FACT CHECK: വീഡിയോ വെല്ലൂരിൽ നിന്ന് മോഷ്ടിച്ച സ്വർണം പിടികൂടിയതിന്‍റെതാണ്; തിരുപ്പതി ബാലാജി ക്ഷേത്ര ട്രസ്റ്റിയുടെ വീട്ടിൽ നടന്ന റെയ്ഡുമായി യാതൊരു ബന്ധവുമില്ല…

സാമൂഹികം

റെയിഡില്‍ പിടിച്ചെടുത്തതാണ് എന്ന അവകാശവാദത്തോടെ, സ്വർണ്ണാഭരണ ശാലയിലെ പോലെ ആഭരണങ്ങൾ ടേബിളിനു മുകളിൽ നിരത്തി വച്ചിരിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

 ഈ ആഭരണങ്ങൾ റെയ്ഡിനിടെ തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിയുടെ പക്കല്‍ നിന്നും ലഭിച്ചതാണ് എന്ന് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “ഭക്തർ തങ്ങളുടെ കാര്യപ്രാപ്തിക്കും ദൈവപ്രീതിക്കായും വാരിക്കോരി ദൈവങ്ങൾക്കു കൊടുക്കുന്നതാണ് ഇത്.. തിരുപ്പതിയെ സേവിക്കുന്ന 16 പൂജാരിമാരിൽ ഒരു പൂജാരിയുടെ വീട്ടിൽ ആധായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയപ്പോൾ ലഭിച്ച പണവും സ്വർണ്ണാഭരണങ്ങളും വജ്രങ്ങളും എത്രയെന്ന് അറിയാമോ ???

128 കിലോ സ്വർണം,

150 കോടി പണം,

70 കോടി വജ്രം…

അപ്പോൾ മറ്റ് 15 വൈദികരുടെ വീട്ടിൽ എത്ര കിട്ടും?

എത്ര അടിച്ചുമാറ്റിയിട്ടുണ്ടാവും…?

🙄🙄🙄”

archived linkFB post

ഇത് തെറ്റായ പ്രചരണമാണെന്നും ജോയ് ആലുക്കാസ് വെല്ലൂര്‍ ഷോറൂമില്‍ സ്വര്‍ണ്ണ കവര്‍ച്ച നടന്ന ശേഷം പ്രതിയില്‍ നിന്നും കണ്ടെത്തിയ സ്വര്‍ണ്ണാഭരണങ്ങളുടെ ദൃശ്യങ്ങളാണ് വീഡിയോയിലേതെന്നും ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ വിവിധ കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം അതിലൊന്നിന്‍റെ റിവേഴ്സ് ഇമേജ് ന്വേഷണം നാദത്തി നോക്കിയപ്പോള്‍ വീഡിയോയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിച്ചു. യൂട്യൂബിൽ കീവേഡ് സെർച്ച് ചെയ്ത് ഈ വീഡിയോ കണ്ടെത്താനും ഞങ്ങൾക്കു സാധിച്ചു. തമിഴ് ഗലാറ്റ എന്ന ചാനലിൽ പോലീസ് പത്രസമ്മേളനത്തിന്‍റെ വീഡിയോ ഞങ്ങൾ കണ്ടെത്തി.

വാര്‍ത്തയിലെ വിവരണമനുസരിച്ച് തമിഴ്‌നാട് വെല്ലൂർ പോലീസ് മോഷ്ടിച്ച 15 കിലോ സ്വർണം കണ്ടെടുത്തു. ഈ നടപടിയെ കുറിച്ച് അറിയിക്കാൻ പൊലീസ് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.

വീഡിയോയ്‌ക്കൊപ്പം നൽകിയ വിവരങ്ങളിൽ, “ജോയ്‌ ആലുക്കാസ്” എന്ന് എഴുതിയിരിക്കുന്നതായി ഞങ്ങൾ കണ്ടെത്തി. ഗൂഗിളിൽ കീവേഡ് സെർച്ച് ചെയ്തപ്പോൾ വെല്ലൂരിൽ ജോയ് ആലുക്കാസ് ജ്വല്ലറി എന്ന പേരിൽ ഒരു വലിയ ജ്വല്ലറി ഷോറൂം ഉണ്ടെന്ന് മനസ്സിലായി.

