ഫിഫ കപ്പ് ഫൈനല്‍ കാണാനെത്തിയവര്‍ക്കെല്ലാം സമ്മാനം: പ്രചരിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ:

Misleading അന്തര്‍ദേശീയം

ഫിഫ ലോകകപ്പ് 2022 അർജന്‍റീന നേടിയതോടെ മഹാ മാമാങ്കത്തിന് കൊടിയിറങ്ങി. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ അർജന്‍റീന  വിജയിച്ച സന്തോഷവും അവരവരുടെ ടീമുകൾ പോരാടി പിൻവാങ്ങിയതിലുള്ള സങ്കടങ്ങളും ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ പങ്കിട്ടു കൊണ്ടിരിക്കുന്നു. ഫൈനൽ മത്സരത്തിനുശേഷം ഇപ്പോൾ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഫൈനൽ മത്സരങ്ങൾ കാണാൻ എത്തിയവർക്ക് വേണ്ടി ഖത്തര്‍  സമ്മാനപ്പൊതികൾ നൽകിയെന്നാണ് വീഡിയോ പങ്കുവച്ച് അറിയിക്കുന്നത്. 

പ്രചരണം  

ഗാലറിയിൽ കിടക്കുന്ന ഓരോ കസേരയിലും ഗിഫ്റ്റ് ബാഗുകൾ വെച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുറക്കുമ്പോൾ ഫിഫ ലോകകപ്പ് കപ്പ് 2022 മായി ബന്ധപ്പെട്ട ചില കൗതുകകരങ്ങളായ സമ്മാനങ്ങൾ കാണാന്‍ സാധിക്കുന്നുണ്ട്. ലോകകപ്പ് ഫൈനൽ മത്സരം വീക്ഷിക്കാൻ എത്തിയ കാണികൾക്ക് ഖത്തർ നൽകുന്ന സമ്മാനമാണിത് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “ഫൈനൽ കാണാനെത്തിയ എല്ലാർക്കും സമ്മാനം…… ഖത്തർ👍🙏🙏”

FB postarchived link

എന്നാൽ ഈ ദൃശ്യങ്ങൾ ഫൈനൽ മത്സരങ്ങളിൽ നിന്നുള്ളതല്ലതെന്നും ആദ്യത്തെ പ്രദർശന മത്സരത്തിൽ നിന്നുള്ളതാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.  

വസ്തുത ഇങ്ങനെ

ഞങ്ങൾ വാർത്തയുടെ പ്രധാനപ്പെട്ട കീവേഡുകൾ ഉപയോഗിച്ച് ഗൂഗിളില്‍ തിരഞ്ഞപ്പോൾ യുകെയിൽ നിന്നുള്ള ദ സൺ പ്രസ്തുത സമ്മാന വിതരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്ത ലഭിച്ചു. 

ഫിഫ പ്രദർശന മത്സരത്തോടനുബന്ധിച്ചാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. അതായത് നവംബര്‍ 20 ന് ഖത്തരും ഇക്വഡോറും തമ്മിലുള്ള മല്‍സരം നടന്ന അല്‍ബെയ്ത്ത് സ്റ്റേഡിയത്തില്‍. 

“ഖത്തറിലെ ലോകകപ്പ് സംഘാടക സമിതി “അൽ-ബൈത്ത്” സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ആരാധകർക്കും നിരവധി “സമ്മാനം” അടങ്ങിയ ഒരു ബാഗ് നൽകുമെന്ന് പ്രഖ്യാപിച്ചു. ബാഗിൽ ഒരു ബാക്ക്പാക്ക്, സ്റ്റിക്കറുകൾ, ഒരു സോക്കർ ബോൾ തുടങ്ങി നിരവധി സമ്മാനങ്ങൾ അടങ്ങിയിരിക്കുന്നു.” എന്ന ഉള്ളടക്കത്തോടെ അറബിക് മാധ്യമം gomhuriaonline വാര്‍ത്ത  പ്രസിദ്ധീകരിച്ചിട്ടുണ്ട്.    

വേൾഡ് കപ്പ് 2022 പ്രദർശന മത്സരത്തിൽ കളി കാണാനെത്തിയ  സാധാരണക്കാരായ ആരാധകർക്കും  വിഐപി ക്കും ഒരേപോലെ വിലപിടിച്ച  സമ്മാനങ്ങൾ അടങ്ങിയ  സഞ്ചികൾ ഖത്തർ വിതരണം ചെയ്യുന്നതിനെക്കുറിച്ച് മുന്‍ ലോക് സഭാ എംപി  എംപി ഹാജി ഷാഹിദ് ആഖ്ലാഖ് ഫേസ്ബുക്കിൽ നവംബര്‍ 22 ന് പോസ്റ്റ് നൽകിയിട്ടുണ്ട്. 

സമ്മാനപ്പൊതികൾ നൽകിയതിനെക്കുറിച്ച് നിരവധി മാധ്യമങ്ങള്‍  വാർത്ത നൽകിയിട്ടുണ്ട്. 2022 നവംബർ 20 മുതലാണ് ഇതേ വീഡിയോയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വാർത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്. ലോകകപ്പ് ഫൈനൽ നടന്നത് ഡിസംബർ 18 നാണ്.  പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ നവംബർ 20 മുതൽ ഇൻറർനെറ്റിൽ ലഭ്യമാണ്. അതിനാൽ തന്നെ ഫൈനൽ മത്സരവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ഖത്തറിൽ ഫിഫ ലോകകപ്പ് 2022 തുടങ്ങിയ ദിവസം നവംബര്‍ 20 ന് പ്രദർശന മത്സരത്തോടനുബന്ധിച്ചാണ് സമ്മാനപ്പൊതികൾ വിതരണം ചെയ്തത്.  ഖത്തറും ഇക്വഡോറും തമ്മിലായിരുന്നു മത്സരം. മത്സരത്തിൽ ഇക്വഡോർ വിജയിച്ചു. സമ്മാനം നിറച്ച സഞ്ചികള്‍ ഗാലറിയിലെത്തിയ ആരാധകര്‍ക്കായി ഖത്തര്‍ കരുതി വച്ചിരിക്കുന്ന ഈ ദൃശ്യങ്ങള്‍ക്ക് ഫിഫ ലോകകപ്പ് ഫൈനല്‍ മല്‍സരവുമായി യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഫിഫ കപ്പ് ഫൈനല്‍ കാണാനെത്തിയവര്‍ക്കെല്ലാം സമ്മാനം: പ്രചരിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ:

Fact Check By: Vasuki S 

Result: MISLEADING

  •  
  •  
  •  
  •  
  •  
  •  
  •  
  •