ആഗ്രയിലെ പോലീസ് റെയ്ഡിന്‍റെ വീഡിയോ മധ്യപ്രദേശിന്‍റെ പേരില്‍ വര്‍ഗീയ മാനങ്ങളോടെ പ്രചരിക്കുന്നു…

ദേശീയം

മധ്യപ്രദേശിലെ ഹുക്ക എന്ന ബാറിൽ മുസ്ലീം ആൺകുട്ടികൾ ഹിന്ദു പെൺകുട്ടികളെ ലവ് ജിഹാദിലൂടെ വലയിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലായി എന്നവകാശപ്പെട്ട്  ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 

പ്രചരണം 

ഒരു കഫേയിലെ ക്യാബിനുകളുള്ള ഉള്‍ഭാഗത്തേക്ക് പോലീസുകാർ കയറുന്നതും കമിതാക്കള്‍ സ്വകാര്യ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നതു അവര്‍ കാണുന്നതുമായ ദൃശ്യങ്ങള്‍  വീഡിയോ കാണിക്കുന്നു. പോലീസുകാര്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ അവര്‍ അരുതെന്ന് യാചിക്കുന്നുണ്ട്. 

ഇത് ലവ് ജിഹാദിന്‍റെ നേര്‍ക്കാഴ്ഛായാണെന്നും സംഭവം നടന്നത് മദ്ധ്യപ്രദേശിലെ ഹൂക്ക ബാറിലാണ് എന്നും അവകാശപ്പെട്ട് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇന്നലെ റെയ്ഡ് നടത്തിയ മധ്യപ്രദേശിലെ ഹുക്ക ബാറിൽ 30 പേരെയും.. 15 ആൺകുട്ടികളെയും 15 പെൺകുട്ടികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.  എല്ലാ പെൺകുട്ടികളും നല്ല കുടുംബത്തിൽ നിന്നുള്ളവരാണ്,

 പക്ഷേ എല്ലാ ആൺകുട്ടികളും മുസ്ലീങ്ങളും പെൺകുട്ടികളെല്ലാം ഹിന്ദുക്കളും, ഒരു മുസ്ലീം പെൺകുട്ടി പോലും അവിടെ ഇല്ല എന്നതാണ് പ്രധാനം.

ഇതാണ് സാംസ്കാരിക Jihad.

  ആർക്കെങ്കിലും ഇതിനെക്കുറിച്ച് ചിന്തിക്കണമെങ്കിൽ സമചിത്തതയോടെ ചിന്തിക്കുക.. അല്ലാത്തപക്ഷം എന്താണ് സംഭവിക്കുന്നത്, അത് അനുഭവിക്കുക.”

archived linkFB post

എന്നാല്‍ ഈ ദൃശ്യങ്ങള്‍ ആഗ്രയില്‍ നിന്നുള്ളതാണെന്നും ലവ് ജിഹാദുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

വൈറൽ വീഡിയോയിൽ നിന്നുള്ള കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ യുപി തക് 2022 ഓഗസ്റ്റ് 12-ന് പ്രസിദ്ധീകരിച്ച ലേഖനം ലഭിച്ചു. ഉത്തർപ്രദേശിലെ ആഗ്രയില്‍ ഒരു കഫേയിൽ പോലീസ് നടത്തിയ റെയ്ഡിന്‍റെ വീഡിയോ ആണിത് എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 

റിപ്പോര്‍ട്ടിന്‍റെ പരിഭാഷ ഇങ്ങനെ: “ഹരിപര്‍വത് പോലീസ് സ്റ്റേഷനില്‍ നിയോഗിക്കപ്പെട്ട മൂന്ന് പോലീസുകാര്‍ കഫേയ്ക്കുള്ളില്‍ നടത്തിയ റെയ്ഡിനിടെ യുവാക്കളും യുവതികളുടെയും സ്വകാര്യ നിമിഷങ്ങളുടെ  വീഡിയോ ചിത്രീകരിച്ചു. അവര്‍ അരുതെന്ന് അപേക്ഷിച്ചുകൊണ്ടിരുന്നെങ്കിലും പോലീസുകാര്‍ ഗൗനിച്ചില്ല. ഈ വീഡിയോ വൈറലായതിനെ തുടർന്ന് മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു.വീഡിയോ വൈറലായതോടെ നഗരത്തിൽ വലിയ കോളിളക്കം ഉണ്ടായി. പോലീസിന്‍റെ പ്രവർത്തന ശൈലിയെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. ഏകദേശം 12 ദിവസം മുമ്പാണ് ഹരിപർവ്വത് പോലീസ് കഫേയിൽ റെയ്ഡ് നടത്തി. വൈറലായ വീഡിയോയെ കുറിച്ച് എസ്എസ്പിക്ക് വിവരം ലഭിച്ചു. എസ്എസ്പി അന്വേഷണം നടത്തിയപ്പോഴാണ് മൂന്ന് പോലീസുകാരുടെ അനുചിതമായ നടപടികൾ പുറത്തുവന്നത്. 

അമർ ഉജാല, ദൈനിക് ജാഗരന്‍, എന്നിവയുൾപ്പെടെയുള്ള ഹിന്ദി വാർത്താ ഏജൻസികളും സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

പിന്നീട് ഞങ്ങള്‍ ആഗ്രയിലെ ഹരിപർവ്വത് പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് എഎസ്പി സത്യനാരായണ പ്രജാപതിനോട് സംസാരിച്ചു. വൈറൽ വീഡിയോയ്ക്കു വർഗീയ തലങ്ങളില്ലെന്ന് അദ്ദേഹം ഞങ്ങളോട് സ്ഥിരീകരിച്ചു. റെയ്ഡിൽ പിടിക്കപ്പെട്ട കമിതാക്കള്‍ ഹിന്ദു സമുദായത്തിൽ നിന്നുള്ളവരാണെന്നും പ്രായപൂർത്തിയായവരാണെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു. എന്നാൽ, അവര്‍ ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ആർക്കെതിരെയും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതേ ഫാക്റ്റ് ചെക്ക് ഞങ്ങളുടെ ഇംഗ്ലീഷ്ഗുജറാത്തി ടീം ചെയ്തിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ  വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം തെറ്റാണ്. ഉത്തർപ്രദേശിലെ ആഗ്രയില്‍ സഞ്ജയ് പ്ലേസ് ഏരിയയിൽ ഒരു കഫേയിൽ പോലീസ് നടത്തിയ റെയ്ഡിൽ കമിതാക്കളെ കണ്ടെത്തിയ സംഭവത്തിന് വർഗീയ തലങ്ങള്‍ ഇല്ലെന്ന് ഹരിപർവത്ത് പോലീസ് സ്ഥിരീകരിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ആഗ്രയിലെ പോലീസ് റെയ്ഡിന്‍റെ വീഡിയോ മധ്യപ്രദേശിന്‍റെ പേരില്‍ വര്‍ഗീയ മാനങ്ങളോടെ പ്രചരിക്കുന്നു…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •