വെള്ളച്ചാട്ടത്തിന് സമീപം മലവെള്ളപ്പാച്ചിലില്‍ വിനോദസഞ്ചാരികള്‍ ഒഴുകിപ്പോയ ദൃശ്യങ്ങള്‍ ഇന്ത്യയിലെതല്ല, സത്യമറിയൂ… 

അന്തര്‍ദേശീയം

ഇക്കഴിഞ്ഞ ജൂൺ 30 ന് ഉല്ലാസം പങ്കിടാനായി മഹാരാഷ്ട്രയിലെ പൂനെയിലെ ലോണാവാലയിലെ ഭൂഷി അണക്കെട്ടിന്‍റെ സമീപത്ത് പാറക്കെട്ടില്‍ എത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മിന്നല്‍ പോലെ ഇരച്ചെത്തിയ മലവെള്ളത്തില്‍ മരണത്തിലേയ്ക്ക് ഒഴുകി പോകുന്നത്  നിസ്സഹായരായി കണ്ടു നില്‍ക്കാനേ അവിടെ കൂടിയവര്‍ക്ക് കഴിഞ്ഞുള്ളൂ. മഴക്കാലത്ത്, മഴയില്ലാത്ത ദിവസമാണെങ്കില്‍ പോലും ഇത്തരം മലവെള്ളപ്പാച്ചില്‍ അപ്രതീക്ഷിതമായി കടന്നുവരുമെന്നും പരിചയമില്ലാത്ത വെള്ളക്കെട്ടുകളില്‍ മഴക്കാലത്ത് ഇറങ്ങരുതെന്നും സര്‍ക്കാരും വിദഗ്ധരുംമുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ സംഭവത്തിന് ശേഷം വെള്ളച്ചാട്ടത്തില്‍ ഇറങ്ങി അപകടത്തില്‍ പ്പെട്ടവരുടെ നിരവധി വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ളതാണെന്ന മട്ടില്‍ ചില വീഡിയോകളും തെറ്റിദ്ധാരണ സൃഷ്ടിച്ച് പ്രചരിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇവിടെ കൊടുത്തിടുള്ളത്. 

പ്രചരണം 

 ഒരു സംഘം ആളുകള്‍ ചെറിയ വെള്ളച്ചാട്ടത്തിന് സമീപമുള്ള പാറയില്‍ നിന്നുകൊണ്ട് വെള്ളച്ചാട്ടം ആസ്വദിക്കുന്നത് കാണാം. പെട്ടെന്ന് ചിലര്‍ പിന്തിരിഞ്ഞ് ഓടി സുരക്ഷിതമായ സ്ഥലത്തേക്ക് നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. ഏതാനും നിമിഷങ്ങള്‍ക്കകം മലവെള്ളം ആര്‍ത്തിരമ്പി എത്തിയപ്പോള്‍ ഏതാനും പേര്‍ക്ക്  ഓടി രക്ഷപ്പെട്ട് കരയിലെത്താന്‍ കഴിഞ്ഞില്ല. ഒപ്പമുള്ളവര്‍ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം വിഫലമാവുകയാണ് ഉണ്ടായത്. വെള്ളപ്പാച്ചിലിന്‍റെ ശക്തി കൂടിയപ്പോള്‍ പിടിച്ച് നില്ക്കാന്‍ കഴിയാതെ മൂവരും ഒഴുകിപ്പോയി. കരയിലുണ്ടായിരുന്നവര്‍ നിസ്സഹായരായി ആര്‍ത്തുവിളിച്ചു. ഈ വീഡിയോ  എവിടെ നടന്നതാണെന്ന് വിവരണത്തില്‍ വ്യക്തമല്ല. എങ്കിലും ലോനവലായ്ക്ക് ശേഷം വീണ്ടും  ഉണ്ടായ അപകടം എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “വെള്ള ചാട്ടം കാണാൻ പോയി

വീണ്ടും അപകടത്തിൽ പെട്ടവർ

നമ്മൾ ഒക്കെ അറിഞ്ഞതിലും കെട്ടതിലും മഹ ശക്തി ആണ് കാറ്റിനും വെള്ളത്തിനും അഗ്നിക്കും”

FB postarchived link

ഇന്ത്യയിലുണ്ടായ അപകടമാണെന്ന് തെറ്റിദ്ധരിച്ച് പലരും വീഡിയോയ്ക്ക് കമന്‍റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇക്വഡോറില്‍ 2023 ഒക്ടോബറില്‍ നടന്ന സംഭവമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ  

ഞങ്ങൾ വീഡിയോ കീഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ 2023 ഒക്ടോബർ 17-ന്  സ്പാനിഷ് ഭാഷയില്‍ Qué Noticias പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചു. ഇക്വഡോറിലെ നാപോ പ്രവിശ്യയിലെ ഹോളിൻ വെള്ളച്ചാട്ടത്തിലാണ് സംഭവം നടന്നത്. ഏതാനും  വിനോദസഞ്ചാരികൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി എന്നു റിപ്പോര്‍ട്ടിലുണ്ട്. 

ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ ഹോളിൻ നദിയിലെ അപകടവുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു.  ടെലിയാമസോനസ്, എലുനിവേഴ്സോ എന്നീ മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വാർത്താ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

2023 ഒക്‌ടോബർ 17-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇക്വഡോറിലെ നാപോ പ്രവിശ്യയിലെ ആർക്കിഡോണ കാന്‍റണിലെ ഹോളിൻ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നാല് വിനോദസഞ്ചാരികൾ ഒഴുകിപ്പോയതായി പരാമർശിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. പ്രചരിക്കുന്ന വീഡിയോയില്‍ നിന്നുള്ള അതേ ദൃശ്യങ്ങള്‍ തന്നെയാണ് മാധ്യമ വാര്‍ത്തകളില്‍ കൊടുത്തിട്ടുള്ളത്. 

2023 ഒക്‌ടോബർ 13നാണ് അപകടമുണ്ടായതെന്ന് എലുനിവേഴ്‌സോയുടെ റിപ്പോർട്ടിൽ പറയുന്നു. വിനോദസഞ്ചാരികൾ സ്ഥലത്തെത്തിയപ്പോൾ നദി ശാന്തമായിരുന്നെന്നും എന്നാൽ പെട്ടെന്നുള്ള മഴയിൽ വെള്ളം അപകടനിലയിലേക്ക് ഉയരാൻ ഇടയാക്കിയെന്നും പറയുന്നു.  അപകടത്തിൽ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. 

ഇതേ സംഭവത്തിന്‍റെ കുറച്ചുകൂടി ദൈര്‍ഘ്യമുള്ള വീഡിയോ യുട്യൂബില്‍ ലഭ്യമാണ്. 

വെള്ളച്ചാട്ടത്തിന് സമീപം അപകടമുണ്ടായ ദൃശ്യങ്ങള്‍ ഇക്വഡോറിൽ നിന്നുള്ളതാണെന്ന്  അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

വെള്ളച്ചാട്ടത്തിന് സമീപം പുഴയില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്ന് വിനോദസഞ്ചാരികള്‍ ഒഴുകി പോകുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇന്ത്യയിലെതല്ല. ഇക്വഡോറില്‍ 2023 ഒക്ടോബറില്‍ നടന്ന സംഭവമാണിത്. ദൃശ്യങ്ങള്‍ക്ക് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വെള്ളച്ചാട്ടത്തിന് സമീപം മലവെള്ളപ്പാച്ചിലില്‍ വിനോദസഞ്ചാരികള്‍ ഒഴുകിപ്പോയ ദൃശ്യങ്ങള്‍ ഇന്ത്യയിലെതല്ല, സത്യമറിയൂ…

Fact Check By: Vasuki S 

Result: MISLEADING

Leave a Reply

Your email address will not be published. Required fields are marked *