
കേരളമടക്കം രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ ലോക്ക്ഡൌണ്‍ മൂലം കുടുങ്ങി കിടക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ തിരിച്ച് അവരുടെ സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ട് പോകാന്‍ മെയ് 17 വരെ പ്രത്യേക ട്രെയിനുകള്‍ സര്‍ക്കാരും റെയില്‍വേയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇതോടെ ഓടിഷ, ബീഹാര്‍, ഝാർഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ ജോലി ചെയ്യാന്‍ എത്തിയ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമായി. ഇതിന്‍റെ ഭാഗമായി മെയ് ഒന്നാം തീയതി മുതല്‍ കേരളത്തില്‍ നിന്ന് പല സംസ്ഥാനങ്ങളിലേക്ക് ആയിര കണക്കിന് അതിഥി തൊഴിലാളികള്‍ ട്രെയിന്‍ മാര്‍ഗം അവരുടെ സംസ്ഥാനളിലേയ്ക്ക് മടങ്ങി. ഇവര്‍ക്ക് ഭക്ഷണവും മറ്റു സാധനങ്ങളും കേരള സര്‍ക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൊടുക്കുകയുണ്ടായി. എന്നാല്‍ കൊടുത്ത ചോറിന് നന്ദി കാണിക്കാതെ സ്റ്റേഷന്‍ വിട്ടു പോകുന്ന തൊഴിലാളികള്‍ കേരള സര്‍ക്കാര്‍ നല്‍കിയ ഭക്ഷണം പ്ലാറ്റ്ഫോമില്‍ വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറലാണ്. ഈ ദൃശ്യങ്ങളുടെ വസ്തുത അറിയാന്‍ പലരും ഞങ്ങള്‍ക്ക് വാട്ട്സാപ്പില്‍ വീഡിയോ അയച്ചു. ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സംഭവത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. എന്താണ് ഈ സംഭവത്തിന്‍റെ വിവരങ്ങളില്‍ നിന്ന് മനസിലായ സത്യാവസ്ഥ, നമുക്ക് നോക്കാം.
വിവരണം
വാട്ട്സാപ്പ് സന്ദേശം–

ഫെസ്ബൂക്കില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍–

വീഡിയോ–
വസ്തുത അന്വേഷണം
വീഡിയോ ഒന്ന് സുക്ഷിച്ച് പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് റെയില്‍വേ സ്റ്റേഷന്‍റെ ബോര്‍ഡ് കണ്ടു. ഈ ബോര്‍ഡില്‍ റെയില്‍വേ സ്റ്റേഷന്‍റെ പേര് എഴുതിയിട്ടുണ്ട്. പേര് വ്യക്തമായി കാണുന്നിലെങ്കിലും സ്റ്റേഷന്‍ ആസന്‍സോള്‍ ജങ്ക്ഷന്‍ ആണ് എന്ന് ഞങ്ങള്‍ ഊഹിച്ചു.

