കെ‌കെ ശൈലജ ടീച്ചര്‍ മുസ്ലിങ്ങള്‍ക്ക് എതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് വ്യാജ പ്രചരണം നടത്താന്‍ ഉപയോഗിയ്ക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…

പ്രാദേശികം | Local രാഷ്ട്രീയം | Politics

തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മുന്‍ മന്ത്രിയും എല്‍‌ഡി‌എഫ് വടകര സ്ഥാനാര്‍ത്ഥിയുമായ കെ‌കെ ശൈലജ ടീച്ചര്‍ മുസ്ലിങ്ങള്‍ക്ക് എതിരെ വര്‍ഗീയ പരാമര്‍ശം നടത്തി എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ലോഗോയുള്ള വീഡിയോ ദൃശ്യങ്ങളില്‍ കെ‌കെ ശൈലജ ടീച്ചര്‍ പറയുന്നതിങ്ങനെ: “മുസ്ലീം വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവർ ആർക്കെങ്കിലും എതിരൊന്നുമല്ല. എല്ലാത്തിലും കുറച്ചു വർഗീയവാദികൾ ഒക്കെയുണ്ട് എന്നാൽ മുസ്ലിം ജനവിഭാഗം ആകെ വർഗീയവാദികളാ…” മുസ്ലിങ്ങളെ മുഴുവനായി ശൈലജ ടീച്ചര്‍ വര്‍ഗീയ വാദികള്‍ എന്നാക്ഷേപിച്ചു എന്നവകാശപ്പെട്ട് വീഡിയോയുടെ മുകളിലൂടെയുള്ള എഴുത്ത് ഇങ്ങനെ: “മുസ്ലിം ജനവിഭാഗം ആകെ മൊത്തം വര്‍ഗീയ വാദികളാണെന്ന് LDF സാരഥി” 

FB postarchived link

എന്നാല്‍ ഇത് എഡിറ്റഡ് വീഡിയോ ആണെന്നും തെറ്റിദ്ധാരണ സൃഷ്ടിക്കാനായി പ്രചരിപ്പിക്കുകയാണെന്നും ഫാക്റ്റ് ക്രെസന്‍ഡോ അന്വേഷണത്തില്‍ കണ്ടെത്തി.

വസ്തുത ഇതാണ്   

ഞങ്ങള്‍ പ്രചരണത്തെ കുറിച്ച് തിരഞ്ഞപ്പോള്‍ കെ‌കെ ശൈലജ ടീച്ചറുമായി സംസാരിച്ച മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ ശൈലജ ടീച്ചര്‍ക്ക് എതിരെ വ്യാജ പ്രചരണമാണ് നടത്തുന്നത് എന്നു വ്യക്തമാക്കി ഫേസ്ബുക്കില്‍  എഴുതിയ കുറിപ്പ് ലഭിച്ചു. അരുണ്‍ കുമാറിന്‍റെ കുറിപ്പ്  ഇങ്ങനെ: “ടീച്ചറങ്ങനെ പറഞ്ഞിട്ടില്ല.

archived link

 “ഇന്ന് രാവിലെ അശ്വമേധത്തിൽ എന്നോട് സംസാരിച്ച വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ഷൈലജ ടീച്ചർ ചോദിച്ച ഒരു ചോദ്യം അടർത്തിയെടുത്ത് ചിലർ വർഗ്ഗീയ ചുവയോടെ പ്രചരിപ്പിക്കുന്നുണ്ട്. പൗരത്വ വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തോടുള്ള പ്രതികരണമാണ് ടീച്ചർ നടത്തിയത്‌. 

ടീച്ചർ പറഞ്ഞത് ഇങ്ങനെ: 

”മുസ്ലീം വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവർ ആർക്കെങ്കിലും എതിരൊന്നുമല്ല.

എല്ലാറ്റിലും കുറച്ചൊക്കെ വർഗ്ഗീയ വാദികളൊക്കെ ഉണ്ട്. എന്നാൽ മുസ്ലീം ജനവിഭാഗം ആകെ വർഗ്ഗീയ വാദികളാ?”

ഈ ചോദ്യത്തെ വക്രീകരിച്ച് മുസ്ലീം ജനവിഭാഗമാകെ വർഗ്ഗീയ വാദികളാണ് എന്ന് ടീച്ചർ പറഞ്ഞു എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത് അവാസ്തവമാണ്, തരം താണ പ്രചരണമാണ്. 

തിരഞ്ഞെടുപ്പ് ഒരു ഫെയർ പ്ലേ ആകണം,വ്യാജവാർത്തകളുടെ മറയിലാകരുത്.”

അതായത് മുസ്ലിം ജനവിഭാഗം ആകെ വര്‍ഗീയ വാദികളാണോ എന്ന ചോദ്യമാണ് യഥാര്‍ത്ഥത്തില്‍ കെ‌കെ ശൈലജ ടീച്ചര്‍ ഉന്നയിച്ചത്. മുസ്ലിങ്ങളെ പിന്തുണച്ചാണ് അവര്‍ സംസാരിക്കുന്നത്. കണ്ണൂര്‍ സ്ലാംഗിലുള്ള സംസാരം തെറ്റിദ്ധാരണക്ക് ഇടയാക്കിയതാകാം.  

വീഡിയോയുടെ എഡിറ്റ് ചെയ്യാത്ത പതിപ്പ് റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ നല്‍കിയിട്ടുണ്ട്. 

archived link

“റിപ്പോര്‍ട്ടര്‍ ടിവിയില്‍ വന്ന പ്രസ്താവനയെന്ന പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും” എന്ന വിവരണത്തോടെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഫേസ്ബുക്കില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. 

archived link

കെ‌കെ ശൈലജ ടീച്ചര്‍ക്ക് എതിരെ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ വര്‍ഗീയ മാനങ്ങള്‍ ചേര്‍ത്ത് വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന്  റിപ്പോര്‍ട്ടര്‍ ലൈവ് ഓണ്‍ലൈന്‍ പതിപ്പില്‍ വിശദീകരണ ലേഖനം നല്‍കിയിട്ടുണ്ട്. 

archived link

കൂടാതെ ഞങ്ങള്‍ കെ‌കെ ശൈലജ ടീച്ചറുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവുമായി സംസാരിച്ചു. മുസ്ലിം ജനവിഭാഗം ആകെ വര്‍ഗീയ വാദികളാണോ എന്നാണ് ടീച്ചര്‍ ചോദിച്ചതെന്നും അത്രയും ഭാഗം മാത്രം എഡിറ്റ് ചെയ്തെടുത്ത് വ്യാജ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം  വ്യക്തമാക്കി. 

നിഗമനം 

പോസ്റ്റിലെ വീഡിയോ എഡിറ്റഡാണ്. കെ‌കെ ശൈലജ ടീച്ചര്‍ മുസ്ലിങ്ങള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന വ്യാജ പ്രചരണത്തിനായി എഡിറ്റഡ് വീഡിയോ ഉപയോഗിക്കുകയാണ്. ‘മുസ്ലിം ജനവിഭാഗം ആകെ വര്‍ഗീയ വാദികളാണോ’ എന്നാണ് കെ‌കെ ശൈലജ ടീച്ചര്‍ ചോദിച്ചതെന്ന് ടീച്ചറുമായി സംസാരിച്ച മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ വ്യക്തമാക്കി. മുസ്ലിങ്ങളെ പിന്തുണച്ചാണ് ടീച്ചര്‍ വീഡിയോയുടെ ദൈര്‍ഘ്യമുള്ള പതിപ്പില്‍ സംസാരിക്കുന്നത്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കെ‌കെ ശൈലജ ടീച്ചര്‍ മുസ്ലിങ്ങള്‍ക്ക് എതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് വ്യാജ പ്രചരണം നടത്താന്‍ ഉപയോഗിയ്ക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…

Written By: Vasuki S 

Result: Altered