വികടൻ ടിവി എന്ന യുട്യൂബ് ചാനലിൽ ഡിസംബർ 23 ന് സംപ്രേഷണം ചെയ്ത ഒരു റിപ്പോർട്ട് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ഡിസംബർ 15 ന് വെല്ലൂരിലെ ഒരു ജ്വല്ലറി ഷോറൂമിൽ നിന്ന് 8 കോടി വിലമതിക്കുന്ന 15.9 കിലോ സ്വർണവും വജ്രവും മോഷ്ടിച്ചുവെന്നാണ് വാര്‍ത്ത.

ഈ കേസിൽ ഡിസംബർ 20ന് ഒടുക്കത്തൂർ എന്ന സ്ഥലത്ത് നിന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ യൂട്യൂബ് കണ്ട് മോഷണം നടത്തിയെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

ഇതിന് ശേഷം ഞങ്ങള്‍ വെല്ലൂരിലെ ഡി.ഐ.ജി. എ.ജി. ബാബുവുമായി ബന്ധപ്പെട്ടു.  അദ്ദേഹം ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്:  “ഈ വീഡിയോ വെല്ലൂരിൽ അടുത്തിടെ നടന്ന സ്വർണ മോഷണവുമായി ബന്ധപ്പെട്ടതാണ്. ജെ. ശേഖർ റെഡ്ഡിയുമായി ഒരു ബന്ധവുമില്ല.”

ജെ. ശേഖർ റെഡ്ഡിയുടെ വീട്ടിൽ മുമ്പ് റയിഡ് നടന്നിരുന്നു. 2016 ൽ അന്നത്തെ തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡ് അംഗവും വ്യവസായിയുമായ ജെ. ശേഖർ സ്ഥലത്ത് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റെഡ്ഡിയുടെ ചെന്നൈയിലെയും വെല്ലൂരിലെയും വസതിയിൽ നിന്നും ഓഫീസിൽ നിന്നും 127 കിലോ സ്വർണവും 170 കോടി രൂപയും ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു.

ഈ കേസിൽ 2018-ൽ സി.ബി.ഐയും  2019-ൽ ആദായനികുതി വകുപ്പും അദ്ദേഹത്തിന്‍റെ സ്ഥാപനമായ എസ്ആർഎസ് മൈനിംഗ്, മണൽ വിറ്റ വരുമാനത്തില്‍ നിന്നാണ് കണ്ടുകെട്ടിയ പണം ലഭിച്ചതെന്നുള്ള നിഗമനത്തില്‍ എത്തി. ശേഖര്‍ റെഡ്ഡിക്കെതിരെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് 2020-ൽ സിബിഐ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്ടിലെ കാട്‌പാഡിയിലെ തൊണ്ടൻ തുളസി ഗ്രാമത്തിൽ നിന്നുള്ളയാളാണ് ജെ.ശേഖർ റെഡ്ഡി. 15 വർഷം മുൻപാണ് വെല്ലൂരിൽ ചെറുകിട കരാർ ജോലികൾ ചെയ്ത് തുടങ്ങിയത്.

ഈ ഫാക്ട് ചെക്ക് ഞങ്ങളുടെ ഹിന്ദി, തമിഴ്, ഗുജറാത്തി ടീം ഇതിന് മുമ്പ് ചെയ്തിട്ടുണ്ട്. 

നിഗമനം

വൈറലായ വീഡിയോയ്‌ക്കൊപ്പം നടത്തിയ അവകാശവാദം തെറ്റാണ്.  തമിഴ്‌നാട്ടിലെ വെല്ലൂരില്‍ സ്വർണ ആഭരണ ശാലയില്‍ മോഷണം നടത്തിയ പ്രതിയിൽ നിന്ന് കണ്ടെടുത്ത സ്വർണമാണ് ഈ വീഡിയോയിൽ കാണുന്നത്. ഈ വീഡിയോയ്ക്ക്  ജെ. ശേഖർ റെഡ്ഡിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വീഡിയോ വെല്ലൂരിൽ നിന്ന് മോഷ്ടിച്ച സ്വർണം പിടികൂടിയതിന്‍റെതാണ്; തിരുപ്പതി ബാലാജി ക്ഷേത്ര ട്രസ്റ്റിയുടെ വീട്ടിൽ നടന്ന റെയ്ഡുമായി യാതൊരു ബന്ധവുമില്ല…

Fact Check By: Vasuki S 

Result: False