ആയുഷ്മാൻ ഭാരത് പദ്ധതി ആനുകൂല്യത്തിനായി പണം അടയ്ക്കണം എന്ന അറിയിപ്പ് തെറ്റാണ്…

ആരോഗ്യം സാമൂഹികം

വിവരണം 

കേന്ദ്ര സർക്കാർ ആരംഭിച്ച ആയുഷ്മാൻ ഭാരത് പദ്ധതിയെ പറ്റി നമ്മളെല്ലാം കേട്ടിട്ടുണ്ട്. പദ്ധതി ആനുകൂല്യങ്ങൾ  എങ്ങനെയാണ് ലഭിക്കുക,  എവിടെയാണ് അപേക്ഷ നൽകേണ്ടത് എന്നിങ്ങനെ നിരവധി സംശയങ്ങൾ പലർക്കുമുണ്ട്. ഇതിനിടെ സാമൂഹിക മാധ്യമങ്ങളിലും ഓൺലൈൻ വാർത്താ മാധ്യങ്ങളിലുമെല്ലാം പദ്ധതിയെപ്പറ്റി നിരവധി വാർത്തകളും അറിയിപ്പുകളും നമ്മുടെ മുന്നിലെത്താറുണ്ട്. പദ്ധതിയെ പറ്റി അത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു അറിയിപ്പാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ വാർത്ത സത്യമാണോ എന്ന് അന്വേഷിച്ച് ഞങ്ങൾക്ക് വായനക്കാരിൽ നിന്നും സന്ദേശം ലഭിച്ചിരുന്നു.

പോസ്റ്റിന്റെ മുഴുവൻ വിവരണം  താഴെ നൽകുന്നു. 

ആയുഷ്മാൻ ഭാരത് “””””””””””””””””””””””””””””””””””കേന്ദ്ര സർക്കാരിന്റെ അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷ കിട്ടുന്ന പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഫാമിലി ഇൻഷ്വറൻസ് പദ്ധതി..

 Rs.1324/- വാർഷിക പ്രീമിയം അടച്ചാൽ സർക്കാർ, പ്രൈവറ്റ് ആസ്പത്രികളിൽ നിന്നും ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെയുള്ള ട്രീറ്റ്മെന്റിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ ഒരു “സമഗ്ര ആരോഗ്യ പരിരക്ഷ” സ്‌കീം ആണിത്.

ആധാർ കാർഡ് ,റേഷൻ കാർഡ് കോപ്പി ഇവയുമായി അടുത്തുള്ള ഗവൺമെന്റ്‌ ആശുപത്രിയിൽ പോയി ഉടനെ Reg: ചെയ്യുക.

വർഷം 5 ലക്ഷം രൂപയുടെ ഫാമിലി കവറേജ്; കുടുംബ അംഗങ്ങളുടെ എണ്ണം, പ്രായം എന്നിവയ്ക്ക് പരിധികൾ ഇല്ല.

ഹോസ്‌പിറ്റൽ ചിലവുകൾ ക്യാഷ്‌ലെസ് & പേപ്പർലെസ്.

സർക്കാർ, പ്രൈവറ്റ് ആശുപത്രികളിൽ സമ്പൂർണ്ണ സൗജന്യ ചികിത്സ സൗകര്യം.

സ്‌കീമിൽ അംഗമായവർ ഐഡി കാർഡ് മാത്രം ഹോസ്പിറ്റലിൽ കാണിച്ചാൽ മതി.

നിലവിൽ ഉള്ളതും, മുൻകാല രോഗങ്ങളും സ്‌കീമിൽ ചേരുന്നതിനോ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനോ തടസ്സമല്ല.

 കേരളത്തിലും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമായിട്ടുണ്ട്.. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഓൺലൈൻ ലിങ്ക് താഴെ കൊടുക്കുന്നു.

പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതി 

https://www.pmjay.gov.in/

(മാക്സിമം share ചെയ്യുക)

online അല്ലാതെ നേരിട്ട് Govt ആശുപത്രിയിൽ പോയാലും ഈ പദ്ധതിയിൽ ചേരാം” 

ഈ വാർത്തയെ പറ്റി  ബന്ധപ്പെട്ട സർക്കാർ ഏജൻസിയിൽ അന്വേഷിച്ചപ്പോൾ ഈ അറിയിപ്പിൽ നൽകിയിരിക്കുന്ന ചില കാര്യങ്ങൾ തെറ്റാണെന്നും മറ്റു ചിലത് സത്യമാണെന്നും അവർ അറിയിച്ചു. ഏതൊക്കെയാണ് അവയെന്ന് പറയാം 

വസ്തുതാ വിശകലനം 

ഞങ്ങൾ ഓൺലൈനിൽ അന്വേഷിച്ചപ്പോൾ കേരളത്തിൽ ആയുഷ്മാൻ ഭാരത് പദ്ധതി  നടപ്പിലാക്കുന്നതിനുള്ള ചുമതല ചിയാക് (Comprehensive Health Insurance Agency of Kerala) എന്ന സംസ്ഥാന സർക്കാർ നോഡൽ ഏജൻസിക്കാണ് എന്ന് മനസ്സിലായി. അവിടെ അന്വേഷിച്ചപ്പോൾ കേരളത്തിൽ നിന്നും ഇതിനകം നിരവധിപ്പേർ പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട് എന്ന് അറിയാൻ സാധിച്ചു. രാജ്യത്തെ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് ആയുഷ്‌മാൻ ഭാരത് യോജന. പദ്ധതിക്ക് അർഹരായവരെ  അപേക്ഷകരിൽ നിന്നും ഇരു സർക്കാരുകളും ചേർന്ന് തെരെഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. എല്ലാവർക്കും  ഒരേപോലെ പദ്ധതി ആനുകൂല്യം ലഭിക്കില്ല എന്നർത്ഥം. ചിയാകിലെ ഓഫീസറായ മനീഷാണ് ഞങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറിയത്. 

പിന്നെ പോസ്റ്റിൽ നൽകിയിരിക്കുന്നതുപോലെ 1234/- രൂപ പദ്ധതിക്ക് അടയ്‌ക്കേണ്ടതില്ല. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ അപേക്ഷകൻ പണമായി ഒന്നും തന്നെ അടയ്‌ക്കേണ്ടതില്ല. ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പിയുടെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പോയി രജിസ്റ്റർ ചെയ്യാം എന്ന സന്ദേശവും തെറ്റാണ്. ഓൺലൈൻ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുക. പദ്ധതി ആനുകൂല്യം ഇപ്പോൾ നിലവിൽ കേരളത്തിൽ നേരിട്ട് ലഭ്യമല്ല, ചിയാക് വഴി ലഭ്യമാകുന്ന ആരോഗ്യ രക്ഷാ പദ്ധതികള്‍ക്ക് അര്‍ഹരായവര്‍ ആരൊക്കെയാണെന്ന് വെബ്സൈറ്റില്‍ ലിസ്റ്റ് നല്കിയിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന മറ്റു സന്ദേശങ്ങൾ സത്യമാണ്. നിലവിൽ കേരളത്തിൽ ലഭ്യമായ സർക്കാർ ആരോഗ്യ രക്ഷാ പദ്ധതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചിയാക് വെബ്‌സൈറ്റിൽ ലഭ്യമാണ്.  

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ ഭാഗികമായി ശരിയാണ്. ചില കാര്യങ്ങൾ സത്യമല്ല. വിശദാംശങ്ങൾ മുകളിലെ വിവരണത്തിൽ നൽകിയിട്ടുണ്ട്. ആയുഷ്മാൻ ഭാരത് പദ്ധതിയെ കുറിച്ച് പൂർണ്ണമായി മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ നൽകാൻ ശ്രമിക്കുക 

Avatar

Title:ആയുഷ്മാൻ ഭാരത് പദ്ധതി ആനുകൂല്യത്തിനായി പണം അടയ്ക്കണം എന്ന അറിയിപ്പ് തെറ്റാണ്…

Fact Check By: Vasuki S 

Result: Partly False