FACT CHECK: ആർത്തവ ചക്രത്തിന് അഞ്ചുദിവസം മുമ്പും ശേഷവും വാക്സിൻ എടുക്കുന്നത് സുരക്ഷിതമല്ല എന്ന പ്രചരണം വെറും കിംവദന്തി മാത്രമാണ്.വസ്തുത അറിയൂ…

ആരോഗ്യം സാമൂഹികം

പ്രചരണം 

മെയ് ഒന്നു മുതൽ 18 വയസ്സ് പൂർത്തിയായ എല്ലാ പൗരന്മാർക്കും കോ വിഡ് വാക്സിൻ സ്വീകരിക്കാമെന്ന പ്രതീക്ഷാവഹമായ നിർദ്ദേശം കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം നൽകിയിരുന്നു. ഇതിനുശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ഒരു സന്ദേശം  പലരെയും ചിന്താ കുഴപ്പത്തിൽ ആക്കിയിട്ടുണ്ട്. വാക്സിനേഷന്‍ സങ്കീർണതകളെ കുറിച്ച് ജാഗ്രത വേണമെന്ന് അറിയിക്കുന്ന സന്ദേശത്തിൽ നല്‍കുന്ന മുന്നറിയിപ്പിന്‍റെ പരിഭാഷ ഇങ്ങനെയാണ്:  

സ്ത്രീകൾ വാക്സിനേഷൻ എടുക്കുന്നതിനു മുമ്പ് ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് നിർണായകമാണ്. ആര്‍ത്തവത്തിന്  അഞ്ച് ദിവസം മുമ്പും അഞ്ച് ദിവസവും ശേഷവും വാക്സിൻ എടുക്കാൻ പാടുള്ളതല്ല. കാരണം പിരീഡ് ദിവസങ്ങളിൽ നിങ്ങളുടെ പ്രതിരോധശേഷി വളരെ കുറവായിരിക്കും. വാക്സിനെ അളവ് ആദ്യം പ്രതിരോധശേഷി കുറയ്ക്കുന്നു പിന്നീട് പ്രതിരോധശേഷി വർധിപ്പിക്കുന്നു അതിനാൽ പിരീഡ് സമയത്ത് വാക്സിനേഷൻ ലഭിച്ച ആൾക്ക് രോഗ സംക്രമണത്തിന് സാധ്യത കൂടുതലുണ്ട്” 

എന്നാൽ ഫാക്റ്റ് ക്രെസണ്ടോ ഇതേപ്പറ്റി വിദഗ്ധരോട് വസ്തുതകൾ അന്വേഷിച്ചറിഞ്ഞു.  ഇത് വെറും അടിസ്ഥാനരഹിതമായ അറിയിപ്പ്  ആണെന്നും ഇത്തരത്തിലുള്ളവ തള്ളിക്കളയണമെന്നുമാണ് അവർ ഞങ്ങളെ അറിയിച്ചത്.  വിശദാംശങ്ങൾ പറയാം 

വസ്തുതാ വിശകലനം 

വാക്സിനേഷന്‍ പ്രക്രീയ രാജ്യത്ത് ജനുവരി മാസം മുതല്‍ ആരംഭിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരുമടങ്ങുന്ന വലിയൊരു വിഭാഗം സ്ത്രീപുരുഷന്മാര്‍  ഇതിനോടകം വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. അപ്പോഴൊന്നും ആര്‍ത്തവ സമയവും വാക്സിനേഷനുമായി എന്തെങ്കിലും ബന്ധമുണ്ട് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഒന്നും തന്നെ നടന്നിരുന്നില്ല. ഇക്കഴിഞ്ഞ ദിവസം മുതല്‍ വാട്ട്സ് അപ്പിലാണ് പ്രചരണം വ്യാപിച്ചു തുടങ്ങിയത്. 

ലോകാരോഗ്യസംഘടനയും (WHO). സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും (CDC) കോവിഡ്  19 വാക്സിൻ എടുക്കുമ്പോള്‍  ആർത്തവ ക്രമവുമായി എന്തെങ്കിലും പ്രതിപ്രവര്‍ത്തനം ഉണ്ട് എന്ന് പറഞ്ഞിട്ടില്ല. ആർത്തവകാലം വാക്സിൻ എടുക്കുന്നത് മാറ്റി വെക്കാനുള്ള  ഒരു കാരണമാണ് എന്ന് ഇതുവരെ പഠനങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.  

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും ആർത്തവചക്രവുമായി ബന്ധപ്പെട്ട്  കോവിഡ് വാക്സിന് വിപരീത പ്രവർത്തനം ഉണ്ടെന്ന് യാതൊരു റിപ്പോര്‍ട്ടുകളും നല്‍കിയിട്ടില്ല. വാക്സിന്‍റെ ഗുണദോഷഫലങ്ങൾ ഉൾപ്പെടുത്തി ഭാരത് ബയോടെക് (കോ വാക്സിൻ) സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (കോവിഷീൽഡ്) എന്നീ കമ്പനികൾ വസ്തുത ഷീറ്റുകൾ പുറത്തിറക്കിയിരുന്നു. ആർത്തവസമയത്ത് വാക്സിൻ എടുക്കരുത് എന്ന് ഇതിൽ ഒരിടത്തും പരാമർശിക്കുന്നില്ല.  

കൂടുതൽ വസ്തുത അറിയാനായി ഞങ്ങളുടെ പ്രതിനിധി ഔറംഗബാദിലെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ  ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ആയ ഡോക്ടർ ശ്രീനിവാസ് ഗഡപ്പയുമായി സംസാരിച്ചിരുന്നു അദ്ദേഹം അറിയിച്ചത് ഇങ്ങനെയാണ്:  

ഈസ്ട്രജന്‍റെയും പ്രൊജസ്റ്ററോണിന്‍റെയും ഏറ്റക്കുറച്ചിലുകൾ ആർത്തവ ചക്രത്തിലെ വിവിധഘട്ടങ്ങളിൽ ഉണ്ടാവാറുണ്ട്. ആർത്തവ ചക്രത്തിലെ അവസാന അഞ്ച് ദിവസങ്ങളിൽ പ്രോസ്റ്റാഗ്ലാണ്ടിന്‍ എന്ന ഹോർമോൺ-ആക്ടിങ് ലിപ്പിഡ് കാരണം കോശജ്വലന പ്രക്രിയകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നു.  കോശജ്വലന പ്രക്രിയ വാക്സിനോടുള്ള ശരീരത്തിന്‍റെ പ്രതികരണത്തെ ഒരുതരത്തിലും ബാധിക്കില്ല.  കോവിഡ് 19 വാക്സിൻ കുത്തിവെപ്പിന് ശേഷം രോഗപ്രതിരോധശേഷി നേടാൻ കുറച്ച് ആഴ്ചകൾ എടുക്കും. എന്നാല്‍  ആർത്തവചക്രവുമായി യാതൊരു ബന്ധവും ഇതിനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആര്‍ത്തവത്തിന് അഞ്ചു ദിവസത്തിനു മുമ്പോ ശേഷമോ സ്ത്രീകൾ വാക്സിൻ എടുക്കാതിരിക്കേണ്ട യാതൊരു കാരണവുമില്ല

എന്നിരുന്നാലും ആർക്കെങ്കിലും എന്തെങ്കിലും അസുഖകരമായ ശാരീരികാവസ്ഥ ഉണ്ടെങ്കിലോ അതികഠിനമായ വേദനയുണ്ടെങ്കിലോ വാക്സിൻ എടുക്കുന്നതിന് മുമ്പ് അവർ ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും. കാരണം വേദന സഹിക്കാനുള്ള കഴിവ് മനുഷ്യരിൽ വ്യത്യസ്തമാണ്. ആർത്തവചക്രത്തിനിടെ രോഗം പ്രതിരോധത്തിന് കുറവു സംഭവിച്ചാൽ പോലും പ്രതിരോധകുത്തിവെപ്പ് ഒഴിവാക്കാൻ ഇത് ഒരു കാരണമല്ല. ഇതാണ് ഡോക്ടര്‍ ഗഡപ്പ നല്‍കിയ വിശദീകരണം. 

സാമൂഹ്യ മാധ്യമങ്ങളിലൂടെ സുപരിചിതയായ ഡോക്ടര്‍ ഷിംന അസീസ്‌  തന്‍റെ ഫേസ്ബുക്ക് പേജില്‍ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് വെറും വ്യാജ പ്രചാരണമാണെന്നും ആര്‍ത്തവ സമയത്തിനു മുമ്പും ശേഷവും വാക്സിന്‍ എടുക്കുന്നത് ഒഴിവാക്കണമെന്ന പ്രചരണം വെറും കിംവദന്തി മാത്രമാണെന്നും ഷിംന വിശദീകരിക്കുന്നു. പോസ്റ്റ് താഴെ കാണാം:

പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് വിഭാഗം അവരുടെ ട്വിറ്റർ അക്കൗണ്ട് വഴി സാമൂഹ്യ മാധ്യമങ്ങളില്‍ വാക്സിനേഷനും ആര്തവവുമായി ബന്ധപ്പെട്ട് നടക്കുന്ന മുന്നറിയിപ്പ് വ്യാജമാണെന്നും ഇതിൽ വിശ്വസിക്കരുതെന്നും സന്ദേശം നൽകിയിട്ടുണ്ട്.

കോവിഡ് 19 വാക്സിൻ ആർത്തവ ക്രമത്തെ യാതൊരു തരത്തിലും ബാധിക്കുന്നില്ല. വാക്സിനുകൾ ആർത്തവ ക്രമത്തിൽ എന്തെങ്കിലും മാറ്റം സംഭവിക്കുമെന്നോ ശരീരത്തിന് ദോഷമായി ഭവിക്കുമെന്നോ ഇതുവരെ റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല.  

നിഗമനം 

പോസ്റ്റിലെ മുന്നറിയിപ്പ് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ആർത്തവ ചക്രത്തിന് അഞ്ചുദിവസം മുമ്പും ശേഷവും വാക്സിൻ എടുക്കുന്നതിൽ യാതൊരു പ്രശ്നങ്ങളുമില്ല. എന്തെങ്കിലും സങ്കീർണതകൾ ഉണ്ടാകുമെന്ന് ഭയന്ന് വാക്സിനേഷൻ മാറ്റി വെക്കേണ്ടതില്ല എന്നാണ് വിദഗ്ധർ അറിയിക്കുന്നത്. എങ്കിൽ പോലും നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ആശങ്കകളോ ആരോഗ്യപ്രശ്നമോ ഉണ്ടെങ്കിൽ ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടുന്നത് നന്നായിരിക്കും 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ആർത്തവ ചക്രത്തിന് അഞ്ചുദിവസം മുമ്പും ശേഷവും വാക്സിൻ എടുക്കുന്നത് സുരക്ഷിതമല്ല എന്ന പ്രചരണം വെറും കിംവദന്തി മാത്രമാണ്.വസ്തുത അറിയൂ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *