സ്കൂളിൽ വിദ്ധ്യാർഥികൾ മൊബൈൽ ഉപയോഗിച്ചതിന് ഇങ്ങനെ ശിക്ഷ നൽകിയത് മലേഷ്യയിലാണോ…?

അന്തർദേശിയ൦

വിവരണം 

ബാല്ലത്ത ജാതി  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 2 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഒരു വിദേശ രാജ്യത്ത് ഒരു മേശയുടെ മുകളിൽ കുറെ മൊബൈൽ ഫോണുകൾ നിരത്തിവച്ചശേഷം ഒരാൾ ചുറ്റിക പോലുള്ള ഒരു ഉപകരണം ഉപയോഗിച്ച് അവ തകർക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ പ്രധാനമായും കാണുന്നത്. ഏതാനുംപേർ മേശയ്ക്ക് അരികിൽ നിൽക്കുന്നുണ്ട്. കുറച്ചകലെയായി യൂണിഫോമിട്ട വിദ്യാർത്ഥികൾ എന്ന് തോന്നുന്ന സംഘം നിരനിരയായി ഇരിക്കുന്നതും വീഡിയോയിൽ കാണാം. സ്ഥലം കണ്ടിട്ട് സ്‌കൂൾ അങ്കണമാണെന്ന് തോന്നുന്നു.

archived linkFB  post

ഈ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത് ഇങ്ങനെയാണ് : “മലേഷ്യയിലെ ഒരു സ്കൂളിൽ വിദ്ധ്യാർഥികൾ??? മൊബൈൽ കൊണ്ട് വന്നപ്പോൾ അവർക്ക് കൊടുത്ത ശിക്ഷ കണ്ട് നോക്കൂ ?”

മലേഷ്യയിൽ സ്കൂൾ വിദ്യാർത്ഥികൾ സ്‌കൂളിൽ മൊബൈൽ കൊണ്ടുവന്നതിനുള്ള ശിക്ഷയാണിത് എന്നാണ്  പോസ്റ്റിൽ അവകാശപ്പെടുന്നത്. മലേഷ്യയിലെ ഏതു സ്കൂളിലാണ് ഈ സംഭവം അരങ്ങേറിയത്..? ഇവർ സ്‌കൂൾ അധികൃതരാണോ..? നമുക്ക് അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം 

ഞങ്ങൾ invid എന്ന ടൂൾ ഉപയോഗിച്ച് വീഡിയോയുടെ വിവിധ കീ ഫ്രയിമുകൾ വേർതിരിച്ച ശേഷം ഈ ഫ്രയിമുകളിൽ  പ്രസക്തമായ ചിലത് തെരഞ്ഞെടുത്ത് yandex ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു. ഈ വീഡിയോയുമായി ബന്ധപ്പെട്ട്  നിരവധി വെബ്‌സൈറ്റുകൾ വാർത്തകളും അഭിപ്രായങ്ങളും നൽകിയിട്ടുണ്ട്. ഫേസ്‌ബുക്ക് ട്വിറ്റർ , ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലായ വീഡിയോ ആണിതെന്നും അന്വേഷണത്തിൽ കാണാൻ സാധിക്കുന്നു. 

ഞങ്ങൾ ചില വെബ് സൈറ്റുകൾ  പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വായിച്ചു നോക്കി. detik എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വാർത്തയുടെ പരിഭാഷ താഴെ കൊടുക്കുന്നു. 

“ചുറ്റിക ഉപയോഗിച്ച് കുട്ടികളുടെ മൊബൈൽ ഫോണുകൾ നശിപ്പിച്ച സംഭവം : ഗ്യാബറിലേ ബോർഡിങ് സ്‌കൂൾ അധികൃതർ വിശദീകരണം നൽകി. 

ജക്കാർത : അടുത്ത കാലത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ വീഡിയോയിലുള്ള സ്‌കൂൾ അധികൃതർ വിദ്യാർത്ഥികളുടെ മൊബൈൽ ഫോണുകൾ തകർക്കുന്ന സംഭവത്തെ പറ്റി സ്‌കൂൾ അധികൃതർ വിശദീകരണം നൽകി. ഇൻഡോനേഷ്യയിലെ പോണോരോഗോയിലെ ഗ്യാബറിൽ സ്ഥിതി ചെയ്യുന്ന വാലി സോംഗോ ഇസ്‌ലാമിക് ബോർഡിങ് സ്‌കൂളിൽ നിന്നുള്ളതാണ് വീഡിയോ. 

നശിപ്പിക്കുന്ന മൊബൈൽ ഫോണുകൾ ‘സാൻട്രി’ കുട്ടികളുടേതാണ്. മുസ്ലീങ്ങളിലെ ഏറ്റവും കടുത്ത യാഥാസ്ഥിതിക വിഭാഗമായ  സാൻട്രികൾ ഇൻഡോനേഷ്യയിലെ ഒരു ദ്വീപായ ജാവയിലാണ് കൂടുതലായും ഉള്ളത്. ഏകദേശം 100 മില്യൺ സാൻട്രികളാണ് അവിടെയുള്ളതെന്ന് വിക്കിപീഡിയ അറിയിക്കുന്നു. ജാവയിൽ തന്നെയുള്ള അബാംഗൻ എന്ന വിഭാഗം സാൻട്രികൾക്ക് നേരെ വിപരീതമാണ്. അവർ യാതൊരു വിധ യാഥാസ്ഥിതികത്വവും പിന്തുടരുന്നില്ല.

കിഴക്കൻ ജാവയിലാണ് പ്രസ്തുത സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 

“രഹസ്യമായി മൊബൈൽ ഫോണുകൾ കൊണ്ടുവന്ന് നിയമലംഘനം നടത്തിയ സാൻട്രികളുടെ ഫോണുകളാണ് പിടിച്ചെടുത്തതും നശിപ്പിച്ചതും. ബോർഡിങ് സ്‌കൂളിൽ പിന്തുടരുന്ന അച്ചടക്കത്തിനെയും വിദ്യാഭ്യാസ രീതിയെയും തടസ്സപ്പെടുത്താൻ നോക്കിയതിനാണ് നടപടി ” എന്ന് പബ്ലിക്ക് റിലേഷൻസ് ഓഫീസർ വിശദീകരിച്ചു. 

പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ കുട്ടികളുടെ മുമ്പിൽ വച്ചുതന്നെ നശിപ്പിച്ചത് അവരെ ബോധവൽക്കരിക്കാനാണ്. ഭൗതികമായി യാതൊരു പ്രയോജനവും ഇവമൂലം കുട്ടികൾക്ക് ലഭിക്കില്ല എന്ന അവബോധം കുട്ടികളിൽ സൃഷ്ടിക്കുകയായിരുന്നു ലക്‌ഷ്യം: പ്രിൻസിപ്പാൾ അറിയിച്ചു. “

archived linkdetik
archived linkpanrita
archived linkkominfo
archived linkbrilio
archived linktoday.line
archived linkkeepo
archived linksuar.grid

ഈ സംഭവം ഇൻഡോനേഷ്യയിലെ ജാവയിലുള്ള പോണോരോഗോ പ്രവിശ്യയിലെ ഗ്യാബർ നഗരത്തിലുള്ള ഇസ്‌ലാമിക് ബോർഡിങ് സ്‌കൂളിലാണ് നടന്നത്. മലേഷ്യയിലല്ല. മൊബൈല്‍ ഫോണുകളുടെ കാര്യത്തില്‍ സ്കൂളില്‍ കര്‍ശന നിയമം ഉണ്ടായിരുന്നു. നിയമ ലംഘനത്തിനാണ് ശിക്ഷ നല്‍കിയതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞിട്ടുണ്ട്. കടുത്ത യാഥാസ്ഥിതികത്വ സമ്പ്രദായം പിന്തുടരുന്ന മുസ്‌ലിം വിഭാഗമായ സാൻട്രി കുടുംബങ്ങളിലെ കുട്ടികളുടേതാണ് പിടിച്ചെടുത്തു നശിപ്പിച്ച ഫോണുകൾ.

നിഗമനം 

ഈ പോസ്റ്റിലെ വീഡിയോയിൽ നൽകിയിരിക്കുന്ന ദൃശ്യങ്ങൾ ഇൻഡോനേഷ്യയിലെ സ്‌കൂളിൽ നിന്നുമുള്ളതാണ്. മലേഷ്യയിലെ സ്‌കൂളിൽ നിന്നുമുള്ളതല്ല. മതപരമായി യാഥാസ്ഥിതികത്വം പുലർത്തുന്ന വിഭാഗത്തിൽ പെട്ട ബോർഡിങ് കുട്ടികൾ സ്‌കൂൾ നിയമത്തിനെതിരായി കൈയ്യിൽ കരുതിയ മൊബൈൽ ഫോണുകളാണ് സ്‌കൂൾ അധികൃതർ നശിപ്പിച്ചത്. സ്‌കൂൾ അധികൃതർ ഇതിനു വിശദീകരണം നൽകിയിരുന്നു. അതിനാൽ പോസ്റ്റിലെ വിവരണം വസ്തുതാ വിരുദ്ധമാണ്. ചട്ടലംഘനത്തിന്റെ പേരില്‍ മാതൃകാപരമായി  ഫോണുകൾ നശിപ്പിക്കുകയായിരുന്നു. യഥാർത്ഥ വസ്തുതയല്ല പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നതെന്ന് വായനക്കാരെ അറിയിക്കുന്നു.

Avatar

Title:സ്കൂളിൽ വിദ്ധ്യാർഥികൾ മൊബൈൽ ഉപയോഗിച്ചതിന് ഇങ്ങനെ ശിക്ഷ നൽകിയത് മലേഷ്യയിലാണോ…?

Fact Check By: Vasuki S 

Result: Mixture

  •  
  •  
  •  
  •  
  •  
  •  
  •  
  •