പാകിസ്താനില്‍ ഹിന്ദുക്കളുടെ നേര്‍ക്കുള്ള വര്‍ഗീയ ആക്രമണ ദൃശ്യങ്ങള്‍: യാഥാര്‍ഥ്യം ഇങ്ങനെ…

അന്തര്‍ദേശിയ൦

പാകിസ്താനില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമായ മുസ്ലിങ്ങളുടെ അടുത്തു നിന്നും പലയിടത്തും അക്രമണങ്ങള്‍ നേരിടേണ്ടി വരുന്നുവെന്ന് ആരോപിച്ച് ഇടയ്ക്കു വാര്‍ത്തകള്‍ വരാറുണ്ട്. സമാന അവകാശവാദവുമായി ഒരു വീഡിയോ ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. 

പ്രചരണം 

വീഡിയോ ദൃശ്യങ്ങളില്‍ ഒരാള്‍ സ്ത്രീയെ തലമുടിയിലും വസ്ത്രത്തിലും കൂട്ടിപിടിച്ചു വഴിയിലൂടെ വലിച്ചിഴയ്ക്കുന്നത് കാണാം. പിന്നീട് ചിലര്‍ ചേര്‍ന്ന് അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നതും കാണാം. പാകിസ്താനില്‍ ഹിന്ദുക്കളുടെ നേര്‍ക്ക് നടത്തുന്ന ക്രൂരതയുടെ ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് വീഡിയോയ്ക്ക് നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: 

FB postarchived link

എന്നാല്‍ ഞങ്ങള്‍ വീഡിയോയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഈ സംഭവത്തിന് വര്‍ഗീയമായ തലങ്ങളില്ലെന്ന് വ്യക്തമായി.

വസ്തുത ഇതാണ് 

വീഡിയോ കീ ഫ്രേമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ദൃശ്യങ്ങള്‍ സംബന്ധിച്ച് പാക് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ലഭിച്ചു. 

സംഭവം നടന്നത് പാകിസ്ഥാനിലെ 2022 ജനുവരി എട്ടിന് പാകിസ്താനിലെ സിയാൽകോട്ടിലാണ്. റിപ്പോര്‍ട്ട് പ്രകാരം രണ്ട് കുടുംബങ്ങൾ തമ്മിൽ 13 വർഷമായി തുടരുന്ന സ്ഥലതർക്കമാണ് ആക്രമണത്തിന് കാരണം. Dawn എന്ന പാക് മാധ്യമ റിപ്പോര്‍ട്ട് അനുസരിച്ച് മുനവർ കൻവൽ എന്ന സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. അയല്‍ക്കാരിയായ നസ്രീന്‍ ബീവിയും ബന്ധുക്കളും ചേർന്നാണ് മുനവറിനെ അക്രമിച്ചത്. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായപ്പോള്‍ പഞ്ചാബ് മുഖ്യമന്തി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചാബ് ഐ.ജി. റാവു സർദാർ അലി ഖാന്‍ ഉത്തരവിട്ടതിനു പിന്നാലെ സിയാൽകോട്ട് പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇരയായ മുനവര്‍ പിന്നീട് പരാതി നല്‍കിയതിന്‍റെ ഫലമായി 15 പേർക്കെതിരെ കേസെടുക്കുകയും 9 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പാകിസ്ഥാനിലെ ഉര്‍ദു മാധ്യമം എഫ്‌ഐ‌ആര്‍ ഉള്‍പ്പെടുത്തി ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്രമിച്ചവരും ഇരയും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവര്‍ തന്നെയാണെന്ന് ഇര വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.  

കൂടാതെ പഞ്ചാബ് പോലീസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ സംഭവത്തെ കുറിച്ചും പ്രതികളെ അറസ്റ്റ് ചെയ്തതിനെ കുറിച്ചും സന്ദേശം നല്കിയിട്ടുണ്ട്. 

പാക് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ ഒന്നില്‍ പോലും സംഭവത്തിന് വര്‍ഗീയ മാനങ്ങള്‍ ഉണ്ടെന്ന് പറയുന്നില്ല. പോലീസ് റിപ്പോര്‍ട്ടിലും വര്‍ഗീയ തലങ്ങള്‍ നല്‍കിയിട്ടില്ല. പാകിസ്ഥാനിൽ സ്ത്രീ ആക്രമിക്കപ്പെട്ട വൈറൽ ദൃശ്യങ്ങൾക്ക് വർഗീയ തലങ്ങൾ ഒന്നും ഇല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പാക്കിസ്ഥാനില്‍ സ്ത്രീ ആക്രമിക്കപ്പെട്ട സംഭവം രണ്ടു വീട്ടുകാർ തമ്മിലുള്ള അതിർത്തി തർക്കത്തെ തുടർന്നുണ്ടായ വഴക്കിൽ നിന്നുമാണ്. ഈ സംഭവത്തിന് ഹിന്ദു മുസ്ലിം വർഗീയ തലങ്ങളില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പാകിസ്താനില്‍ ഹിന്ദുക്കളുടെ നേര്‍ക്കുള്ള വര്‍ഗീയ ആക്രമണ ദൃശ്യങ്ങള്‍: യാഥാര്‍ഥ്യം ഇങ്ങനെ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.