ഞങ്ങള്‍ ഈ ഊഹം വെച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ടൈംസ് നൌ ഈ സംഭവത്തിനെ കുറിച്ച് നല്‍കിയ വാര്‍ത്ത ലഭിച്ചു. വാര്‍ത്തയുടെ വീഡിയോ നമുക്ക് താഴെ കാണാം.
വാര്‍ത്ത പ്രകാരം കേരളത്തില്‍ നിന്ന് ദാനാപ്പൂര്‍ (ബീഹാര്‍)ലേക്ക് പോകുന്ന പ്രത്യേക ശ്രമിക് എക്സ്പ്രെസ്സ് തീവണ്ടി പശ്ചിമ ബംഗാളിലെ ആസന്‍സോള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഈ സംഭവമുണ്ടായത്. ട്രെയിന്‍ ആസന്‍സോലില്‍ സ്റ്റേഷനില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാനായി നിര്‍ത്തി. ആസന്‍സോലില്‍ റെയില്‍വേ ഇവര്‍ക്ക് ഭക്ഷണം നല്‍കി. ഈ ഭക്ഷത്തിന് പഴക്കമുണ്ട് കേടുമുണ്ട് എന്ന് യാത്രികള്‍ അധികൃതരെ ആറിയിച്ചു. ഇവരെ പ്ലാറ്റ്ഫോമില്‍ ഇറങ്ങാന്‍ അനുവാദമുണ്ടായിരുന്നില്ല. അതിനാല്‍ പ്രതിഷേധത്തില്‍ ഇവര്‍ ഭക്ഷണം ട്രെയിന്‍റെ ജനാലക്കരികില്‍ നിന്ന്‍ പുറത്ത് എറിഞ്ഞു എന്നിട്ട് ആസന്‍സോലിലെ അധികൃതര്‍ക്കെതിരെ മുര്‍ദാബാദ് എന്ന മുദ്രാവാക്യങ്ങളും വിളിച്ചു. ഈ സംഭവമാണ് നാം വീഡിയോയില്‍ കാണുന്നത്. പക്ഷെ ട്രെയിന്‍ കേരളത്തിലെ ഏത് സ്റ്റേഷനില്‍ നിന്നാണ് പുറപ്പെട്ടത് എന്ന് വാര്‍ത്തയില്‍ പറഞ്ഞിട്ടില്ല. കുടാതെ ടൈംസ് നൌ അവരുടെ വെബ്‌സൈറ്റില്‍ നല്‍കിയ വാര്‍ത്ത പ്രകാരം ട്രെയിന്‍ കര്‍ണാടകയില്‍ നിന്ന് ഉത്തര്‍പ്രദേശിലെക്ക് പോകുന്ന ട്രെയിന്‍ ആയിരുന്നു എന്ന് എഴുതിട്ടുണ്ട്.

അതിനാല്‍ ഞങ്ങള്‍ ട്രെയിനിനെ കുറിച്ച് വിശദാംശങ്ങള്‍ നേടാനായി ആസന്‍സോള്‍ റെയില്‍വേ പോലീസിനോട് ബന്ധപെട്ടു. ആസാന്‍സോള്‍ റെയില്‍വേ പോലീസ് എ.എസ്.സി. കെ.സി. നായക് ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞത് ഇങ്ങനെ- “അന്ന് എനിക്ക് ഈ ഭാഗത്ത് ഡ്യൂട്ടി ഉണ്ടായിരുന്നില്ല പക്ഷെ ഞാന്‍ ഈ വീഡിയോയിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ട്രെയിന്‍ കേരളത്തിലെ തിരൂരില്‍ നിന്ന് പട്നയിലേക്ക് പോകുന്ന ട്രെയിന്‍ ആയിരുന്നു എന്ന് അറിയാന്‍ സാധിച്ചു.”
കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മെയ് രണ്ടാം തീയതി, അതായത് കഴിഞ്ഞ ശനിയാഴ്ച പട്നയിലേക്ക് അതിഥി തൊഴിലാളികളെ കൊണ്ടാക്കാനായി പ്രത്യേക ട്രെയിന്‍ ഉണ്ടായിരുന്നു.

നിഗമനം
ദൃശ്യങ്ങളില്‍ കാണുന്ന സംഭവം നടന്നത് പശ്ചിമ ബംഗാളിലെ ആസന്‍സോള്‍ റെയില്‍വേ സ്റ്റേഷനിലാണ്. കേരളത്തില്‍ നിന്ന് മടങ്ങി പോകുന്ന അതിഥി തൊഴിലാളികല്‍ പഴക്കവും കേടും ആരോപിച്ച് വലിച്ചെറിയുന്ന ഭക്ഷണം നല്‍കിയത് കേരള സര്‍ക്കാര്‍ അല്ല, പകരം റെയില്‍വേ ആണ്. ട്രെയിന്‍ മുദ്രാവാക്യം വിളിക്കുന്നത് റെയില്‍വേ അധികൃതര്‍ക്കെതിരെയാണ്.

Title:അതിഥി തൊഴിലാളികള്‍ ട്രെയിനില്‍ നിന്ന് ഭക്ഷണം വലിച്ചെറിയുന്നതിന്‍റെ വൈറല്‍ ദൃശ്യങ്ങള്‍ കേരളത്തിലെതല്ല…
Fact Check By: Mukundan KResult: False
