പി‌പി ചിത്തരഞ്ജൻ എംഎൽഎ സഭയില്‍ മോശം വാക്കുകള്‍ പറഞ്ഞുവെന്ന് അവകാശപ്പെടുന്ന വീഡിയോ എഡിറ്റഡാണ്… സത്യമറിയൂ

രാഷ്ട്രീയം | Politics

പ്രതിപക്ഷത്തിനെതിരെ അധിക്ഷേപ വാക്കുകളുമായി പിപി ചിത്തരഞ്ജൻ എംഎൽഎ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട് 

പ്രചരണം

വീഡിയോദൃശ്യങ്ങളിൽ പി പി ചിത്തരഞ്ജൻ എംഎൽഎ സഭ്യമല്ലാത്ത വാക്കുകൾ സഭയിൽ എണീറ്റ് നിന്ന് വിളിച്ചു പറയുന്നതായി കാണാൻ സാധിക്കുന്നുണ്ട്.  അദ്ദേഹം സഭ്യമല്ലാത്ത വാക്കുകൾ സംസാരിച്ചു എന്ന് ആരോപിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ചുമ്മാതല്ല മാധ്യമ വിലക്ക്‌…

#നിർത്തെടാ പട്ടികളെ. 🤢ചിത്തരഞ്ജൻ വിചാരിച്ചത് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ആണെന്നാണ് 😁 പിന്നീടാണ് മനസ്സിലായത് നിയമസഭ ആണെന്ന് 😁 സിപിഎം നേതാവിന്റെ ക്വാളിറ്റി ഉണ്ട് 😁” 

FB postarchived link

ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ എഡിറ്റ് ചെയ്ത വീഡിയോ ആണെന്നും ദുഷ്പ്രചരണം നടത്താന്‍ ഉപയോഗിക്കുകയാണെന്നും വ്യക്തമായി. 

വസ്തുത ഇങ്ങനെ 

 വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചാൽ എംഎൽഎയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ചേർത്തതാണ് എന്ന് വ്യക്തമാകും. സഭയിൽ ഇരിക്കുന്ന ബാക്കിയെല്ലാവരും ഇത്തരത്തില്‍ പദപ്രയോഗം നടന്നാല്‍ ഇങ്ങനെ ആയിരിക്കില്ല പ്രതികരിക്കുക. മന്ത്രി പി.രാജീവ്, വീണാ ജോര്‍ജ് എന്നിവരെയും ദൃശ്യങ്ങളില്‍ കാണാം.  ഇത്തരത്തിൽ പദപ്രയോഗം നടത്തിയാൽ സഭയില്‍ എല്ലാവരും ശ്രദ്ധിക്കുമായിരുന്നു. 

 ദൃശ്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ പി പി ചിത്തരഞ്ജൻ എംഎൽഎ യുമായി സംസാരിച്ചു. അദ്ദേഹം അറിയിച്ചത് ഇങ്ങനെയാണ്:  “ദുഷ്പ്രചരണം എന്‍റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സഭയിൽ ഇത്തരത്തിൽ പദപ്രയോഗം നടത്തിയാൽ എന്താണ് ഉണ്ടാവുകയെന്ന് പൊതുജനങ്ങളെ പ്രത്യേകം പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. ദൃശ്യങ്ങള്‍ നിങ്ങള്‍ നോക്കൂ… ഇങ്ങനെ ഞാന്‍ പദപ്രയോഗം നടത്തിയെങ്കില്‍ ആരും ശ്രദ്ധിക്കാത്തത് എന്താണ്? സ്പീക്കര്‍ എനിക്കെതിരെ ആക്ഷന്‍ എടുക്കില്ലേ? സഭയ്ക്ക്  നിരക്കാത്ത പദപ്രയോഗങ്ങൾ നടത്തിയാല്‍ എനിക്കെതിരെ നടപടി ഉണ്ടാകുമായിരുന്നു. മാത്രമല്ല, ഇത്തരത്തിൽ വാക്കുകൾ ഉപയോഗിച്ചിരുന്നുവെങ്കിൽ പ്രതിപക്ഷ അംഗങ്ങള്‍ പ്രതികരിക്കാതെ ഇരിക്കില്ലല്ലോ? എനിക്കെതിരെ ഏതെങ്കിലും മാധ്യമങ്ങളിൽ വാർത്ത വരികയോ ഒന്നും ഉണ്ടായിട്ടില്ല. ഇതുവരെയുള്ള സഭാ ദൃശ്യങ്ങള്‍ കണ്ടുനോക്കൂ. അപ്പോള്‍ വാസ്തവം അറിയാം. ദൃശ്യങ്ങളില്‍ കാണുന്ന  ഷർട്ട് ഞാൻ രണ്ടര മാസം മുമ്പ് നടന്ന നിയമസഭാ യോഗങ്ങളിൽ എപ്പോഴോ ഇട്ടതാണ്.  ഈ അടുത്തകാലത്തൊന്നും ഉപയോഗിച്ചതല്ല. എനിക്കെതിരെ എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് വ്യാജപ്രചരണം നടത്തുകയാണ്.”

നിയമസഭാ ടിവിയില്‍ സഭയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അപ്ഡേറ്റ് ചെയ്യാറുണ്ട്. ഇതിലെ ദൃശ്യങ്ങളില്‍ ഒന്നും പിപി ചിത്തരഞ്ജന്‍ പോസ്റ്റില്‍ ആരോപിക്കുന്നത് പോലുള്ള പദപ്രയോഗം നടത്തിയതായി കാണിക്കുന്നില്ല. 

ഇത്തരത്തില്‍ പ്രചരണം വന്നതിനെ തുടര്‍ന്ന് പിപി ചിത്തരഞ്ജന്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ദുഷ്പ്രചാരണത്തിനെതിരെ കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. 

തെറ്റായ പ്രചരണമാണ് വീഡിയോ വച്ച് നടത്തുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം 

പോസ്റ്റിലെ വീഡിയോ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. അദ്ദേഹം നിയമസഭയില്‍ സഭ്യമല്ലാത്ത പദപ്രയോഗങ്ങള്‍ നടത്തിയിട്ടില്ല. എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് പി പി ചിത്തരഞ്ജൻ എംഎൽഎക്കെതിരെ ദുഷ്പ്രചരണം നടത്തുകയാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പി‌പി ചിത്തരഞ്ജൻ എംഎൽഎ സഭയില്‍ മോശം വാക്കുകള്‍ പറഞ്ഞുവെന്ന് അവകാശപ്പെടുന്ന വീഡിയോ എഡിറ്റഡാണ്… സത്യമറിയൂ

Fact Check By: Vasuki S 

Result: Altered