പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് സംസാരിച്ചു എന്നു പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡാണ്… വസ്തുത അറിയാം…

പ്രാദേശികം | Local രാഷ്ട്രീയം | Politics

മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും വോട്ട് ചെയ്യാന്‍ വോട്ടര്‍മാര്‍ തയ്യാറാകണം എന്ന് പൊതുവേദിയില്‍ ആഹ്വാനം ചെയ്യുന്നു എന്നവകാശപ്പെട്ട് അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

വീഡിയോ ദൃശ്യങ്ങളില്‍ ഇടുക്കി കട്ടപ്പനയില്‍ ഏപ്രില്‍ മൂന്നിന് സംഘടിപ്പിച്ച തെരെഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകള്‍ ഇങ്ങനെ: “ആർക്കും ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഈ തിരഞ്ഞെടുപ്പിൽ  വരാൻ പോകുന്നത്. അപ്പോൾ ഏറ്റവും കൂടുതൽ അംഗബലമുള്ള പാർട്ടി ഏതാണോ ആ പാർട്ടിയുടെ നേതാവിനെയാണ് മന്ത്രിസഭ രൂപീകരിക്കാൻ വിളിക്കുക. രാഹുൽ ഗാന്ധിയെ  വിളിക്കണമെങ്കിൽ കോൺഗ്രസ് ഏറ്റവും കൂടുതൽ അംഗബലമുള്ള പാർട്ടിയാണ്.  ഇവിടെ മത്സരിക്കുന്ന കോൺഗ്രസുകാരെ എല്ലാം അത്  ജയിപ്പിക്കാൻ തയ്യാറാവണം. ഇവിടുത്തെ LDF ന്‍റെ  സ്ഥാനാർത്ഥി വിജയിച്ചില്ലെങ്കിലും…  രണ്ടുകൂട്ടരും ബിജെപിക്ക് എതിരാണല്ലോ. പ്രധാനമന്ത്രിയായി വരാൻ സാധ്യതയുള്ള ഗവൺമെന്‍റ് രൂപീകരിക്കാൻ സാധ്യതയുള്ള കക്ഷിക്ക് വിജയം ഉറപ്പാക്കണം”

കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പിന്തുണച്ചും അനുകൂലിച്ചുമാണ് മുഖ്യമന്ത്രി പ്രസംഗിക്കുന്നത് എന്ന് അവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “പിണറായിക്ക് വരെ കാര്യം മനസ്സിലായി😄😄”

FB postarchived link

എന്നാല്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് സംസാരിച്ച പ്രസംഗത്തില്‍ നിന്നും കുറച്ചു ഭാഗം മാത്രം എഡിറ്റ് ചെയ്തെടുത്ത് ദുഷ്പ്രചാരണം നടത്തുകയാണെന്ന് അന്വേഷണത്തില്‍ ഫാക്റ്റ് ക്രെസന്‍ഡോ കണ്ടെത്തി.

വസ്തുത ഇതാണ്  

ഇടതുപക്ഷക്കാരനായ സംസ്ഥാന മുഖ്യമന്ത്രി കോണ്‍ഗ്രസ്സ് പാര്‍ട്ടിയെയും  രാഹുല്‍ ഗാന്ധിയെയും അനുകൂലിച്ച് സംസാരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അത് വാര്‍ത്തകളില്‍ ഇടംനേടുമായിരുന്നു. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ആരുംതന്നെ ഇങ്ങനെ വാര്‍ത്ത നല്‍കിയിട്ടില്ല. അതിനാല്‍ ഫാക്റ്റ് ക്രെസന്‍ഡോ മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി‌എം മനോജിനോട് വിശദാംശങ്ങള്‍ തിരക്കി. അദ്ദേഹം നല്കിയ വിശദീകരണം ഇങ്ങനെ: “മുഖ്യമന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിച്ച് വ്യാജ പ്രചരണം നടത്തുകയാണ്. യഥാര്‍ത്ഥത്തില്‍ 2019 ലെ ലോക്സഭാ തെരെഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശകലനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്തത് എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ ചെറിയ ഭാഗം മാത്രമെടുത്താണ് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തുന്നത്. പ്രസംഗം മുഴുവന്‍ കേട്ടാല്‍ കോണ്‍ഗ്രസ്സ് അനുകൂലമല്ല അദ്ദേഹത്തിന്‍റെ വാക്കുകള്‍ എന്നു വ്യക്തമാകും.” 

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്‍റെ ദൈര്‍ഘ്യമുള്ള വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു: 

archived link

മുഖ്യമന്ത്രിയുടെ വാക്കുകള്‍ തുടങ്ങുന്നത് ഇങ്ങനെ: “2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപിയുടെ  ഗവണ്‍മെന്‍റ് ഒരുവട്ടം പൂർത്തിയാക്കി രണ്ടാം വട്ടത്തിലേക്കാണ് ജനവിധി തേടുന്നത്, അത് വലിയ ആപത്താണെന്ന് പൊതുവേ അഭിപ്രായമുണ്ട്.  നമുക്കെല്ലാം ആ അഭിപ്രായംതന്നെ. ഇവിടെ രാഹുൽ ഗാന്ധി മത്സരിക്കാൻ വന്നു, വയനാട്ടില്‍. കോണ്‍ഗ്രസ്സ്കാര്‍ വ്യാപകമായി പ്രചരിപ്പിച്ചു, രാഹുൽ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രി. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് ഇവിടെ വന്നിട്ടുള്ളത്. അതിന്‍റെതായൊരു പ്രത്യേകത ഉണ്ടാക്കാന്‍ അവര്‍ ശ്രമിച്ചു. ഒരുഘട്ടമായപ്പോള്‍ കോണ്‍ഗ്രസ്സ്കാരുടെ പ്രചരണത്തിന്‍റെ രീതിമാറി.” (ഇത്രയും പറഞ്ഞ ശേഷമാണ് വൈറല്‍ വീഡിയോയില്‍ പ്രചരിക്കുന്ന വാചകങ്ങള്‍ അദ്ദേഹം പറയുന്നത്)

തുടർന്ന് അദ്ദേഹം പറയുന്നത് ഇങ്ങനെ: “എൽഡിഎഫിനോട് വിരോധമില്ലാത്ത അവരടക്കം ഒരുപറ്റം ആളുകൾ ആ ആ വാദം അംഗീകരിച്ചു എൽഡിഎഫിനോട് പ്രത്യേക വിരോധമൊന്നുമില്ല എന്നാലും ഏറ്റവും കൂടുതൽ അംഗങ്ങളുള്ള വലിയ കക്ഷി ഇല്ലാതാകേണ്ട ഇതാണ് പൊതുവേ പലരും ചിന്തിച്ചത് തിരഞ്ഞെടുപ്പ് കഴിഞ്ഞു നല്ല തിരിച്ചടി എൽഡിഎഫിന് ഉണ്ടായി അത് എൽഡിഎഫിനോടുള്ള വിരോധത്തിൻറെ ഭാഗമൊന്നുമല്ല യഥാർത്ഥത്തിൽ അതിനുശേഷം തിരഞ്ഞെടുപ്പ് നടന്നപ്പോൾ നാമത് കണ്ടതാണ് ഈ നിലപാടെടുത്തവർ അടക്കമുള്ള ആളുകൾ അഞ്ചുവർഷത്തെ ഇക്കഴിഞ്ഞ പ്രവർത്തനത്തെ ഓരോ ഘട്ടത്തിലും വലിയ വേദനയോടെ കാര്യങ്ങൾ നോക്കി കണ്ടു. 

തങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചവർ ലോക്സഭയിൽ എതിർക്കേണ്ട കാര്യങ്ങൾ വരുമ്പോൾ എതിർക്കുന്നില്ല എന്നതാണ് അവരെ വേദനിപ്പിച്ചത് രാജ്യത്തെ ബാധിക്കുന്ന ഒട്ടനേകം പ്രശ്നങ്ങൾ നമ്മുടെ മതനിരപേക്ഷത തകർക്കുന്ന നടപടികൾ രാജ്യത്തിൻറെ ജനാധിപത്യ മൂല്യങ്ങൾ തകർക്കുന്ന നടപടികൾ ഒന്നിനും വേണ്ടരീതിയിൽ ശബ്ദമുയരുന്നില്ല അത്തരം ഘട്ടങ്ങളിലെല്ലാം കേരളത്തിന്റെ ശബ്ദം ഉച്ഛസ്ഥായിയിൽ പണ്ട് കേട്ടിരുന്നു ആ ശബ്ദം നേർത്തുപോയി….”

ഇങ്ങനെ കോൺഗ്രസ് പാർട്ടിയെ വിമർശിക്കുകയാണ് അദ്ദേഹം യഥാർത്ഥത്തിൽ ചെയ്തത് കൂടാതെ ഞങ്ങൾ കൈരളി വാർത്ത വിഭാഗവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തനിക്കെതിരെ വ്യാജ പ്രചരണത്തെക്കുറിച്ച് മറുപടി നൽകുന്ന വീഡിയോ ഫാക്റ്റ് ക്രെസന്‍ഡോയ്ക്ക് കൈമാറി. 

രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് മുഖ്യമന്ത്രി കട്ടപ്പനയില്‍ പ്രസംഗിച്ചുവെന്ന പ്രചരണത്തെ കുറിച്ച് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിക്കുന്നത് ഇങ്ങനെ: “എങ്ങനെ കാര്യങ്ങള്‍ വളച്ചൊടിക്കാമെന്നതിന്‍റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണല്ലോ ഇത്. 2019 ലെ തെരെഞ്ഞെടുപ്പില് നമ്മുടെ കേരളത്തിന് കനത്ത തിരിച്ചടിയുണ്ടായി. അന്ന് നല്ല രീതിയില്‍ യു‌ഡി‌എഫ് ജയിച്ചുവന്നു. എന്തുകൊണ്ടാണ്..? ആ ഭാഗമാണ് ഞാന്‍ പറയുന്നത്. അന്ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചപ്പോള്‍ ആദ്യം കോണ്‍ഗ്രസ്സ്കാര്‍ പറഞ്ഞു, ഇത് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ്, അത്കൊണ്ട് അദ്ദേഹത്തിന് പിന്തുണ നല്‍കണം. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു, ഇന്ത്യയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാനിടയില്ല. അപ്പോള്‍ കൂടുതല്‍ അംഗബലമുള്ള പാര്‍ട്ടിയെയാണ് ഗവണ്‍മെന്‍റ് രൂപീകരിക്കാന്‍ വിളിക്കുക. 

ആസമ്മാനിച്ച വിജയത്തിന്‍റെ ഭാഗമായ അഞ്ചു വര്‍ഷത്തെ അനുഭവമെന്താണ്..? ഈ വോട്ട് ചെയ്തവര്‍ അഞ്ചു വര്‍ഷക്കാലത്തെ ആ വിവിധ ഘട്ടങ്ങളിലുള്ള അനുഭവങ്ങള്‍ വല്ലാത്ത വേദനയോടെയല്ലേ നോക്കിക്കണ്ടത്..? ഈ ഉദാഹരണം പറയുകയാണ് ഞാന്‍ ചെയ്തത്. ഇതെങ്ങനെ രാഹുല്‍ ഗാന്ധിയെ ന്യായീകരിക്കലാകും..?”

ഇങ്ങനെയാണ് അദ്ദേഹം വിശദീകരിക്കുന്നത്. മുഖ്യമന്ത്രി തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ വിമര്‍ശിക്കുന്ന വീഡിയോയുടെ ചെറിയ ഭാഗം എഡിറ്റ് ചെയ്തെടുത്ത് വ്യാജ പ്രചരണം നടത്തുകയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് സംസാരിച്ച് എന്ന പേരില്‍ മറ്റൊരു വീഡിയോ ഇതിനുമുമ്പ് പ്രചരിച്ചിരുന്നു. എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണെന്ന് ഫാക്റ്റ് ക്രെസന്‍ഡോ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ലേഖനം വായിക്കാം: 

തെരെഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യണമെന്നും കോണ്‍ഗ്രസ്സിനെ വിജയിപ്പിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞതായി വ്യാജ പ്രചരണം…

നിഗമനം 

പോസ്റ്റിലെ വീഡിയോ എഡിറ്റഡാണ്. 2019 ലെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള  കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് സമീപനത്തെ വിമര്‍ശിച്ചു കൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്‍റെ ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്തെടുത്ത് അദ്ദേഹം കോണ്‍ഗ്രസ്സ് പാര്‍ട്ടിയെയും രാഹുല്‍ ഗാന്ധിയെയും ന്യായീകരിച്ച് പ്രസംഗിച്ചു എന്ന് വ്യാജ പ്രചരണം നടത്തുകയാണ്.  

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് സംസാരിച്ചു എന്നു പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡാണ്… വസ്തുത അറിയാം…

Fact Check By: Vasuki S 

Result: Altered