്‍റെ ദൃശ്യങ്ങളാണിത് എന്നു അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. കൊല്‍ക്കത്തയില്‍ അമീര്‍ ഖാന്‍ എന്ന വ്യവസായിയുടെ സമുച്ഛയത്തില്‍ കഴിഞ്ഞ 11 നു നടന്ന റെയിഡിന്‍റെ ദൃശ്യങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപനത്തില്‍ നടന്ന റെയിഡ് ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. ദൃശ്യങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുമായി യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസിൽ നടന്ന റെയിഡ്: ദൃശ്യങ്ങളുടെ സത്യമിതാണ്…

Fact Check By: Vasuki S 

Result: False