
രാജ്യത്തെ യുവാക്കൾക്ക് നാലു വർഷത്തേക്ക് സൈന്യത്തില്‍ പ്രവേശനം നൽകുന്ന കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ നടക്കുകയാണ്. പലയിടത്തും പ്രക്ഷോഭങ്ങൾ അക്രമാസക്തമാവുകയുണ്ടായി. അക്രമാസക്തമായ പ്രക്ഷോഭത്തിന്റെ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
യുപിയിലെ പോലീസിന്റെ അവസ്ഥ എന്ന അടിക്കുറിപ്പോടെ നൽകിയിട്ടുള്ള വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത് റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ നേരെ കല്ലെറിയുന്ന ജനക്കൂട്ടത്തെയാണ്. യുപിയിൽ നിന്നുള്ള പ്രക്ഷോഭത്തിന്റെ വീഡിയോ ആണ് എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്.
തെറ്റായ പ്രചാരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
വസ്തുത ഇതാണ്
സെക്കന്ദരാബാദ് ഉത്തർപ്രദേശിലല്ല തെലുങ്കാനയിലാണ്. ഗൂഗിൾ മാപ്പ് എടുത്ത് ലൊക്കേഷൻ നോക്കിയാൽ ആർക്കും അനായാസം ഇക്കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. മാത്രമല്ല, റെയില്‍വേ സ്റ്റേഷന്റെ പേര് തെലുങ്ക് ഭാഷയില്‍ സെക്കന്തരാബാദ് എന്നു എഴുതിയിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ ജൂണ്‍ 17 ന് അഗ്നിപഥ് പദ്ധതിയുടെ പേരില്‍ പ്രക്ഷോഭം നടന്നിരുന്നു. ഇക്കാര്യം പല മാധ്യമങ്ങളിലും വാർത്തയായി വന്നിട്ടുണ്ട്. ഫസ്റ്റ് പോസ്റ്റ് പ്രസിദ്ധീകരിച്ച വാര്‍ത്ത ഇങ്ങനെ:
“സായുധ സേനയുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ‘അഗ്നിപഥ’ത്തിനെതിരെ ജൂൺ 17 ന് സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധത്തില്‍ തീയിടുകയും അക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ 46 പേരെ അറസ്റ്റ് ചെയ്തതായി റെയിൽവേ പോലീസിലെ (ജിആർപി) മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
അക്രമത്തിന് ആർമി റിക്രൂട്ട്മെന്റ് കോച്ചിംഗ് അക്കാദമികളിൽ ചിലതാണ് പ്രതിഷേധക്കാരെ ഇളക്കി വിട്ടതെന്ന് പോലീസ് സൂപ്രണ്ട് (ജിആർപി) അനുരാധ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തുടക്കത്തിൽ 300 ഓളം പേർ ഗേറ്റ് നമ്പർ 3 വഴി സ്റ്റേഷനിൽ പ്രവേശിച്ചു. ഒടുവിൽ, എണ്ണം 2,000 ആയി ഉയർന്നു, അവരിൽ ചിലർ വടികളും പെട്രോൾ ക്യാനുകളും കരുതിയിരുന്നു. റെയിൽവേയുടെ വസ്തുവകകൾ നശിപ്പിക്കുകയും കോച്ചുകൾ കത്തിക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു.”
ഗൂഗിൾ ലൊക്കേഷൻ മാപ്പിൽ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന്റെ നിരവധി ചിത്രങ്ങൾ ലഭ്യമാണ്.

ഈ വീഡിയോ ദൃശ്യങ്ങളില്‍ കാണുന്ന റെയില്‍വേ സ്റ്റേഷനുമായി സമാനതയുള്ളതാന് മുകളിലെ ചിത്രം. അഗ്നിപഥ് പദ്ധതിക്കെതിരെ തെലുങ്കാനയിലെ സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രക്ഷോഭത്തിന് ഉത്തർപ്രദേശുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് അഗ്നിപഥ് പദ്ധതിക്കെതിരെ തെലുങ്കാനയിലെ സെക്കന്തരാബാദിൽ ആണ് പ്രക്ഷോഭം നടന്നത്. സെക്കന്ദരാബാദ് യുപിയിലല്ല സ്ഥിതിചെയ്യുന്നത്. തെലുങ്കാന സംസ്ഥാനത്താണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:അഗ്നിപഥിനെതിരെ തെലങ്കാനയില്‍ നടന്ന പ്രക്ഷോഭത്തിന്റെ ഈ ദൃശ്യങ്ങള്‍ക്ക് ഉത്തര്‍പ്രദേശുമായി യാതൊരു ബന്ധവുമില്ല…
Fact Check By: Vasuki SResult: False
