
ശമ്പളം കൂട്ടി ചോദിച്ചതിന് സിമന്‍റ് കമ്പനിയിലെ ഡ്രൈവറെ ജീവനക്കാർ മർദ്ദിച്ചു എന്ന് ആരോപിച്ച് ഒരു വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്
പ്രചരണം
ശമ്പളവും ലൈസൻസും ചോദിച്ചതിന് ഡ്രൈവറെ ജീവനക്കാർ മർദ്ദിച്ചു എന്നാണ് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് അവകാശപ്പെടുന്നത്. മഞ്ഞ ടീഷർട്ട് ധരിച്ച ഒരാള്‍ കാക്കി ഷർട്ടും മുണ്ടും ധരിച്ച മറ്റൊരാളെ ഉപദ്രവിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. വീഡിയോയുടെ വിവരണം ഇങ്ങനെ: “സുഹൃത്തുക്കളെ..
കേരളത്തിലെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമാണ് ഇ കാണുന്നത്.
ഇ വീഡിയോക്ക് മുകളിൽ വന്ന മെൻഷൽ
ലൈസൻസും ശമ്പളവും ചോദിച്ചതിന് ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഡ്രൈവറെ ജീവനക്കാരൻ വര്ധിക്കുന്നു എന്നാണ് തലക്കെട്ട്.
പക്ഷെ എന്താണ് സംഭവം എന്നത് വരും ദിവസങ്ങളിൽ മനസ്സിലാവും എന്ന് കരുതുന്നു
അത്യന്ദം ഗൗരവ മുള്ള കാര്യം തന്നെയാണ് ഇത്. നിയമവും കോടതിയും നിലനിൽക്കുന്ന കാലത്ത് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉത്തരവാദിത്യ പെട്ടവരിൽ എത്തണമെന്നാണ് സാധാരണ മനുഷ്യൻ എന്ന നിലയിൽ എനിക്ക് പറയാനുള്ളത്..
ഇ സിനിമാസ്റ്റലിൽ അടിക്കുന്ന ഇ മര… മറ്റേമോനും ആ വിഡിയോ ചിത്രീകരിച്ചവനെയും എത്രയും പെട്ടന്ന് അധികാരികളിൽ എത്തുന്ന വരെ ഷെയർ ചെയ്യുക.
കുറ്റം എന്തു തന്നയായാലും നിയമം കൈയ്യിൽ എടുക്കാൻ ആർക്കും അധികാരമില്ല..
എന്നാലും യാഥാർഥ്യം നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒരു മനുഷ്യനെ ഇത്ര മൃഗീയമായി അടിക്കുന്നതിന്റെ വിഡിയോ ആണ് ഇത് അതും നമ്മുടെ കൊച്ചു കേരളത്തിൽ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഇ സംഭവം ജനങ്ങൾ അറിയണം. നാളെ ഇദ്ദേഹം മരണപെട്ടാൽ അതിന്റെ ഉത്തരവാദിത്യം ആര് ഏറ്റെടുക്കും???
അതുകൊണ്ട് ഇത് പരമാവധി ഷെയർ ചെയ്ത് ഇ വ്യക്തികളെ അധികാരികളുടെ മുന്നിൽ എത്തിക്കുക..”
എന്നാൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചരമാണിതെന്നും ഡ്രൈവറെ മർദ്ദിക്കുന്നതിന് പിന്നിലെ കാരണം മറ്റൊന്നാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി
വസ്തുത ഇങ്ങനെ
വീഡിയോ മുഴുവൻ കണ്ടു നോക്കിയാല്‍ അതിൽ മലയാളത്തിലുള്ള സംസാരം പശ്ചാത്തലത്തിൽ കേൾക്കാം. ഇയാൾ തന്നെയാണ് എന്ന് ഒരു കുട്ടി പറയുന്ന ശബ്ദം കേൾക്കാം കമ്പനിയുടെ പുറത്തേക്ക് കൊണ്ടുപോയി ചോദിക്കുവെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നതും വ്യക്തമാണ്. ഇയാളെ തല്ലുന്നത് ആരും തടയുന്നില്ല എന്നതും പ്രസക്തമാണ്. എന്തിനാണ് തല്ലുന്നതെന്ന് ഒരാൾ ചോദിക്കുമ്പോൾ അത് അയാൾക്കറിയാം എന്ന് തല്ലുന്നയാൾ പറയുന്നതും നമുക്ക് കേൾക്കാം
ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ തിരഞ്ഞപ്പോൾ മീഡിയ വൺ പ്രസിദ്ധീകരിച്ച ഒരു വാർത്ത ഫേസ്ബുക്കില്‍ നിന്നും ഞങ്ങൾക്ക് ലഭിച്ചു.
വാര്‍ത്ത പ്രകാരം ഡിസംബർ നാലാം തീയതിയാണ് സംഭവം നടന്നത്. മർദ്ദിക്കുന്ന ആളുടെ കുട്ടിയോട് ഡ്രൈവര്‍ ലൈംഗിക അതിക്രമം കാണിച്ചു എന്നാണ് പറയുന്നത്. കുഞ്ഞിനോട് സൌഹൃദം കാണിച്ച് ഇയാള്‍ അടുത്തു കൂടുകയും പിന്നീട് ഉപദ്രവിക്കുകയുമായിരുന്നു എന്നു വാര്‍ത്തയില്‍ വിശദമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ കുട്ടിയുടെ പിതാവിന്‍റെ അതായത് ഡ്രൈവറെ തല്ലുന്ന വ്യക്തിയുടെ ഭാക്ഷ്യം ചേര്‍ത്തിട്ടുണ്ട്.
“ഇന്ധനം വാങ്ങാന്‍ പമ്പിലേക്ക് മകനെ പറഞ്ഞുവിട്ടതാണെന്നും ഇതിനിടയിൽ ഡ്രൈവർ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുപോയി അവനോട് ലൈംഗിക അതിക്രമം കാണിച്ചു എന്നും ഇക്കാര്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതിൽ നിന്നാണ് മനസ്സിലാക്കാൻ ആയതെന്നും പിതാവ് വ്യക്തമാക്കുന്നു. 2022 ഡിസംബര്‍ നാലിന് നടന്ന സംഭവമാണിത്. ആരോ ഈയിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണെന്നും പിതാവ് വിശദമാക്കുന്നു.
സംഭവം നടന്നത് ഒല്ലൂർ പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഇന്ന് മീഡിയവൺ വാർത്തയിൽ വ്യക്തമാക്കുന്നുണ്ട്. ഇതനുസരിച്ച് ഞങ്ങൾ ഒല്ലൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “കുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തു. ചേര്‍ത്തല സ്വദേശിയാണ്. ഒല്ലൂരിലെ ഒരു സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ലോഡുമായി എത്തിയതാണ് ഡ്രൈവര്‍. സിമന്‍റ് കമ്പനിയില്‍ വേതനം കൂട്ടി ചോദിച്ചതിനാണ് മര്‍ദ്ദിച്ചത് എന്ന ആരോപണം പൂര്‍ണ്ണമായും തെറ്റാണ്.”
പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പഴയതാണെന്നും പോലീസ് നടപടി ആരംഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി കേരള പോലീസ് ഫേസ്ബുക്ക് പേജില്‍ കുറിപ്പ് നല്കിയിട്ടുണ്ട്.
നിഗമനം
വീഡിയോ ദൃശ്യങ്ങളില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിക്കുന്നത് വേതനം ചോദിച്ചതിനല്ല. മകന് നേരെ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിച്ചതിന് ഡ്രൈവറെ കുട്ടിയുടെ പിതാവ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണിത്. വേതനം ചോദിച്ചതിന് സിമന്‍റ് കമ്പനിയിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചു എന്ന വിവരണം പൂര്‍ണ്ണമായും തെറ്റാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:“ശമ്പളവും ലൈസൻസും ചോദിച്ചതിന് ഡ്രൈവറെ മർദ്ദിച്ചു…” വീഡിയോ ദൃശ്യങ്ങളുടെ സത്യമിതാണ്…
Fact Check By: Vasuki SResult: False
