FACT CHECK: അയമോദകം, കർപ്പൂരം, ഗ്രാമ്പൂ ഇവ മൂന്നും കൂടി ഒരു ചെറിയ കിഴി ആയി കെട്ടി മണത്തു കൊണ്ടിരുന്നാൽ ശരീരത്തിൽ ഓക്സിജൻ കുറയുന്നത് ഒഴിവാക്കാനാകുമോ…? വസ്തുത അറിയൂ

ആരോഗ്യം സാമൂഹികം

പ്രചരണം 

കോവിഡ് -19 ന്റെ രണ്ടാമത്തെ തരംഗം അപകടകരമാം വിധം വ്യാപിക്കുന്നതോടെ കൂടുതല്‍ ആളുകള്‍ പരിഭ്രാന്തിയിലാകുന്നുണ്ട്. അനുചിതവും അശാസ്ത്രീയവുമായ നാട്ടു വൈദ്യങ്ങള്‍ തുടങ്ങി ആയുര്‍വേദം, ഹോമിയോ, അലോപതി തുടങ്ങി എല്ലാ ചികിത്സാ മേഖലയിലെയും മരുന്നുകളെ പറ്റിയുള്ള സന്ദേശങ്ങള്‍ സോഷ്യൽ മീഡിയയില്‍  നിറയുകയാണ്. 

ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു  വൈറൽ സന്ദേശത്തിൽ കർപ്പൂരം ഗ്രാമ്പൂ, അയമോദകം എന്നിവ ശ്വസിച്ചാല്‍ , ഓക്സിജന്റെ അളവ് കുറയാതെ സൂക്ഷിക്കാം എന്ന് അവകാശപ്പെടുന്നു. പോസ്റ്റില്‍ പ്രതിപാദിക്കുന്ന സുഗന്ധ ദ്രവ്യങ്ങളുടെ ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ: 

“അയമോദകം, കർപ്പൂരം, ഗ്രാമ്പൂ ഇവ മൂന്നും കൂടി ഒരു ചെറിയ കിഴി ആയി കെട്ടി മണത്തു കൊണ്ടിരുന്നാൽ ശരീരത്തിൽ ഓക്സിജൻ കുറയുന്നത് വളരെയധികം ഒഴിവാക്കാം……. ഒരോ ദിവസവും കിഴി പുതിയത് കെട്ടണം…. ചിത്രത്തിൽ കാണുന്ന കർപ്പൂരത്തേക്കാൾ ഗുണം പച്ചക്കർപ്പൂരം ഉപയോഗിച്ചാൽ കിട്ടും.”

archived linkFB post

ഞങ്ങള്‍ സന്ദേശത്തെ കുറിച്ച് വിശദമായി അന്വേഷിച്ചപ്പോള്‍ ഇത് വെറും തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന, ശാസ്ത്രീയ പിന്‍ബലമില്ലാത്ത പ്രചാരണമാണ് എന്ന് വ്യക്തമായി. 

വസ്തുത ഇതാണ് 

സന്ദേശത്തിൽ സൂചിപ്പിച്ചിരിക്കുന്നതുപോലുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരോ ലോകാരോഗ്യ സംഘടനയോ നല്‍കിയതായി ഒരു വിവരവും ഞങ്ങൾക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.

സന്ദേശത്തിലെ വിവരങ്ങൾ വിശ്വസനീയമാണോ എന്നറിയാനായി ഞങ്ങള്‍  കോവിഡ് -19 രോഗികൾക്ക് ദിവസേന ചികിത്സ നൽകുന്ന പ്രശസ്ത ഡോക്ടറും ഗവേഷകനുമായ ഡോ. ഹിമത്രാവു ബവാസ്‌കറുമായി  ഞങ്ങൾ ബന്ധപ്പെട്ടു. സന്ദേശം പൂർണ്ണമായും വിശ്വാസയോഗ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“ഇത്തരം അശാസ്ത്രീയ സന്ദേശങ്ങൾ വിശ്വസിക്കരുത്, പ്രത്യേകിച്ചും കോവിഡ് -19 പോലുള്ള ആഗോള പ്രതിസന്ധി നേരിടുമ്പോൾ. കൊറോണ വൈറസ് ബാധയുടെ ഫലപ്രദമായ ചികിത്സകളല്ല ഇതൊന്നും. രോഗം സ്ഥിരീകരിച്ചാല്‍ രോഗി വിദഗ്ദ്ധ ഡോക്ടർമാരുടെ ഉപദേശം തേടണം” 

2009 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ട് അനുസരിച്ച് കര്പ്പൂരത്തിനു മൂക്കിനുള്ളിലെ അടഞ്ഞ റിസപ്റ്റരുകളെ ഉത്തേജിപ്പിക്കാന്‍ കഴിയും.  ക്രീമുകൾ, തൈലങ്ങൾ, ലോഷനുകൾ എന്നിവയിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു ടർപീൻ (ഓർഗാനിക് സംയുക്തം) ആണ് കർപ്പൂരം. വേദന, പ്രകോപനം, ചൊറിച്ചിൽ എന്നിവ ഒഴിവാക്കാൻ ഇത് നിയന്ത്രിതമായി ഉപയോഗിക്കാമെങ്കിലും, കർപ്പൂരത്തിന് ഓക്സിജന്‍ അളവ് കുറയാതെ നിലനിര്‍ത്താന്‍ ശേഷിയുണ്ടെന്ന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. എന്നാല്‍, ഇത് ഉയർന്ന അളവിൽ ഉപയോഗിക്കുകയാണെങ്കിൽ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് അമേരിക്കയിലെ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 

ഗ്രാമ്പൂ ആയുര്‍വേദത്തില്‍ പല മരുന്നുകളിലും ഉപയോഗിക്കുന്നുണ്ട് എങ്കിലും കോവിഡ് രോഗാവസ്ഥയില്‍  അതിന്റെ ഫലപ്രാപ്തി തെളിയിക്കുന്ന ശാസ്ത്രീയ ഗവേഷണങ്ങളൊന്നുമില്ല.

അതുപോലെ, അയമോദകം ഇന്ത്യൻ ഭക്ഷണവിഭവങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്നു. ദഹന വ്യവസ്ഥയുമായി  ബന്ധപ്പെട്ടതും  കഫ സംബന്ധമായതുമായ രോഗങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ അയമോദകം ഉപയോഗിക്കാറുണ്ട്. പക്ഷേ കോവിഡ് രോഗാവസ്ഥയില്‍  ശ്വാസകോശത്തിലേക്ക് വായുസഞ്ചാരം കുറയാതെ സൂക്ഷിക്കാന്‍ സഹായിക്കുമെന്നു സൂചിപ്പിക്കുന്ന പഠനങ്ങള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല. 

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ തിരുവനന്തപുരത്ത് ആയുര്‍വേദ ഡോക്ടറായ ഡോ. വേണുവുമായി സംസാരിച്ചു. 

“മേല്‍പറഞ്ഞ സുഗന്ധ ദ്രവ്യങ്ങള്‍ ശ്വസിക്കുന്നത് ശ്വാസംമുട്ടല്‍ അനുഭവിക്കുന്ന രോഗികളില്‍ ഒരു താല്‍ക്കാലിക ആശ്വാസം നല്‍കിയേക്കാം. ഇതിന് ഓക്സിജന്‍ ലെവല്‍ ഉയര്‍ത്താന്‍ കഴിവുണ്ടെന്ന് ഇതുവരെ ആയുര്‍വേദം പറയുന്നില്ല. ആവി പിടിക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെ ഒരു താല്‍ക്കാലിക ആശ്വാസം ഉണ്ടാകും അത്രമാത്രം. കോവിഡ് വന്നു കഴിഞ്ഞാല്‍ സ്വയംചികില്‍സയ്ക്ക് ഒരിക്കലും ശ്രമിക്കരുത്. എത്രയും വേഗം വൈദ്യ സഹായം തേടുകയാണ് ഉചിതം.”

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ചികിത്സാ കുറിപ്പ് ആധികാരികമായി തെളിയിക്കപ്പെടാത്തതാണ്. 

നിഗമനം

പോസ്റ്റിലെ ചികില്‍സാ കുറിപ്പ് ശാസ്ത്രീയ അടിത്തറ ഇല്ലാത്തതും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്. കോവിഡ് ബാധിച്ചു കഴിഞ്ഞാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചികിത്സാ കുറിപ്പുകള്‍ പിന്തുടരാതെ എത്രയും വേഗം വിദഗ്ദ്ധ വൈദ്യ സഹായം തേടുകയാണ് ഉചിതം.

Avatar

Title:അയമോദകം, കർപ്പൂരം, ഗ്രാമ്പൂ ഇവ മൂന്നും കൂടി ഒരു ചെറിയ കിഴി ആയി കെട്ടി മണത്തു കൊണ്ടിരുന്നാൽ ശരീരത്തിൽ ഓക്സിജൻ കുറയുന്നത് ഒഴിവാക്കാനാകുമോ…? വസ്തുത അറിയൂ

Fact Check By: Vasuki S 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •