
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും പീഡന ശ്രമങ്ങളും ഇപ്പോള്‍ നിത്യ സംഭവമായിട്ടുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.
പ്രചരണം
ഒരു തയ്യൽക്കാരൻ സ്ത്രീയുടെ വസ്ത്രത്തിന്റെ അളവെടുക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. വീഡിയോയിൽ തയ്യല്ക്കാരന് യുവതിയുടെ ശരീരത്തില്‍ തെറ്റായ രീതിയില്‍ സ്പര്‍ശിക്കുന്നതായി കാണാം. ആരുടെ ഭാഗത്ത് നില്ക്കും എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ നല്‍കിയിട്ടുള്ളത്.
തയ്യല്‍ക്കടയില്‍ അളവെടുക്കുന്ന വേളയില്‍ പോലും പീഡന ശ്രമങ്ങള്‍ ഉണ്ടാകും എന്ന സന്ദേശത്തോടെ പ്രചരിക്കുന്ന ഈ വീഡിയോ എന്നാല്‍ യഥാര്‍ത്ഥ സംഭവത്തിന്റെതല്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത ഇങ്ങനെ
ഞങ്ങൾ വീഡിയോയുടെ കീ ഫ്രെയിമിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഈ വീഡിയോ യഥാർത്ഥ സംഭവമല്ലെന്നും ബോധവൽക്കരണത്തിനായി സ്ക്രിപ്റ്റ് ചെയ്ത വീഡിയോ ആണെന്നും കണ്ടെത്തി.
ഞങ്ങൾ വീഡിയോ ശ്രദ്ധാപൂർവ്വം വീക്ഷിച്ചപ്പോള്‍ വീഡിയോയുടെ താഴെ copy right third eye എന്ന് എഴുതിയിട്ടുണ്ട് എന്ന് കാണാന്‍ സാധിച്ചു. ഈ സൂചനയനുസരിച്ച്, ഞങ്ങൾ യൂട്യൂബിൽ തിരഞ്ഞു. 3RD EYE എന്ന യൂട്യൂബ് ചാനലില്‍ മാർച്ച് 12-ന് അപ്ലോഡ് ചെയ്ത ഇതേ വീഡിയോയുടെ മുഴുവന്‍ ഭാഗം ഞങ്ങൾ കണ്ടെത്തി.
വീഡിയോയുടെ തലക്കെട്ട് ഇങ്ങനെ: “ഫിറ്റിംഗ് മാസ്റ്റർ സോഷ്യൽ അവയർനസ് വീഡിയോ ബൈ 3rd Ey | Ideas Factory” എന്നാണ്. വീഡിയോയുടെ ഒപ്പമുള്ള വിവരണമനുസരിച്ച്, ഈ വീഡിയോ സാമൂഹിക അവബോധത്തിന് വേണ്ടി നിർമ്മിച്ചതാണ്.

വീഡിയോയുടെ ഇംഗ്ലീഷ് വിവരണം ഇങ്ങനെ: “കണ്ടതിന് നന്ദി! വ്യത്യസ്ത സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആളുകളെ ബോധവാന്മാരാക്കാൻ ഈ ചാനൽ സ്ക്രിപ്റ്റഡ് നാടകങ്ങളും പാരഡികളും മുന്നോട്ട് വയ്ക്കുന്നു. ഈ ഹ്രസ്വചിത്രങ്ങൾ വിനോദത്തിനായി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്. ചാനലിൽ അവബോധം വളർത്തുന്ന ഉള്ളടക്കം കാണാൻ കഴിയുന്ന പാറ്റേണുകളുള്ള നിരവധി വീഡിയോകൾ കാണാം. ഇവരുടെ ഫേസ്ബുക്ക് പേജിലും സമാന വീഡിയോകള്‍ കാണാം.
നിഗമനം
പോസ്റ്റിലെ വീഡിയോ യഥാര്‍ഥത്തില്‍ ഉള്ളതല്ല. ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശത്തോടെ തയ്യാറാക്കിയ വീഡിയോ യില്‍ നിന്നുള്ള ചെറിയ ഭാഗമാണ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്. ഈ വീഡിയോ സ്ക്രിപ്റ്റ്ഡ് ആണ്. യഥാര്‍ത്ഥ സംഭവമാണ് എന്നു തെറ്റിദ്ധരിച്ച് പലരും ദൃശ്യങ്ങളോട് പ്രതികരിക്കുകയാണ് ചെയ്യുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:തയ്യല്‍ക്കടയിലെ ‘പീഡന ശ്രമം’ – ബോധവൽക്കരണ വീഡിയോയാണ്, യഥാര്‍ത്ഥ സംഭവത്തിന്റെതല്ല…
Fact Check By: Vasuki SResult: Misleading
