പാലായില്‍ ബസില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പിടിച്ചു കൊണ്ട്പോയ സ്ത്രി കൊറോണ പോസിറ്റീവ് അല്ല; സത്യാവസ്ഥ അറിയൂ…

ആരോഗ്യം

പാലായില്‍ ബസ്സില്‍ നിന്ന് ഒരു സ്ത്രിയെ ആരോഗ്യ പ്രവര്‍ത്തകരും പോലീസുകാരും പിടിച്ചു ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. വീഡിയോയ്ക്കൊപ്പമുള്ള വിവര പ്രകാരം ഈ സ്ത്രി കൊറോണ പോസിറ്റീവ് സ്ഥിരികരിച്ച ഒരു സ്ത്രിയാണ് എന്നിട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ചെന്നപ്പോള്‍ ഈ സ്ത്രി ഒരു ബസ്സില്‍ കയറി. പിന്നിട് ബസ്സില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരും ഇവരെ ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോയി. ഈ ശ്രമത്തിന്‍റെ ഇടയില്‍ ഈ സ്ത്രി ആരോഗ്യപ്രവര്‍ത്തകരെ മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഞങ്ങള്‍ ഈ വൈറല്‍ വീഡിയോയുടെ വസ്തുത പരിശോധിച്ചപ്പോള്‍ ഈ സ്ത്രിക്ക് കോവിഡ്‌-19 രോഗം സ്ഥിരീകരിച്ചിട്ടില്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന്‍ അറിയാം.

പ്രചരണം

FacebookArchived Link

പോസ്റ്റുകളില്‍ നല്‍കിയിരിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: “പാലായിൽ കോറന്റൈനിൽ ഇരുന്ന സ്ത്രീയുടെ സ്രവം പരിശോധിച്ചപ്പോൾ പോസിറ്റീവ് ആയിരുന്നു, അവരെ ആശുപത്രിയിൽ എത്തിക്കാൻ ആരോഗ്യ പ്രവർത്തകർ വീട്ടിൽ എത്തിയപ്പോൾ അവർ വീട്ടിലില്ല, അന്വേഷണം നടത്തിയപ്പോൾ ഒരു ബസിൽ കണ്ടെത്തി, ബസിൽ നിന്ന് ഇറക്കി ആംബുലൻസിൽ കയറ്റുന്ന രംഗം കാണുക, ആ നേഴ്സിന്റെ മുഖത്തു സ്ത്രീ അടിക്കുന്നതും കാണാം, ആ ബസിൽ വന്ന മുഴുവൻ യാത്രക്കാരോടും സ്റ്റാഫിനോടും കോറിന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിക്കുകയും ചെയ്തു.”

വസ്തുത അന്വേഷണം

ഞങ്ങളുടെ വാട്ട്സാപ്പ് ഫാക്റ്റ് ലൈന്‍ നമ്പര്‍ 9049053770ലേക്ക് ഞങ്ങളുടെ ഒരു വായനക്കാരന്‍ ഒരു ഡോക്ടറുമായുള്ള ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ട് അയച്ചിരുന്നു. ഇതില്‍ ഈ സംഭവം തെറ്റായ രിതിയിലാണ് പ്രചരിക്കുന്നത്, സ്ത്രി ആസാം സ്വദേശിയാണ് എന്നിട്ട് അവര്‍ക്ക് കൊറോണ സ്ഥിരികരിച്ചിട്ടില്ല എന്ന് ഈ സന്ദേശത്തില്‍ സുചിപ്പിക്കുന്നു.

വാർത്തയുടെ കൂടുതൽ വിശദാംശങ്ങൾക്കായി ഞങ്ങൾ കോട്ടയം കൊറോണ കൺട്രോൾ സെല്ലുമായി ബന്ധപ്പെട്ടു. അവിടെ  നിന്നും പാലാ ഹെൽത് ഇൻസ്‌പെക്ടർ അശോക് കുമാറിന്റെ നമ്പർ ലഭിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “ആ സ്ത്രീ അന്യ സംസ്ഥാനക്കാരിയാണ്. അസ്സാമാണ് സ്വദേശമെന്നു കരുതുന്നു. മാനസിക രോഗത്തിന് ചികിത്സയിലിരിക്കേ ആശുപതിയിൽ നിന്നും കടന്നു കളഞ്ഞതാണ്. ഇവർക്ക് കോവിഡ് ഇല്ല. മറ്റ് ആരോഗ്യ പ്രശ്നങ്ങളുമില്ല. ബസ്റ്റാന്റിലെത്തിയ ഇവരെ ബലംപ്രയോഗിച്ച്  തിരികെ മെഡിക്കൽ കോളേജിൽ എത്തിച്ചു. അവിടെ നിന്നും വിതുരയിലെ ആശുപതിയിലേയ്ക്ക് മാറ്റുമെന്നാണ് ഒടുവിൽ കിട്ടിയ വിവരം. ഇവർ കോവിഡ് രോഗിയാണെന്നത് വെറും വ്യാജ പ്രചരണമാണ്.”

നിഗമനം

വൈറല്‍ വീഡിയോയില്‍ പാലായില്‍ ബസ്സില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പിടിച്ചു കൊണ്ടുപോകുന്ന സ്ത്രി കോവിഡ്‌ രോഗിയല്ല. അന്യ സംസ്ഥാന കാരിയായ ഈ സ്ത്രി മാനസിക രോഗത്തിനു ചികിത്സയില്‍ കഴിയുകയായിരുന്നു. ചികിത്സയുടെ ഇടയില്‍ ആശുപത്രിയില്‍ നിന്ന് കടന്നു കളഞ്ഞതാണ്. ഈ സ്ത്രിയെ പിടിച്ച് തിരിച്ച് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായുള്ള   ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമമാണ് നാം ദൃശ്യങ്ങളില്‍ കാണുന്നത്.

Avatar

Title:പാലായില്‍ ബസില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പിടിച്ചു കൊണ്ട്പോയ സ്ത്രി കൊറോണ പോസിറ്റീവ് അല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •