കുട്ടിയെ കാണാതായി, രണ്ട് മണിക്കൂറിന് ശേഷം വന്‍ ട്വിസ്റ്റ്.. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ സത്യമോ? വസ്‌‌തുത അറിയാം..

സാമൂഹികം

വിവരണം

കുട്ടികളെ തട്ടിക്കൊണ്ട് പോവുന്ന സംഘങ്ങളെ കുറിച്ചും ഇത്തരം സംഭവങ്ങളെ കുറിച്ചുമുള്ള വാര്‍ത്തകള്‍ നിരന്തരം നമ്മുടെ നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവവും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിനിടയിലാണ് ആലപ്പുഴ നഗരസഭയിലെ കുതിരപ്പന്തി വാര്‍ഡില്‍ നിന്നും വീട്ടില്‍ ഉറങ്ങി കിടന്ന നാല് വയസുകാരിയെ കാണാനില്ലെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നത്. സമൂഹമാധ്യമങ്ങളില്‍ നിമിഷനേരം കൊണ്ടാണ് കുട്ടിയുടെ ചിത്രവും മറ്റ് വിവരങ്ങളും പ്രചരിച്ചത്. കേരള ശബ്ദം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 90ല്‍ അധികം റിയാക്ഷനുകളും 1,000ല്‍ അധികം ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്. ആലപ്പുഴയിൽ കുതിരപ്പന്തിയിൽ നിന്ന് ലാലിയുടെ മകൾ #ദിയ (4വയസ്സ് ) അരമണിക്കൂർ മുന്നേ miss ആയ കുട്ടിയാണ്. 12-01-22, 10.00 am ദയവായി ഷെയർ ചെയ്തു അറിയാവുന്നവർ വിളിക്കുക 9037798300 പരമാവധി ഷെയർ ചെയ്യൂ പ്ലീസ്🙏🙏 എന്ന തലക്കെട്ട് നല്‍കിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്-

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ കുട്ടിയെ തിരികെ കിട്ടിയിട്ടില്ലേ? ഇപ്പോഴും ഈ ചിത്രം ഷെയര്‍ ചെയ്യേണ്ടതുണ്ടോ? എന്താണ് വസ്‌തുത എന്ന് നോക്കാം.

വസ്‌തുത വിശകലനം

സംഭവത്തെ കുറിച്ച് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി ആലപ്പുഴ സൗത്ത് പൊലീസുമായി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്-

രാവിലെ 10 മണിയോടെയാണ് ആലപ്പുഴ നഗരത്തിലെ കുതിരപ്പന്തി പ്രദേശത്ത് നിന്നും വീടിനുള്ളില്‍ ഉറങ്ങി കിടന്ന നാല് വയസുകാരിയായ പെണ്‍കുട്ടിയെ കാണാതായി എന്ന് പേരില്‍ ഫോണ്‍ വിളി എത്തിയത്. ഉടന്‍ തന്നെ പോലീസ് സംഘം സ്ഥലത്തേക്ക് തിരിച്ചു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഊര്‍ജ്ജിതമായ തിരച്ചില്‍ നടക്കുകയായിരുന്നു. പോലീസും മറ്റ് സ്റ്റേഷനുകളിലേക്ക് കുട്ടിയുടെ ഫോട്ടോ സഹിതം വിവരം കൈമാറി. വാട്‌സാപ്പിലും കുട്ടിയുടെ ബന്ധുക്കള്‍ ഫോട്ടോ സഹിതം വിവരം പ്രചരിപ്പിച്ചു. ഇതിനിടയില്‍ പരിസരവാസികളില്‍ ചിലര്‍ ഒരു നടോടി സ്ത്രീ ഓട്ടോയില്‍ ഒരു കുട്ടിയുമായി പോവുന്നത് കണ്ടു എന്ന് പറഞ്ഞതോടെ ആശങ്ക വര്‍ദ്ധിച്ചു. എന്നാല്‍ വീടിനുള്ളില്‍ ഉറങ്ങി കിടന്ന കുട്ടിയെ ആരും കാണാതെ അത്ര വേഗത്തില്‍ കടത്തി കൊണ്ടു പോകുവാന്‍ കഴിയുമോ എന്ന സശംയത്തില്‍ വീടിനുള്ളില്‍ തന്നെ വിശദമായി ഒന്നുകൂടി പരിശോധിക്കാന്‍ തീരുമാനിച്ചു. അങ്ങനെ വീട്ടില്‍ പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളില്‍ അലമാരിയുടെ പുറകില്‍ പുറത്ത് നടക്കുന്ന ബഹളങ്ങള്‍ ഒന്നും അറിയാതെ ഉറങ്ങി കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. നടോടി സ്ത്രീയുടെ കഥയും നാട്ടുകാരുടെ നിഗമനങ്ങളുമെല്ലാം വെറും കെട്ടുകഥകളായിരുന്നു. പക്ഷെ നാട്ടുകാരും പോലീസും കൃത്യമായ ഇടപെടല്‍ നടത്തിയത് ഏറെ അഭിമാനകരമാണെന്നും പോലീസ് പറഞ്ഞു.

നിഗമനം

വീട്ടിലെ തന്നെ അലമാരിയുടെ പുറകില്‍ ഒളിച്ചിരുന്ന കുട്ടി അവിടെ കിടന്ന് ഉറങ്ങി പോയതാണ്. പോലീസ് വീട് പരിശോധിച്ചപ്പോള്‍ തന്നെ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞു. സംഭവത്തെ കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ ആരും തന്നെ പ്രചരിപ്പിക്കാതിരിക്കുക. അതുകൊണ്ട് തന്നെ പ്രചരണം ഭാഗികമായി തെറ്റാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കുട്ടിയെ കാണാതായി, രണ്ട് മണിക്കൂറിന് ശേഷം വന്‍ ട്വിസ്റ്റ്.. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ സത്യമോ? വസ്‌‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •