കേരള പോലീസ് പ്രതിക്കൊപ്പം ടിക്‌ടോക് വീഡിയോ ചിത്രീകരിച്ചോ…?

കൗതുകം സാമൂഹികം

വിവരണം 

Tik Tok Viral Cut കേരളം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 1 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുന്നു. നിരവധി ഫേസ്‌ബുക്ക് പേജുകളിൽ നിന്നും പ്രൊഫൈലുകളിൽ നിന്നും ഇതേ പോസ്റ്റ് പ്രചരിക്കുകയാണ്‌. കേരളാ പോലീസ് പ്രതിയോടൊപ്പം ടിക്‌ടോക് വീഡിയോ ചെയ്തു എന്ന വാദവുമായി പ്രചരിക്കുന്ന വീഡിയോയിൽ ഏതാനും പോലീസുകാരും പ്രതി എന്ന് തോന്നിക്കുന്ന ഒരാളുമായി ചേർന്ന് ജീപ്പിൽ പാട്ടിന്‍റെ താളത്തിനനുസരിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്. 

archived linkFB post

ടിക്‌ടോക് ആപ്പ് കേരളത്തിൽ മാത്രമല്ല ലോകമെങ്ങും വ്യാപക പ്രചാരം നേടിയ ജനപ്രീയ ആപ്പാണ്. ഇത് കുസൃതിക്കും കൗതുകത്തിനുമാണ്  ഏറെപ്പേരും ഉപയോഗിക്കുന്നത് എങ്കിലും ചിലർ അപകടമായ രീതിയിലുള്ള ദൃശ്യങ്ങൾ ചിത്രീകരിച്ച് വിവാദങ്ങളിൽ ചെന്നെത്തിയിട്ടുണ്ട്.  ഈ വീഡിയോയിൽ കാണുന്നത് പോലെ പോലീസുകാര്‍ ടിക്‌ടോക് ഉപയോഗിച്ച് പ്രതിക്കൊപ്പം ഡാൻസ് ചെയ്തോ..? നമുക്ക് അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം 

ഞങ്ങൾ ഇതേ വീഡിയോടെ വസ്തുതാ പരിശോധനയ്ക്കായി ആദ്യം വീഡിയോയുടെ കീ ഫ്രയിമുകൾ ഉപയോഗിച്ച് google  reverse image, yandex എന്നീ ടൂളുകളുടെ സഹായത്താൽ തിരഞ്ഞു നോക്കി. എന്നാൽ ഫേസ്‌ബുക്ക് വഴി പലരും പ്രചരിപ്പിച്ച വീഡിയോയെപ്പറ്റിയുള്ള വിവരണം മാത്രമേ ലഭ്യമായുള്ളു. തുടർന്ന് ഞങ്ങൾ മലയാളത്തിൽ വാർത്തയുടെ കീ വേർഡ്സ്  ഉപയോഗിച്ച് തിരഞ്ഞു നോക്കി. അപ്പോൾ ഞങ്ങൾക്ക് മലയാളത്തിൽ ഇതേപ്പറ്റി വസ്തുതാ പരിശോധന നടത്തിയ രണ്ടു വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ലഭിച്ചു. 

archived linkthecue

thecue എന്ന മാധ്യമം  പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നത് ഈ വീഡിയോ ഒരു ഷൂട്ടിങ് ലൊക്കേഷനിൽ അഭിനേതാക്കൾ ചിത്രീകരിച്ചത് ആണെന്നാണ്.
Sajan Nair എന്ന വ്യക്തിയുടെ ടിക്‌ടോക് അക്കൗണ്ടിലും ഫേസ്‌ബുക്ക് പേജിലും വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും ലേഖനത്തിൽ പറയുന്നു. ഈ വ്യക്തിയാണ് വീഡിയോ ആദ്യമായി പ്രസിദ്ധീകരിച്ചത് എന്ന്‍ അനുമാനിക്കുന്നു. 1.05 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ ഒടുവിലത്തെ 16 സെക്കന്റ്റ് ദൃശ്യങ്ങളാണ് പരക്കെ പ്രചരിക്കുന്നത്. എന്നാൽ ഈ വീഡിയോയിൽ മറ്റു വിവരങ്ങൾ ഒന്നും നൽകിയിട്ടില്ല.

archived linkdailyhunt

ഞങ്ങൾ കൂടുതൽ വ്യക്തതയ്ക്കായി കേരള പോലീസ് മീഡിയ സെൽ ഡെപ്യുട്ടി ഡയറക്ടർ പ്രമോദ് കുമാറിനോട് വീഡിയോയുടെ വിശദീകരണം തേടിയിരുന്നു. അദ്ദേഹം അറിയിച്ചത് ഇത് കേരള പോലീസുമായി യാതൊരു ബന്ധവുമുള്ള വീഡിയോ അല്ല എന്നാണ്. “ഏറെപ്പേർ ഇത് കണ്ട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.   ഇതിന്‍റെ സത്യസന്ധത ഞങ്ങൾ ഇതുവരെ പരിശോധിച്ചില്ല. എന്നാൽ ഒരു കാര്യം ഉറപ്പിച്ചു പറയാം ഇത് കേരള പോലീസിന്‍റെതല്ല.” 

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത് പ്രസ്തുത വീഡിയോയ്ക്ക് കേരള പോലീസുമായി യാതൊരു ബന്ധവുമില്ല എന്നാണ്. ഈ വീഡിയോ ഒരു ഷൂട്ടിങ് ലൊക്കേഷനിൽ അഭിനേതാക്കൾ തമാശയ്ക്കായി ചിത്രീകരിച്ചതാണ് എന്ന് പറയപ്പെടുന്നു. ഇതിലെ പോലീസുകാരും ജീപ്പും യാഥാർത്ഥമല്ലെന്നും ഷൂട്ടിങ് ആവശ്യത്തിനായി കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പറയപ്പെടുന്നു.

നിഗമനം 

 ഈ ടിക്‌ടോക്  വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്ന കേരള പോലീസ് പ്രതിക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങളിലുള്ളത് യഥാർത്ഥ പോലീസ് അല്ല. അത് ഒരു ഷൂട്ടിങ് ലൊക്കേഷനിൽ അഭിനേതാക്കൾ ചിത്രീകരിച്ചതാണ് എന്ന് പറയപ്പെടുന്നു. അതിനാൽ ഈ വീഡിയോയിലുള്ളത് കേരള പോലീസാള വീഡിയോയിലുള്ളതെന്ന് പോലീസ് അധികാരികളില്‍ നിന്ന് വിശദീകരണം ലഭിച്ചിട്ടുണ്ട്.  കേരള പൊലീസാണ് എന്ന് വിശ്വസിച്ച് വീഡിയോ ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു.

Avatar

Title:കേരള പോലീസ് പ്രതിക്കൊപ്പം ടിക്‌ടോക് വീഡിയോ ചിത്രീകരിച്ചോ…?

Fact Check By: Vasuki S 

Result: False