വിദേശി റോഡിലെ വെള്ളക്കെട്ടില്‍ നീന്തുന്ന ദൃശ്യങ്ങള്‍ 2014 ലേതാണ്…

കൌതുകം രാഷ്ട്രീയം

കാലവർഷമെന്നോ തുലാവർഷമെന്നോ ഭേദമില്ലാതെ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിന്‍റെ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കാറുണ്ട്. മഴയത്ത് റോഡിലുണ്ടായ വെള്ളക്കെട്ടിൽ ഒരു വിദേശ പൗരൻ നീന്തി നടക്കുന്ന കൗതുകകരമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.  

പ്രചരണം

റോഡിലുണ്ടായ വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസിയുടെ ബസ്സുകളും ഓട്ടോറിക്ഷകളും ഓടിച്ചു പോകുന്നതും അതിനിടയിലൂടെ ഒരു വിദേശ പൗരൻ നീന്തി രസിക്കുന്നതുമായ ദൃശ്യങ്ങളാണ് കാണുന്നത്. കേരളത്തിൽ ഈയിടെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് എന്ന് സൂചിപ്പിച്ച് പോസ്റ്റിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു നിലവിലെ നമ്പർ വൺ കേരളത്തിൽ 😊👇

FB postarchived link

ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ വർഷങ്ങൾ പഴയ വീഡിയോ ഇപ്പോഴത്തേത് എന്ന മട്ടിൽ പ്രചരിപ്പിക്കുകയാണ് എന്ന് വ്യക്തമായി 

വസ്തുത ഇങ്ങനെ

ഞങ്ങൾ  വീഡിയോയിൽ നിന്നുമുള്ള കീ ഫ്രെയിമിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ വീഡിയോ 2014 മുതല്‍ പ്രചരിക്കുന്നതാണെന്ന് വ്യക്തമാക്കുന്ന സൂചനകൾ ലഭിച്ചു. 

2014 ഓഗസ്റ്റ് ആലപ്പുഴ-ചങ്ങനാശേരി റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ ഇസ്രായേലിൽ നിന്നുള്ള നോം ഓഫ്രി ആണ് റോഡിൽ നീന്തി രസിക്കുന്നത്. മനോരമയിൽ ഫോട്ടോഗ്രാഫർ ആയിരുന്ന ജാക്സൺ ആറാട്ടുകുളം ഒഫ്രിയുടെ ചിത്രം പകർത്തിയിരുന്നു. ഈ ചിത്രം ലോകത്ത് പലയിടത്തും സാമൂഹ്യമാധ്യമങ്ങൾ അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ വൈറൽ ആവുകയും ചെയ്തിരുന്നു. 

ഞങ്ങൾ ചിത്രം പകർത്തിയ ജാക്സൺ ആറാട്ടുകുളവുമായി സംസാരിച്ചു.  അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “ഈ വിദേശി ഒരു ഇസ്രായേൽ പൗരനായ നോം ഓഫ്രിയാണ്. ഹീബ്രുഭാഷയില്‍ മാത്രമേ അദ്ദേഹത്തിന് സംസാരിക്കാൻ അറിയുമായിരുന്നുള്ളൂ. ചിത്രം പകർത്തിയത് പത്രത്തിൽ വന്നപ്പോൾ ഇത് യഥാർത്ഥത്തിൽ നടന്ന സംഭവമല്ല എന്നമട്ടിൽ പലരും വിമർശനമുന്നയിച്ചു. തുടർന്ന് ഓഫ്റിയുടെ ആളുകൾ തന്നെ പകർത്തിയ ദൃശ്യങ്ങള്‍  സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ആ വീഡിയോ ആണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.  ഇത് 2014 നടന്ന സംഭവമാണ് ഇപ്പോഴത്തെതല്ല. ഒരു കൗതുക കാഴ്ച എന്ന നിലയിൽ പലരും ഇത് അന്ന് പങ്കുവെച്ചിരുന്നു.”

2014 ഓഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിച്ച മനോരമ പത്രത്തിൽ ഈ ചിത്രം ഒന്നാംപേജിൽ തന്നെ നൽകിയിരുന്നു: 

2014 ല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു: 

കൂടാതെ പലരും 2014 ഓഗസ്റ്റില്‍ യൂട്യൂബിലും മറ്റും ‘വിദേശി കേരളത്തിലെ റോഡിൽ നീന്തുന്നു’ എന്ന അടിക്കുറിപ്പോടെ വീഡിയോ  പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് സമുദ്രനിരപ്പിൽ നിന്നും രണ്ടു മീറ്ററിലധികം അധികം താഴെയുള്ള പ്രദേശത്ത് കൂടിയാണ് കടന്നു പോകുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് ഇവിടെ ഓരോ മഴക്കാലത്തും വെള്ളക്കെട്ടുകൾ രൂപപ്പെടും.  ഇതൊരു പുതിയ കാര്യമല്ല അവിടെയാണ് ഓഫ്രി നീന്തി തുടിച്ചത്. മാധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയാക്കിയിരുന്നു

2014 ല്‍ കേരളത്തിൽ എൽഡിഎഫ് സർക്കാർ ആയിരുന്നില്ല ഭരണത്തിൽ ഉണ്ടായിരുന്നത്. സർക്കാരിൻറെ കെടുകാര്യസ്ഥത ചൂണ്ടി കാണിക്കാനാണ് യഥാർത്ഥത്തിൽ വീഡിയോ പ്രചരിപ്പിക്കുന്നത്.  എന്നാല്‍ ഈ സർക്കാരുമായി വീഡിയോയിലെ സംഭവത്തിന് യാതൊരു ബന്ധവുമില്ല.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. 2014 ല്‍ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലുണ്ടായ വെള്ളക്കെട്ടില്‍ ഇസ്രയേൽ സ്വദേശിയായ നോം ഓഫ്രി നീന്തി രസിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോഴത്തെത് എന്നമട്ടിൽ പ്രചരിപ്പിക്കുന്നത്. സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍  സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. പ്രചരിക്കുന്ന ദൃശ്യങ്ങൾ 2014 ല്‍  നിന്നുള്ളതാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വിദേശി റോഡിലെ വെള്ളക്കെട്ടില്‍ നീന്തുന്ന ദൃശ്യങ്ങള്‍ 2014 ലേതാണ്…

Fact Check By: Vasuki S 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •