FACT CEHCK – ‘തീ തുപ്പുന്ന പക്ഷിയുടെ വീഡിയോ’; മുഹമ്മദ് നബി 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്നറിയിപ്പ് നല്‍കിയത് ഈ പക്ഷിയെ കുറിച്ചാണോ? എന്താണ് വസ്‌തുത എന്ന് അറിയാം..

സാമൂഹികം

വിവരണം

ഒരു ഇസ്ലാമിക് അറബ് പ്രഭാഷണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോയുടെ സത്യാവസ്ഥ അറിയാന്‍ നിരവധി പേരാണ് ഞങ്ങളുടെ ഫാക്‌ട് ലൈന്‍ നമ്പറായ +919049053770 ലേക്ക് വീഡിയോ അയച്ചു നല്‍കിയത്. 

പാശ്ചാത്യ രാജ്യങ്ങളിൽ നിങ്ങൾ എപ്പോഴും അവരുടെ കാട്ടിൽ തീ കത്തുന്നത് കേൾക്കുന്നു, ഇപ്പോൾ ഈ പക്ഷി തീ ഉണ്ടാക്കുന്നുവെന്ന് അവർ കണ്ടെത്തി, 1400 വർഷങ്ങൾക്ക് മുമ്പ് ഈ പക്ഷിയെ സൂക്ഷിക്കണമെന്ന് മുഹമ്മദ് നബി പറഞ്ഞിരുന്നു.. എന്ന തലക്കെട്ട് നല്‍കി ഇതെ വീഡിയോ എമറാള്‍ഡ് വെളിയംകോട് എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്നതിന് 63ല്‍ അധികം റിയാക്ഷനുകളും 491ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഒരാള്‍ അറബിയില്‍ മതപ്രഭാഷണം നടത്തുന്നതിനിടയില്‍ ഇതെ വീഡിയോയില്‍ ഒരു പക്ഷെി പുല്‍ നിറഞ്ഞ സ്ഥലത്ത് വായില്‍ നിന്നും തീ തുപ്പി ഓടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ഇതാണ് പ്രചരിക്കുന്ന വീഡിയോ-

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ വീഡിയോയില്‍ കാണുന്നത് പോലെ തീ തുപ്പുന്ന ഒരു പക്ഷിയുണ്ടോ? 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഹമ്മദ് നബി പറഞ്ഞ പക്ഷിയെ കുറിച്ചുള്ള പ്രഭാഷണമാണോ ഈ വീഡിയോ? ആ പക്ഷി തന്നെയാണോ വീഡിയോയിലുള്ളത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ രണ്ടു വീഡിയോകള്‍ ഒന്നിച്ചു ചേര്‍ത്ത ഈ വീഡിയോയില്‍ നിന്നും പക്ഷിയുടെ വീഡിയോ ക്രോപ്പ് ചെയത് ഇതിലെ കീ ഫ്രെയിമുകള്‍ എടുത്ത് റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തു. വിക്കിപ്പീഡിയ ഉള്‍പ്പടെയുള്ള സൈറ്റുകളില്‍ പക്ഷിയെ കുറിച്ചുള്ള ചിത്രങ്ങളും റിസള്‍ട്ടുകളായി ലഭിച്ചു. സതേണ്‍ ലാപ്‌‌വിങ് എന്നാണ് വീഡിയോയില്‍ കാണുന്ന പക്ഷിയുടെ പേര്. സൗത്ത് അമേരിക്കന്‍ മേഖലയില്‍ വ്യാപകമായി കാണപ്പെടുന്ന ഈ പക്ഷി വലിയ വനങ്ങളില്‍ പ്രവേശിക്കാറില്ല. തീരപ്രദേശങ്ങളിലാണ് ഇവയെ അധികമായി കാണുന്നത്. കൂടാതെ ഉറുഗ്വേയുടെ ദേശീയ പക്ഷി കൂടിയാണ് സതേണ്‍ ലാപ്‌വിങ് എന്ന ഈ പക്ഷി. കൂടാതെ സെന്‍റ്രല്‍ അമേരിക്കയിലും ട്രിനിടാഡ് ആന്‍ഡ് ടൊബാഗോ ദ്വീപിലും ഈ പക്ഷികള്‍ പലായനം ചെയ്ത് എത്തപ്പെട്ടിട്ടുണ്ടെന്നും വിക്കിപ്പീഡിയയിലെ വിവരങ്ങളില്‍ പറയുന്നു. ഈ പക്ഷിക്ക് തീ തുപ്പാനോ മറ്റ് അത്ഭുത കഴിവുകളോ ഇല്ലാ എന്നതാണ് സത്യാവസ്ഥ.

ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

വിക്കിപ്പീഡിയ വിവരങ്ങള്‍-

Wikipedia

യൂട്യൂബില്‍ സതേണ്‍ ലാപ്പ്‌വിങ് എന്ന് സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ ഈ പക്ഷികളുടെ വീഡിയോകളും റിസള്‍ട്ടില്‍ ലഭിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന് സമാനമായ ഒരു വീഡിയോ 2011ല്‍ പോള്‍ ഹിന്‍ഡ്‌നെസ് എന്ന ഒരു യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളതായും കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ഈ പക്ഷി തീ തുപ്പുന്ന തരത്തിലുള്ള വീഡിയോ കണ്ടാല്‍ തന്നെ ഒറ്റനോട്ടത്തില്‍ ഇത് വിഷ്വല്‍ എഫ്ക്ട് ആണെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുന്നതുമാണ്.

സതേണ്‍ ലാപ്പ്‌വിങ് പക്ഷി (യൂട്യൂബ് വീഡിയോ)-

ഇസ്ലാം മത പ്രഭാഷകന്‍ വീഡിയോയില്‍ പറയുന്നതെന്താണെന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി ഒരു അറബ് ഭാഷ പണ്ഡിതനുമായി ഫോണില്‍ ബന്ധപ്പെട്ട് വീഡിയോ അദ്ദേഹത്തിന് കൈമാറി. പരിശോധിച്ച ശേഷം അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്.

പരിഭാഷ-

ഓസ്ട്രീലിയയില്‍ ഇപ്പോള്‍ ഇത്തരത്തിലൊരു പക്ഷിയെ കണ്ടെത്തിയിട്ടുണ്ട്. വലിയ കാട്ടുതീയ്ക്ക് കാരണമാകുന്ന പക്ഷിയാണിത്. പ്രവാചകന്‍ ഇതിനെ കുറിച്ച് മുന്‍പ് പറഞ്ഞിട്ടുണ്ട് എന്നുമാണ് അവകാശവാദം.

എന്നാല്‍ ഓസ്ട്രേലിയയില്‍ കണ്ടെത്തിയ പക്ഷി ബ്ലാക്ക് കൈറ്റ് എന്ന ഇനത്തില്‍പ്പെടുന്ന പരുന്ത് വര്‍ഗമാണ്. ഇവ തീ കത്തുക മരക്കൊമ്പുകള്‍ കൊത്തി ചെറിയ പറവകളുടെയും പ്രാണികളുടെയും കൂടിന് മുകളില്‍ വെക്കും. പുറത്തേക്ക് കടക്കുന്ന ജീവികളെ ഭക്ഷിക്കുകയും ചെയ്യു. ഇവ മൂലം കുറ്റിക്കാടുകളില്‍ തീപ്പെടുത്തം ഉണ്ടാകുകയും ചെയ്യുമെന്നും ഓസ്ട്രേലിയന്‍ വാര്‍ത്ത വെബ്‌സൈറ്റായ Nine കൗതുക വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Nine വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്ത-

Nine.com.auArchived Link

നിഗമനം

തെക്കേ അമേരിക്കയിലെ തീരപ്രദേശങ്ങളില്‍ കാണുന്ന സതേണ്‍ ലാപ്‌വിങ് എന്ന പക്ഷിയുടെ വീഡിയോ എഡിറ്റ് ചെയ്ത് വിഷ്വല്‍ എഫക്‌ട്സ് ചേര്‍ത്ത് പ്രചരിപ്പിക്കുന്നതാണ് ഈ വീഡിയോ എന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ലോകത്ത് ഇതുവരെ ഇത്തരത്തില്‍ തീ തുപ്പുന്ന ഒരു പക്ഷിയെ കണ്ടെത്തിയതായും തെളിവുകളില്ല. പ്രഭാഷണ വീഡിയോയില്‍ പറയുന്നത് മറ്റൊരു സംഭവത്തെ കുറിച്ചാണ്. പക്ഷിയുടെ വീഡിയോയുമായി ഇതിന് യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:‘തീ തുപ്പുന്ന പക്ഷിയുടെ വീഡിയോ’; മുഹമ്മദ് നബി 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്നറിയിപ്പ് നല്‍കിയത് ഈ പക്ഷിയെ കുറിച്ചാണോ? എന്താണ് വസ്‌തുത എന്ന് അറിയാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •