നാടോടി പെണ്‍കുട്ടി കൌതുകത്തോടെ നൃത്തം വീക്ഷിക്കുന്ന ദൃശ്യങ്ങള്‍ സ്കൂള്‍ യുവജനോല്‍സവ വേദിയില്‍ നിന്നുള്ളതല്ല…

Misleading കൌതുകം

മഴവിൽ വർണ്ണങ്ങളും അതിലേറെ വിവാദങ്ങളുമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശീല വീണു. കലോത്സവവേദിയിൽ ഹെയര്‍ ബാന്‍റ് വിൽക്കാനെത്തിയ പെൺകുട്ടി വേദിയിലെ നൃത്തം വീക്ഷിക്കുന്ന  ഹൃദയ സ്പര്‍ശിയായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളെ വൈറൽ ആയിട്ടുണ്ട്.

പ്രചരണം 

ഉത്സവകാലങ്ങളിൽ കേരളത്തിൽ കച്ചവടത്തിനായി എത്തുന്ന അന്യദേശക്കാരിയായ ചെറിയപെൺകുട്ടി വിൽക്കാനുള്ള ഹെയര്‍ ബാന്‍റുകള്‍ നെഞ്ചോടടുക്കി പിടിച്ച് വേദിയിൽ നടക്കുന്ന ഗ്രൂപ്പ് ഡാൻസ് കൗതുകത്തോടെയും ആകാംക്ഷയോടെയും വീക്ഷിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്.  തനിക്ക് അങ്ങനെ കളിക്കാനുള്ള  ആഗ്രഹം ഉള്ളിലൊതുക്കി അവൾ കലോത്സവ വേദിയിൽ കുട്ടികളുടെ നൃത്തം നോക്കി ആസ്വദിക്കുകയാണ് എന്നു സൂചിപ്പിച്ച വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: ‘സ്കൂൾ കലോത്സവ

വേദിക്കരികിൽ വള വിൽക്കുന്ന നോർത്ത് ഇന്ത്യൻ പെൺകുട്ടി…🥰

ഭാവങ്ങൾ മാറി മറിയുന്ന അവളുടെ മുഖത്ത് ആഗ്രഹങ്ങളുടെ വേലിയേറ്റമുണ്ട്.. ഒരിക്കൽ നീയും ഉയരങ്ങളിലെത്തട്ടെ 🙏😔

ജീവിതത്തിൻ്റെ രണ്ട് വ്യത്യസ്ത മുഖങ്ങൾ.☝🏻

ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തുന്നെങ്കിൽ, സാമൂഹ്യനീതിയുടെ, തുല്യതയുടെ ജനാധിപത്യത്തെക്കുറിച്ച് നിങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു👩‍🎨👨‍🎨👩‍💼👩‍🔬👩‍🔬”

FB postarchived link

എന്നാൽ ഈ പെൺകുട്ടി നിൽക്കുന്നത് സംസ്ഥാന സ്കൂള്‍ യുവജനോത്സവ വേദിയുടെ അരികിലല്ലെന്നും ഗുരുവായൂരിലാണെന്നും  അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.  

 വസ്തുത ഇതാണ്

പെൺകുട്ടിയുടെ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇതേ വീഡിയോ സ്റ്റോറീസ്  ബൈ ശ്രീരാജ് എന്ന ഇൻസ്റ്റഗ്രാം പേജിൽ നിന്നും  ജനുവരി നാലിന് പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടു. പഴയകാല അമേരിക്കന്‍ കവി  റോബർട്ട് ഫ്രോസ്റ്റിന്‍റെ The woods are lovely, dark and deep, But I have promises to keep..!! എന്ന വരികൾക്കൊപ്പം “ആരതി അവളുടെ ജോലിയിൽ നിന്നുമുള്ള ഒഴിവു സമയത്ത്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ നൽകിയിട്ടുള്ളത്

ഇതുകൂടാതെ പല മാധ്യമങ്ങളും കുട്ടിയെ പറ്റി നല്‍കിയത് തെറ്റായ വാര്‍ത്തയാണ് എന്ന് വിശദമാക്കി ഇതേ കുട്ടിയുടെ ചിത്രം വെച്ച് മറ്റൊരു കുറിപ്പും ശ്രീരാജ്  ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. 

ഇംഗ്ലീഷിലുള്ള കുറിപ്പിന്‍റെ പരിഭാഷ ഇങ്ങനെ: 

“ക്ഷമിക്കണം, പല മാധ്യമങ്ങളും ആരതിയുടെ ദൃശ്യങ്ങള്‍ക്ക് വ്യാജ മാനങ്ങള്‍ നല്‍കുകയും അതിനെ ചുറ്റിപ്പറ്റി പുതിയ കഥകൾ സൃഷ്‌ടിക്കുകയും ചെയ്‌തതിനാൽ, ഇത് വീണ്ടും പോസ്റ്റുചെയ്യേണ്ടിവന്നു. (കൈരളി ന്യൂസ് ഒഴികെ)

ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ പ്രകടനം വീക്ഷിക്കുന്ന ആരതി എന്ന കുട്ടിയുടെ വീഡിയോ 2023 ജനുവരി 3-ന് (രാത്രി 08.30) ഞാൻ ചിത്രീകരിച്ചതാണ്. ഇത് പഴയ വീഡിയോയോ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ നിന്നുള്ള കാഴ്ചയോ അല്ല. ഒരു അരങ്ങേറ്റത്തിന്‍റെ ഷൂട്ടിങ്ങിന് ഞാൻ ഗുരുവായൂരിലായിരുന്നു. സ്റ്റേജിൽ കാത്തിരിക്കുമ്പോൾ, ഈ സുന്ദരിയായ പെൺകുട്ടി കൗതുകത്തോടെ പ്രകടനം കാണുന്നത് ശ്രദ്ധിച്ചു. നിമിഷങ്ങൾക്ക് മുമ്പ് അവൾ ഹെയർബാൻഡ് വിൽക്കുകയായിരുന്നു.

പേര് ചോദിച്ചപ്പോൾ രാജസ്ഥാൻ സ്വദേശിയാണെന്ന് പറഞ്ഞു. അവൾക്ക് നൃത്തം ഇഷ്ടമാണോ എന്ന ചോദ്യത്തിന്, “മ്യൂസിക് പസന്ദ് ഹേ” എന്ന് അവൾ പറഞ്ഞു. (അവൾക്ക് നൃത്തത്തേക്കാൾ സംഗീതമാണ് ഇഷ്ടം). അവൾ വീക്ഷിക്കുമ്പോള്‍ കലാമണ്ഡലം കാർത്തികേയൻ @ karthikeyan.paliparambil വേദിയിൽ ഒരു നൃത്തത്തിനായി പാടുകയായിരുന്നു. 

ആരതി രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു. അവളുടെ അച്ഛൻ ഒരു ടാറ്റൂ ആർട്ടിസ്റ്റാണ്. അവധിക്കാലത്ത് അവർ കുടുംബത്തോടൊപ്പം പല സ്ഥലങ്ങളും സന്ദർശിക്കാറുണ്ട്. ഇപ്പോൾ അവൾക്ക് സ്പോൺസർമാരുടെ ആവശ്യമില്ല. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് അവർ ഗുരുവായൂർ വിട്ടു. 

മറ്റു മാധ്യമങ്ങൾ വ്യാജ തിരക്കഥയെഴുതിയപ്പോൾ സൂര്യ കെ @_surya_suji_ (ബ്യൂറോ ഇൻ ചാർജ്, കൈരളി ന്യൂസ്, തൃശൂർ) സത്യം മനസ്സിലാക്കാനും  കുടുംബവിവരങ്ങൾ കണ്ടെത്താനും ശ്രമിച്ചതിന് നന്ദി.”

മേൽപത്തൂർ ഓഡിറ്റോറിയം എന്ന് ദൃശ്യങ്ങളില്‍ വ്യക്തമായി ബാനർ കാണാം. മേൽപ്പത്തൂർ ഓഡിറ്റോറിയം ഗുരുവായൂർ ക്ഷേത്രത്തിന്  സമീപത്താണ്. 

ശ്രീരാജ് ഇൻസ്റ്റഗ്രാം പോസ്റ്റില്‍ കൈരളി ചാനലിനെ പ്രത്യേകം പരാമർശിച്ചിട്ടുള്ളതിനാൽ ഞങ്ങൾ കൈരളി ഓൺലൈൻ വാർത്ത അന്വേഷിച്ചു നോക്കി.  കൈരളി ന്യൂസിന്‍റെ ഫേസ്ബുക്ക് പേജില്‍  ഈ വീഡിയോ ആധാരമാക്കി ഒരു വാര്‍ത്ത നൽകിയിട്ടുണ്ട്. രാജസ്ഥാനിൽ നിന്നുള്ള ആരതിയുടെ മാതാപിതാക്കളെയും വാർത്തയിൽ കാണിക്കുന്നുണ്ട്. രാജസ്ഥാനിൽ പൊതുഇടങ്ങളിൽ സ്ത്രീകൾ നൃത്തം ചെയ്യാറില്ല എന്നാണ് മാതാപിതാക്കൾ വ്യക്തമാക്കുന്നത്. നൃത്തം കണ്ട കൗതുകം കൊണ്ടാണ് കുട്ടി നോക്കി നിന്നതെന്ന് അവർ വിശദീകരിക്കുന്നു.

നിഗമനം 

നാടോടിയായ പെൺകുട്ടി കൌതുക പൂർവ്വം വേദിയിലെ ഡാൻസ് നോക്കി നിൽക്കുന്ന ഈ വീഡിയോയ്ക്ക് ഇപ്പോൾ സമാപിച്ച സംസ്ഥാന സ്കൂൾ യുവജനോത്സവവുമായി യാതൊരു ബന്ധവുമില്ല. ഗുരുവായൂരിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. കലോത്സവ വേദിയാണിതെന്ന്   തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:നാടോടി പെണ്‍കുട്ടി കൌതുകത്തോടെ നൃത്തം വീക്ഷിക്കുന്ന ദൃശ്യങ്ങള്‍ സ്കൂള്‍ യുവജനോല്‍സവ വേദിയില്‍ നിന്നുള്ളതല്ല…

Fact Check By: Vasuki S 

Result: MISLEADING

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *