FACT CHECK: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഉണ്ടായ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ ഉത്തര്‍ പ്രദേശിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

ദേശീയം

ഉത്തർപ്രദേശിൽ നിന്നും ഉള്ളതാണ് എന്ന് വാദിച്ച് ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ വൈറലാകുന്നു. ജാതീയവും സാമുദായികവുമായ വേർതിരിവുകൾ വളരെയേറെ നിലനിൽക്കുന്ന സ്ഥലമാണ് ഉത്തര്‍ പ്രദേശ് എന്ന് തെളിയിക്കുന്ന  ഇടയ്ക്കിടെ  പരക്കെ പ്രചരണമുണ്ട്

വീഡിയോ ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് ചിത്രീകരിച്ചതാണ് എന്ന് കരുതുന്നു.  പോലീസുകാർ യുവാക്കളെ മർദിക്കുന്നതിന്‍റെയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുന്നതിന്‍റെയും അസ്വസ്ഥജനകമായ ദൃശ്യങ്ങൾ കാണാം. പൊതുജനങ്ങളും പോലീസുകാരും ഉള്‍പ്പെടുന്ന സംഘര്‍ഷത്തിലേയ്ക്ക് ഏറെപ്പേര്‍ എത്തിപ്പെടുന്നുണ്ടെന്ന് വീഡിയോ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. 

വീഡിയോയുടെ മുകളിൽ ഇംഗ്ലീഷ് ഇങ്ങനെ എഴുതിയിട്ടുണ്ട്. New rule in uttar Pradesh No namz on roads- (even UK PM couldn’t stop it). കൂടാതെ വീഡിയോ യോടൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “U. P. യിൽ റോഡ് ബ്ലോക്ക്‌ ചെയ്ത് നിസ്കാരം നടത്തിയവരെ പോലീസ് കൈകാര്യം ചെയ്യുന്നു” 

archived linkFB post

അതായത് യുപിയിൽ പൊതുനിരത്തിൽ നമസ്കാരം നടത്താൻ അനുവദിക്കാതെ പോലീസ് ഭക്തരെ അടിച്ചോടിക്കുന്നു എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്.  ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചു തെറ്റായ പ്രചരണമാണ് വീഡിയോ ഉപയോഗിച്ച്  നടത്തുന്നത് എന്ന് കണ്ടെത്തി.

സംഘർഷത്തെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടുകൾക്കായി ഞങ്ങൾ കീവേര്‍ഡ് അന്വേഷണം നടത്തി നോക്കിയപ്പോള്‍, 2021 ഒക്ടോബർ 20-ന് ടൈംസ്‌ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു. 

വീഡിയോയിലെ ദൃശ്യങ്ങളോട് സാദൃശ്യമുള്ള ചിത്രം റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.  മധ്യപ്രദേശിലെ ജബൽപൂരിൽ മീലാദ്-ഉൻ-നബി പ്രമാണിച്ച് പ്രാർഥനയ്‌ക്കായി ഭക്തർ ഒത്തുകൂടുന്നതിനിടെ പോലീസിന് നേരെ പടക്കങ്ങളും കല്ലുകളും എറിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ എംപി തക് എന്ന വാർത്താ ഏജൻസി 2021 ഒക്ടോബർ 19 ന് ജബൽപൂരിൽ നടന്ന ഏറ്റുമുട്ടലിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയുണ്ടായി. പോസ്റ്റിലെ വീഡിയോയില്‍ സംഭവം നടന്ന അതേ സ്ഥലത്തുനിന്ന് തന്നെയുള്ള ദൃശ്യങ്ങളാണ് ഇതെന്ന് രണ്ടു ദൃശ്യങ്ങളും കണ്ടാല്‍ പെട്ടെന്ന് മനസ്സിലാകും. 

വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ “എസ്. ദീൻ ടെയ്‌ലേഴ്‌സ്”, എന്നൊരു  കടകളുടെ പേര് ഏതാനും ഫ്രെയിമുകളിൽ കണ്ടെത്തി. തുടർന്ന് ഞങ്ങൾ ഗൂഗിള്‍ മാപ്പില്‍ കട തിരഞ്ഞു. ഇത്  മധ്യപ്രദേശിലെ ജബൽപൂർ നഗരത്തിലെ ഗോഹൽപൂർ ഏരിയയിലാണ് സ്ഥിതി ചെയ്യുന്നത്. സ്ക്രീൻഷോട്ടുകൾ താഴെ കാണാം:

കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താൻ ഈ സൂചന ഉപയോഗിച്ച് ഞങ്ങള്‍  എസ്. ദീൻ ടെയ്‌ലേഴ്‌സ് എന്ന കടയുടെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടു. വീഡിയോ ജബല്‍പൂരില്‍ നിന്നുള്ളതാണെന്നും ഈദ് ഘോഷയാത്രയ്ക്ക് ശേഷം ആരാധകർക്ക് നേരെ മധ്യപ്രദേശ് പോലീസ് ലാത്തി ചാർജ്ജ് ചെയ്ത സംഭവമാണ് കാണിക്കുന്നതെന്നും കടയുടെ ഉടമയായ ഇർഫാൻ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു. സംഭവത്തിന്‍റെ വിശദാംശങ്ങള്‍ അന്വേഷിച്ച് പല മാധ്യമങ്ങളും തന്നെ വിളിച്ചതായും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.  

സംഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ ജബൽപൂർ എസ്പി സിദ്ധാർത്ഥ് ബഹുഗുണയെ ഞങ്ങള്‍ വിളിച്ചിരുന്നു. വീഡിയോ ജബൽപൂരിൽ നിന്നുള്ളതാണെന്നും ഈദ് ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ നിന്നുള്ളതാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. നിബന്ധനകള്‍ അവഗണിച്ച് ജനക്കൂട്ടം നിയമ ലംഘനം നടത്തിയതിനെ തുടര്‍ന്നാണ്‌ പോലീസിന് ലാത്തിചാർജ് ചെയ്യേണ്ടി വന്നത്. വാസ്തവത്തിൽ അവരിൽ ചിലർ പോലീസിന് നേരെ ആക്രമണം ആരംഭിച്ചു. 20 ലധികം പേര് ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.”  

ഏതായാലും ഈ സംഭവം നടന്നത് യുപിയില്‍ അല്ലെന്നും മധ്യപ്രദേശിലെ ജബല്‍പൂരില്‍ ആണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. വീഡിയോ ദൃശ്യങ്ങള്‍ യുപിയില്‍ നിന്നുല്ലതല്ല, മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നുള്ളതാണ്. വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഉണ്ടായ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ ഉത്തര്‍ പ്രദേശിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •