പശുവിനെ പുലി ക്രൂരമായി ആക്രമിക്കുന്ന ഈ ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല, സത്യമിതാണ്…

സാമൂഹികം

മരണത്തിന് സമാനതകളില്ല. അപ്രതീക്ഷിതമെന്നോ, ആകസ്മികമെന്നോ ഉള്ള വിശേഷണങ്ങളോടൊപ്പം ഭയാനകതയും മരണത്തോടൊപ്പം എത്തിയാലോ..? മരണത്തിന്‍റെ വന്യവും ഭീകരമായ മുഖം വെളിപ്പെടുത്തുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  

പ്രചരണം

റോഡിന്‍റെ വശങ്ങളിൽ സ്ഥാപിച്ച ബാരിക്കേഡ്  കമ്പികൾക്കിടയിലൂടെ പുള്ളിപുലി ഒരു പശുവിനെ ജീവനോടെ കഴുത്തിനു പിടിച്ച് കടിച്ചു വലിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. തന്‍റെ ജീവൻ തിരിച്ചു പിടിക്കാൻ പശു പരമാവധി ശ്രമിച്ചുവെങ്കിലും ഒടുവില്‍ തളർന്നു വീണപ്പോൾ പുലി കമ്പിയുടെ ഇടയിലൂടെ അതിനെ വലിച്ച് കാട്ടിനുള്ളിലേക്ക് എടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം.  ഈ സംഭവം നടന്നത് ശബരിമലയുടെ സമീപത്താണ് എന്ന് സൂചിപ്പിച്ച് പോസ്റ്റിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: 🙏 പമ്പ റോഡിൽ പശുവിനെ പുലി പിടിച്ചപ്പോൾ.. 🙏 വീഡിയോ കാണാം 😳😲

FB postarchived link

എന്നാൽ ഞങ്ങൾ ഞങ്ങൾ ദൃശ്യങ്ങളെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് കേരളത്തിൽനിന്നുള്ളതല്ല എന്ന് വ്യക്തമായി.  

വസ്തുത ഇതാണ്

ഞങ്ങള്‍ ആദ്യം ഞങ്ങൾ വനംവകുപ്പ് പബ്ലിക് റിലേഷൻസ് ഓഫീസറുമായി സംസാരിച്ചു. ഇങ്ങനെ ഒരു സംഭവം കേരളത്തിൽ നടന്നിട്ടില്ല എന്നും നടന്നിരുന്നുവെങ്കിൽ ഉറപ്പായും അത് വനംവകുപ്പ് അറിയുമായിരുന്നു എന്നും മാധ്യമ വാർത്ത ആകുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.  കൂടാതെ റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസുമായി ഞങ്ങൾ ബന്ധപ്പെട്ടു.  ഇത്തരത്തിലൊരു സംഭവം ശബരിമല ഭാഗത്ത്  നടന്നിട്ടില്ല എന്ന് റേഞ്ച് ഓഫീസര്‍ ഞങ്ങളോട് വ്യക്തമാക്കി. അപ്പോള്‍ സംഭവം കേരളത്തിലെതല്ല എന്നു വ്യക്തമായി. 

തുടര്‍ന്ന് വീഡിയോയുടെ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഇത് ഉത്തരാഖണ്ഡിലെ റാണിഖേത് എന്ന സ്ഥലത്തു നടന്നതാണ് എന്ന് സൂചിപ്പിക്കുന്ന ചില വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു.  ടൈംസ് ഓഫ് ഇന്ത്യ ഇതേ വീഡിയോ ഓഗസ്റ്റ് 16 നു പ്രസിദ്ധീകരിച്ചിട്ടുണ്ട് ഉത്തരാഖണ്ഡിലെ റാണിഖേത്തിന് സമീപം പുള്ളിപ്പുലി പശുവിനെ കൊന്നു എന്നാണ് തലക്കെട്ട് നൽകിയിട്ടുള്ളത്. കൂടാതെ ഉത്തരാഖണ്ഡില്‍ നിന്നുള്ള റാണിഖേത് ന്യൂസ് എന്ന പ്രാദേശിക യുട്യൂബ് ചാനലില്‍ കുറച്ചുകൂടി ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. 

വിശദാംശങ്ങൾക്കായി ഞങ്ങൾ റാണിഖേത് ഫോറസ്റ്റ് റേഞ്ച് ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ഓഫീസർ ജനങ്ങളെ അറിയിച്ചത് സംഭവം റാണിഖേത്തില്‍ നടന്നതല്ലെന്നും അടുത്തുള്ള അല്‍മോറ ജില്ലയില്‍ നടന്നതാണ് എന്നുമാണ്. അതിനാല്‍ ഞങ്ങള്‍ അല്‍മോറ ഫോറസ്റ്റ് റേഞ്ച് ഓഫീസുമായി ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ ഇത് അവിടെ സംഭവിച്ചതാണ് എന്ന് ഓഫീസര്‍ സ്ഥിരീകരിച്ചു. ബസോലി എന്ന ഗ്രാമത്തിനടുത്ത് ദേശീയപാതയുടെ സമീപത്താണ് ഈ സംഭവം നടന്നത്. ഈ ഭാഗങ്ങളില്‍  ഇതിനുമുമ്പും പുള്ളിപ്പുലിയുടെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ സംഭവം ഉത്തരാഖണ്ഡിൽ നടന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കേരളവുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല. 

നിഗമനം 

പോസ്റ്റിലെ പ്രചരണ പൂർണ്ണമായും തെറ്റാണ്. ക്രൂരമായ രീതിയിൽ പുള്ളിപ്പുലി പശുവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഉത്തരാഖണ്ഡിൽ നിന്നുള്ളതാണ്. ഉത്തരാഖണ്ഡ് വനംവകുപ്പ് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളവുമായി യാതൊരു ബന്ധവുമില്ലെന്ന് കേരളത്തിലെ വനംവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പമ്പ റോഡില്‍ നിന്നുള്ളതാണെന്ന തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പോടെ വീഡിയോ പ്രചരിപ്പിക്കുകയാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പശുവിനെ പുലി ക്രൂരമായി ആക്രമിക്കുന്ന ഈ ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല, സത്യമിതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •