പ്രധാനമന്ത്രി പേനയും പേപ്പറുമായി എഴുതുന്നതുപോലെ അഭിനയിക്കുന്നു: ദൃശ്യങ്ങളുടെ സത്യമറിയൂ…

ദേശീയം രാഷ്ട്രീയം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ചില ഹാസ്യാത്മക പ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നമ്മൾ ഇടയ്ക്കിടെ കാണാറുണ്ട്.  ഇപ്പോൾ അദ്ദേഹത്തിന് എഴുതാനും അറിയില്ല എന്ന് വ്യക്തമാക്കി ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്

പ്രധാനമന്ത്രി പേപ്പറിൽ എന്തോ എഴുതുന്നതായി ഭാവിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന്  വാദിക്കുന്ന വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്.   വീഡിയോ ദൃശ്യങ്ങളിൽ  പേന പിടിച്ചിരിക്കുന്ന എടുത്ത് കാണിച്ചുകൊണ്ട് പേപ്പറിൽ പേന മുട്ടുന്നില്ല എന്നും ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുകയാണ് എന്നും വാദിച്ച് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ശാസ്ത്രത്താൽ കഴിയാത്തതായി ഒന്നുമില്ല..

നമുക്ക് എഴുതാനുള്ളത് മനസ്സിൽ വിചാരിച്ചു കൊണ്ട് പേപ്പറിൽ തൊടാതെ പേപ്പറിന് മുകളിലൂടെ അതിവേഗം പേന ചലിപ്പിച്ചാൽ നിങ്ങൾ മനസ്സിൽ കരുതിയത് പേപ്പറിൽ പതിയും…

സംശയം ഉള്ളവർ വീഡിയോ കാണുക.. 😄

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു തെറ്റായ പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നത് എന്ന് വ്യക്തമായി 

വസ്തുത ഇതാണ്

ഈ പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന വീഡിയോയുടെ പൂർണ്ണ പതിപ്പ് ലഭിക്കുന്നതിന് ഞങ്ങൾ വീഡിയോയുടെ കീ ഫ്രെയിമുകളുടെ ഒരു റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. 

2022 ഫെബ്രുവരി 16-ന് പ്രധാനമന്ത്രി ന്യൂഡൽഹിയിലെ കരോൾബാഗിലെ ഗുരു രവിദാസ് വിശ്രം ധാം ക്ഷേത്രം സന്ദർശിച്ചപ്പോഴുള്ള വീഡിയോ ആണിത്. പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ ഹാന്‍റിലുകളില്‍ വീഡിയോയുടെ പൂര്‍ണ്ണ രൂപം അപ്ലോഡ് ചെയ്തിട്ടുണ്ട്. വ്യക്തതയുള്ള ഈ വീഡിയോ മുഴുവനും കണ്ടു നോക്കിയാല്‍ പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് വ്യക്തമാകും.  

7.50 മിനിറ്റിൽ, മോദി കസേരയിൽ ഇരിക്കുന്നതും മുന്നിലുള്ള ഒരു നോട്ട്ബുക്കിൽ എഴുതിയ വാചകത്തിലൂടെ പേന ചൂണ്ടി വായിച്ചു പോകുന്നത് കാണാം. വാചകത്തിലൂടെ കടന്നുപോകുമ്പോൾ, അദ്ദേഹം  ഒരു പേന പിടിച്ചിരുന്നു. ഏകദേശം 25-30 സെക്കൻഡിൽ, അദ്ദേഹം വാചകത്തിന് തൊട്ടുതാഴെ എന്തോ എഴുതുന്നതും കാണാം. 

അവശേഷിക്കുന്ന ചോദ്യങ്ങൾ ഇവയാണ്: മോദി എന്താണ് വായിക്കുന്നത്, എന്താണ് അദ്ദേഹം എഴുതിയത്?

ഗുരു രവിദാസിന്‍റെ ജീവിതം ഒരു പ്രചോദനമായിരുന്നുവെന്ന് സന്ദർശക പുസ്തകത്തിലെ സന്ദേശത്തിൽ പറയുന്നു. സന്ദേശം എഴുതി ചേര്‍ത്തത് പ്രധാനമന്ത്രിയെ ആയിരുന്നില്ല. ഉദ്യോഗസ്ഥനാണ് അദ്ദേഹത്തിന് വേണ്ടി സന്ദേശം എഴുതിയത്. വായിച്ചു നോക്കിയശേഷം പ്രധാനമന്ത്രിയെ ഒപ്പിടുകയാണ് ഉണ്ടായത്. 

എച്ച് ഡബ്ലിയു എന്ന മാധ്യമം വിസിറ്റേഴ്സ് ബുക്കിൽ എഴുതിയ പേജ് വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഡൽഹി കരോൾ ബാഗിലെ ഗുരു രവിദാസ് വിശ്രം ധാം മന്ദിർ കോൺടാക്ട് നമ്പർ ഇന്‍റർനെറ്റിൽ ലഭ്യമാണ്. ഞങ്ങൾ ഈ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിൽ നിന്നും അറിയിച്ചത് ഇങ്ങനെയാണ്: “പ്രധാനമന്ത്രിക്ക് വേണ്ടി വിസിറ്റേഴ്സ് ബുക്കിൽ അനുഭവം എഴുതി ചേര്‍ത്തത് അദ്ദേഹത്തിന്‍റെ ടീമിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥരായിരുന്നു. അങ്ങനെയാണ് കീഴ്വഴക്കം. അത് വായിച്ചുനോക്കി ബോധ്യപ്പെട്ട ശേഷം അദ്ദേഹം ഒപ്പിടുകയാണ് ചെയ്തത്.” 

ഗുരു രവിദാസ് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷം പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ പേജില്‍ നല്കിയിട്ടുണ്ട്. അതേ വേഷം തന്നെയാണ് അദ്ദേഹം ധരിച്ചിരിക്കുന്നത് എന്നു കാണാം: 

പ്രധാനമന്ത്രി ബുക്കില്‍ എഴുതുന്നതുപോലെ പോലെ അഭിനയിക്കുകയാണ് എന്ന അവകാശവാദം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ഡൽഹി കരോൾബാഗ് ഗുരു രവിദാസ് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷം പ്രധാനമന്ത്രിയുടെ ടീമിലെ ഉദ്യോഗസ്ഥൻ അദ്ദേഹത്തിനുവേണ്ടി എഴുതിയ വാചകങ്ങൾ പരിശോധിച്ച ശേഷം ഒപ്പിടുന്ന ദൃശ്യങ്ങളാണ് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പ്രധാനമന്ത്രി പേനയും പേപ്പറുമായി എഴുതുന്നതുപോലെ അഭിനയിക്കുന്നു: ദൃശ്യങ്ങളുടെ സത്യമറിയൂ…

Fact Check By: Vasuki S 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •